ഇടുക്കി: മുല്ലപ്പെരിയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. ഇതോടെ സ്പിൽവേയിലെ അഞ്ച് ഷട്ടറുകൾ കൂടി തുറന്നു. നിലവിൽ ആറ് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. ഇതിലൂടെ 2100 ഘടയടി വെള്ളമാണ് തുറന്നു വിടുന്നത്.
142 അടിയാണ് നിലവിലെ ജലനിരപ്പ്. ജലനിരപ്പ് ഉയർന്നതോടെ തമിഴ്നാട് വീണ്ടും ടണൽ വഴി വെള്ളം കൊണ്ടുപോകാൻ തുടങ്ങി. കഴിഞ്ഞ ദിവസം തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നത് നിർത്തിയിരുന്നു.
അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ ലഭിച്ചതിനെ തുടർന്നാണ് നീരൊഴുക്ക് ശക്തമായത്. അണക്കെട്ടിൽ ജലനിരപ്പ് ഉയർന്ന് നിൽക്കുന്ന സാഹചര്യത്തിൽ പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം നേരത്തെ തന്നെ നൽകിയിരുന്നു.