കോഴിക്കോട് : പിഡബ്ല്യുഡി റസ്റ്റ് ഹൗസുകള്‍ പീപ്പിള്‍ റസ്റ്റ് ഹൗസുകളാക്കി മാറ്റിയതിനു പിന്നാലെ സര്‍ക്കാരിന് ഒരു മാസം ലഭിച്ചത് 27,84,213 രൂപ. പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിട്ട് ഇന്നേക്ക് ഒരു മാസം തികയുമ്പോഴാണ് ഇത്രയും തുക വരുമാനമായി ലഭിച്ചത്.
ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ച നവംമ്പര്‍ ഒന്നു മുതല്‍ 30 വരെ 4604 ബുക്കിംഗ് ആണ് ഉണ്ടായതെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. റസ്റ്റ് ഹൗസില്‍ ഒരു മുറി വേണമെങ്കില്‍ സാധാരണക്കാരന് പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയത്.
ഇതുവഴി റസ്റ്റ് ഹൗസുകള്‍ കൂടുതല്‍ ജനസൗഹൃദമാക്കി മാറ്റുകയെന്നതായിരുന്നു ലക്ഷ്യമിട്ടത്. ഉദ്യോഗസ്ഥര്‍ക്കു നിലവിലുള്ള സൗകര്യം നഷ്ടപ്പെടാതെയാണ് ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കിയത്. സംസ്ഥാനത്തു പൊതുമരാമത്ത് വകുപ്പിനാണ് ഏറ്റവും വലിയ അക്കമെഡേഷന്‍ സൗകര്യം സ്വന്തമായി ഉള്ളത്.
153 റസ്റ്റ് ഹൗസുകളിലായി 1,151 മുറികളാണുള്ളത്. പലതും ഏറ്റവും പ്രാധാന്യമുള്ള സ്ഥലത്തുമാണ് ഉളളത്. ഇവ ജനങ്ങള്‍ക്ക് ഉപയോഗിക്കാനാകുന്ന തരത്തിലേക്കു മന്ത്രി ഇടപെട്ടു മാറ്റുകയായിരുന്നു. ഇതിന്റെ ഭാഗമായി റസ്റ്റ് ഹൗസുകളെ നവീകരിക്കാനുള്ള പദ്ധതിയും തയാറാക്കിയിരുന്നു.
ഇത്രയും കാലം സർക്കാർ ഉദ്യോഗസ്ഥരുടെയും, രാഷ്ട്രീയക്കാരുടെയും തവളമായിരുന്നു റസ്റ്റ് ഹൗസുകൾ. നയാ പൈസ വരുമാനമില്ലാതെ ജീവനക്കാർക്ക് ലക്ഷങ്ങൾ ശമ്പളം നൽകാനുള്ള ഒരു സങ്കേതം മാത്രമായിരുന്നു അത്. ഇനി വേണ്ടത് അവിടങ്ങളിലുള്ള അടിസ്ഥാന സൗകര്യം വർധിപ്പിക്കുക എന്നുള്ളതാണ്.