കുര്‍ബാന ഏകീകരണവുമായി ബന്ധപ്പെട്ട് തൃശൂര്‍ അതിരൂപത ആസ്ഥാനത്ത് വൈദികരുടെ പ്രതിഷേധം. ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ വൈദികര്‍ തടഞ്ഞുവെച്ചു. കുര്‍ബാന ഏകീകരണം നടപ്പിലാക്കുന്നത് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് വൈദികരുടെ പ്രതിഷേധം. എറണാകുളം, അങ്കമാലി അതിരൂപതയില്‍ പുതുക്കിയ കുര്‍ബാനക്രമം നടപ്പിലാക്കുന്നത് നീട്ടിവെച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു തൃശൂര്‍ അതിരൂപതയിലെ വൈദികര്‍ രംഗത്തെത്തിയത്. എന്നാല്‍ ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വൈദികരുടെ ആവശ്യം അംഗീകരിച്ചില്ല.
ഇതിനെതുടര്‍ന്ന് വൈദികര്‍ ബിഷപ്പിനെ മുറിക്കുളളില്‍ തടഞ്ഞുവെക്കുകയായിരുന്നു. ഏകീകരിച്ച കുര്‍ബാന നാളെ നടപ്പാക്കനിരിക്കെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ഒരുവിഭാഗം വിശ്വാസികള്‍ ബിഷപ്പിന് അനുകൂലമായി അതിരൂപത ആസ്ഥാനത്ത് എത്തിയിരുന്നു.എകീകൃത കുര്‍ബാന ക്രമം നടപ്പാക്കുന്നതില്‍ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ഇളവ് നല്‍കിയെന്ന വാര്‍ത്ത കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിഷേധിച്ചിരുന്നു. ജനാഭിമുഖ കുര്‍ബാന തുടരാന്‍ മാര്‍പ്പാപ്പയുടെ അനുമതി ലഭിച്ചെന്ന് വ്യക്തമാക്കിയിയായിരുന്നു ജനാഭിമുഖ കുര്‍ബാന തുടരാമെന്ന വത്തിക്കാന്‍ നിര്‍ദ്ദേശം ഉള്‍ക്കൊള്ളിച്ചുള്ള സര്‍ക്കുലര്‍ അങ്കമാലി അതിരൂപത പുറത്തിറക്കിയത്.
എന്നാല്‍, നാളെ മുതല്‍ സഭയില്‍ നടപ്പാക്കുന്നതില്‍ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ഒഴിവ് നല്കി എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും ഇത് സംബന്ധിച്ച് പരിശുദ്ധ സിംഹാസനമായ വത്തിക്കാനില്‍ നിന്നും അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും കര്‍ദ്ദിനാള്‍ സര്‍ക്കുലറിലൂടെ അറിയിച്ചു. സിനഡിന്റെ തീരുമാനത്തില്‍ യാതൊരു മാറ്റമില്ലെന്നും തീരുമാനം നാളെ മുതല്‍ നടപ്പാക്കുക തന്നെ ചെയ്യും. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആഹ്വാനത്തിന്റെ അടിസ്ഥാനത്തില്‍ സഭാ സിനഡ് ഏകകണ്ഠമായി എടുത്ത തീരുമാനമാണ് ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണ രീതിയെന്നും കര്‍ദ്ദിനാള്‍ വ്യക്തമാക്കി.