തിരുവനന്തപുരം:പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാര്‍ മന്ത്രിക്ക് നേരിട്ട് നിവേദനമോ പരാതിയോ നല്കിയാല് കര്‍ശന അച്ചടക്ക നടപടി. നേരിട്ട് പരാതി നല്‍കുന്നത് ചട്ട വിരുദ്ധമാണെന്ന് വ്യക്തമാക്കി പൊതുമരാമത്ത് ഭരണവിഭാഗം ചീഫ് എന്ജനീയര് സര്‍ക്കുലര്‍ ഇറക്കി. നേരിട്ട് നിവേദനവും പരാതിയും നല്‍കുന്നത് കര്‍ശനമായി നിയന്ത്രിക്കണമെന്ന മന്ത്രി ഓഫീസിന്റെ നിര്‍ദ്ദേശം കൂടി കണക്കിലെടുത്താണ് നടപടിയെന്നും ഇതില്‍ വ്യക്തമാക്കുന്നു.
പി.എ.മുഹമ്മദ് റിയാസ് പൊതുമരാമത്ത് മന്ത്രിയായി ചുമതലയേറ്റശേഷം ജീവനക്കാരില്‍ നിന്നും നിരവധി നിവേദനങ്ങളും പരാതികളും ലഭിച്ചിരുന്നു. മേലധികാരികളുടെ പെരുമാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് പരാതികളില്‍ പലപ്പോഴുമുള്ളത്. ഇങ്ങനെ പരാതികളും നിവേദനങ്ങളും നല്‍കുന്നത് ചട്ടവിരുദ്ധമാണെന്ന് പൊതുമരാമത്ത് വകുപ്പിലെ ഭരണവിഭാഗം ചീഫ് എഞ്ചിനീയര്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
ഇങ്ങനെ പരാതി നല്‍കുന്നത് ഉചിതമായ മാര്‍ഗമല്ല. മാത്രമല്ല ഇക്കാര്യം കര്‍ശനമായി നിയന്ത്രിക്കണമെന്ന് പൊതുമാരമത്ത് മന്ത്രിയുടെ ഓഫിസ് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും സര്‍ക്കുലറില്‍ പറയുന്നു.
ഈ സാഹചര്യത്തില്‍ വകുപ്പിലെ എല്ലാ ജീവനക്കാരും അപേക്ഷകളും നിവേദനങ്ങളും മേലധികാരികള്‍ മുഖേന മാത്രമേ സമര്‍പ്പിക്കാന്‍ പാടുള്ളൂവെന്നും കര്‍ശനമായി നിര്‍ദ്ദേശിക്കുന്നു. ഇക്കാര്യം എല്ലാ നിയന്ത്രണ അധികാരികളും ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തണം. ഇതിനു വിരുദ്ധമായി മന്ത്രിക്ക് നേരിട്ട് നിവേദനങ്ങളും പരാതികളും നല്കിയാല് കര്‍ശനമായ അച്ചടക്കനടപടിയെടുക്കുമെന്നുമാണ് സര്‍ക്കുലറിലെ മുന്നറിയിപ്പ്.