വിവാദങ്ങള്‍ക്ക് ഇടയില്‍ സിറോ മലബാര്‍ സഭയില്‍ ഇന്നു മുതല്‍ പരിഷ്‌കരിച്ച കുര്‍ബാന ക്രമം നിലവില്‍ വരും. സഭാ ആസ്ഥാനത്ത് കര്‍ദിനാള്‍ മാര്‍ജോര്‍ജ് ആലഞ്ചേരി കുര്‍ബാന അര്‍പ്പിക്കും. എറണാകുളം അങ്കമാലി അതിരൂപതയിലും ഫരീദാബാദ് രൂപതയിലും നിലവിലുള്ള ജനാഭീമുഖ രീതിയിലുള്ള കുര്‍ബാന തുടരാനാണ് സാധ്യത. ഒരു വിഭാഗം വൈദികരുടെയും, വിശ്വാസികളുടെയും കടുത്ത എതിര്‍പ്പിനിടെയാണ് കുര്‍ബാന ഏകീകരണമായി സഭ മുന്നോട്ട് പോകുന്നത്. സിറോ മലബാര്‍ സഭാ സിനഡ് തീരുമാനപ്രകാരമാണ് ഏകീകരണ കുര്‍ബ്ബാന നടപ്പാക്കുന്നത്.
പാലക്കാട്, തൃശൂര്‍, ചങ്ങനാശ്ശേരി, താമരശ്ശേരി അതിരൂപതകളും പരിഷ്‌കരിച്ച കുര്‍ബാനക്രമം നടപ്പാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം, ഇരിങ്ങാലക്കുട രൂപതയില്‍ ജനാഭിമുഖ കുര്‍ബാന തുടരാനാണ് രൂപതാ തീരുമാനം. ബിഷപ്പ് മാര്‍. പോളി കണ്ണൂക്കാടനാണ് തല്‍സ്ഥിതി തുടരാന്‍ അനുമതി നല്‍കിയത്. വൈദിക കൂട്ടായ്മയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. ഉപാധികളില്ലാതെ നിലവിലെ ജനാഭിമുഖ കുര്‍ബാന തുടരാന്‍ ബിഷപ്പ് അനുമതി നല്‍കുകയായിരുന്നു. ഇരിങ്ങാലക്കുട അതിരൂപതയുടെ സര്‍ക്കുലര്‍ വൈദികര്‍ക്ക് നല്‍കുകയും ചെയ്തു. ഇതോടെ ഇരിങ്ങാലക്കുട രൂപതയിലെ കുര്‍ബ്ബാന എകീകരണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരമായി.