KeralaLead NewsNEWS

രണ്ടര വയസ്സിൽ മരിച്ച അനുജന്റെ ഓർമ്മയിൽ ബിച്ചു തിരുമല എഴുതിയ ആ പാട്ട്

ഇളം മനസിന്റെ നോവ് ബിച്ചുവിനോളം അറിഞ്ഞ കവികൾ വേറെയുണ്ടാവില്ല.ബിച്ചു തിരുമലയ്ക്ക് അന്ന് മൂന്നരവയസ്.അനുജൻ രണ്ടര വയസുകാരൻ ബാലഗോപാലനാണ് പ്രിയ കളിക്കൂട്ടുകാരൻ.പട്ടാഴി മണ്ണടിക്കാവ് ക്ഷേത്രത്തിനടുത്തുള്ള വേടമല എസ്റ്റേറ്റിലായിരുന്നു അന്ന് ബിച്ചുവിന്റെയും കുടുംബത്തിന്റെയും താമസം.ഒരു ദിവസം രാവിലെ ബിച്ചു ഉറക്കമുണർന്നു നോക്കുമ്പോൾ കുഞ്ഞനിയൻ ചുവന്ന പട്ട് പുതച്ചു കിടക്കുകയാണ്.തനിക്ക് അതുപോലൊരു പട്ട് കിട്ടിയില്ലല്ലോ എന്നായിരുന്നു അന്ന് ബിച്ചുവിന്റെ സങ്കടം. ബാലുവിനെ കുഴിയിൽ വച്ച് മണ്ണിട്ട് മൂടിയപ്പോൾ അവൻ മുളച്ചു വരുമെന്ന് കരുതി പ്രതീക്ഷയിൽ ബിച്ചു മാസങ്ങളോളം കാത്തിരുന്നു.

വർഷങ്ങൾക്കു ശേഷം ആലപ്പുഴയിലെ ഒരു ലോഡ്ജിലായിരുന്നു അന്ന് ബിച്ചു തിരുമല. പപ്പയുടെ സ്വന്തം അപ്പൂസിനുവേണ്ടി എഴുതേണ്ട താരാട്ടിന്റെ ഈണം കയ്യിലുണ്ട്. എത്ര ശ്രമിച്ചിട്ടും വരികളൊന്നും ശരിയാകുന്നില്ല.പുലർച്ചെ നാലുമണിയായപ്പോൾ അവിചാരിതമായി മനസിലേക്കെത്തിയ അനുജന്റെ ഓർമകൾ അദ്ദേഹത്തെ വല്ലാതെ നോവിക്കാൻ തുടങ്ങി.ആ വികാരവിക്ഷോഭത്തിൽ പാട്ടിന്റെ വരികൾ മെല്ലെ ഉയിരെടുത്തു.

Signature-ad

‘ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ,

എന്റെ ബാലഗോപാലനെ എണ്ണതേപ്പിക്കുമ്പം പാടെടീ…’

പിഞ്ചുവിരലിൽ നിന്നും പിടിവിട്ടു പറന്നകന്ന ഒരു കുഞ്ഞിളംകിളിക്കു കൊടുത്തുതീർക്കാൻ കഴിയാതെപോയ സ്നേഹമായിരിക്കാം മലയാളത്തിലെ എക്കാലത്തെയും മികച്ച താരാട്ടുപാട്ടുകൾ അദ്ദേഹത്തെക്കൊണ്ട് എഴുതിച്ചത്. കുട്ടിക്കളികൾ പാതിയാക്കി പിരിഞ്ഞുപോയ കുഞ്ഞനിയനോടുള്ള കൂട്ടുചേരാനുള്ള കൊതിയാകാം മലയാളം കണ്ട ഏറ്റവും സുന്ദരമായ കുട്ടിപ്പാട്ടുകളായി ബിച്ചുവിൽ നിന്നു പിറന്നതും.ഇന്നും ഏവരുടേയും ചുണ്ടിൽ തത്തിക്കളിക്കുന്ന ഒരു പാട്ടാണ് ‘ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ…’

Back to top button
error: