KeralaLead NewsNEWS

പെട്രോളിനെക്കാൾ വേഗത്തിൽ കുതിക്കുന്ന തക്കാളി വില

തക്കാളിയുടെ ഇന്നത്തെ വിപണി വില 110 – 120…. അതായത് ഒരു തക്കാളിക്ക് ഏകദേശം പത്തു രൂപ മുതല്‍ പന്ത്രണ്ടു രൂപ വരെ…

അയൽ സംസ്ഥാനങ്ങളിലെ മഴയാണ് തക്കാളിക്ക് ഇത്ര വില ഉയരാൻ കാരണം.തക്കാളിക്കു മാത്രമല്ല മറ്റെല്ലാ പച്ചക്കറികളുടെയും അവസ്ഥ ഇതുതന്നെ.മനസ്സുവച്ചാൽ വീടുകളുടെ മട്ടുപ്പാവിലോ മുറ്റത്തോ നമുക്ക് ആവശ്യമായ പച്ചക്കറികൾ ഉത്പാദിപ്പിക്കാവുന്നതേയുള്ളൂ.

Signature-ad

വീട്ടാവശ്യത്തിനുള്ള പച്ചക്കറികളുടെ നല്ലൊരുഭാഗം മട്ടുപ്പാവിലെ കൃഷിയിലൂടെ വിളയിച്ചെടുക്കാന്‍ സാധിക്കും.
ടെറസ്സില്‍ പച്ചക്കറി വളര്‍ത്തുന്നതിനായി പ്ലാസ്റ്റിക്ചാക്ക്, മണ്‍ചട്ടി, പ്ലാസ്റ്റിക് ചട്ടി, ഗ്രോ ബാഗ് തുടങ്ങിയവയെല്ലാം ഉപയോഗിക്കാം. മേല്‍മണ്ണ്, മണല്‍, ഉണക്കിപ്പൊടിച്ച ചാണകം എന്നിവ തുല്യ അളവില്‍ ചേര്‍ത്ത് നടീല്‍മിശ്രിതം തയ്യാറാക്കാം. ഇത് ചാക്കുകളിലും ചട്ടികളിലും മുക്കാല്‍ഭാഗം വരെ നിറച്ച് പച്ചക്കറി കൃഷിചെയ്യാം. ചകിരിച്ചോറ് കമ്പോസ്റ്റ്, ചെറിയ കഷ്ണങ്ങളാക്കിയ തൊണ്ട് എന്നിവ മണ്ണ്മിശ്രിതത്തില്‍ ചേര്‍ത്താല്‍ ജലാംശം പിടിച്ചുനിര്‍ത്താം. അതോടൊപ്പം നടീല്‍ മാധ്യമത്തിന്റെ ഭാരം കുറയ്ക്കുകയും ചെയ്യാം. ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാണ് പച്ചക്കറികൃഷിക്ക് ഉത്തമം. ടെറസിൽ ഇതാവോളം ലഭിക്കുമെന്നതിനാൽ നല്ല രീതിയിൽ വിളവുകൾ ഉണ്ടാകും.

മുളക്, ചീര, തക്കാളി, വഴുതന തുടങ്ങിയവ തൈകള്‍ പറിച്ചുനട്ടാണ് കൃഷിചെയ്യേണ്ടത്. വിത്ത് പാകിക്കഴിഞ്ഞാല്‍ ആവശ്യത്തിന് നനയ്ക്കണം. നാലില പ്രായമാകുമ്പോള്‍ തൈകള്‍ പറിച്ചുനടാന്‍ പാകമാകും. വൈകുന്നേരമാണ് പറിച്ചുനടീലിന് അനുയോജ്യമായ സമയം. നട്ടശേഷം രണ്ടോ മൂന്നോ ദിവസത്തേക്ക് തണല്‍ ആവശ്യമാണ്.
ടെറസ്സിലെ ഇരുമ്പുവളയങ്ങളില്‍ മുളയോ മടലോ നാട്ടി കയര്‍ വലിച്ചുകെട്ടി, പടര്‍ന്നുവളരുന്ന പച്ചക്കറികളായ പയര്‍, പാവല്‍, പടവലം എന്നിവയ്ക്ക് പന്തലൊരുക്കാം. വെള്ളരി, മത്തന്‍ തുടങ്ങിയ വിളകള്‍ പടര്‍ന്നുവളരാന്‍ ടെറസ്സില്‍ ഓലവിരിച്ചുകൊടുത്താല്‍ മതിയാകും.

ടെറസ്സ്‌കൃഷിയില്‍ രാവിലെയും വൈകിട്ടുമുള്ള ജലസേചനം അനിവാര്യമാണ്. രണ്ട് ദിവസം നനക്കുന്നത് നിര്‍ത്തിയാല്‍ എല്ല ചെടികളും ഉണങ്ങി നശിക്കാനിടയാവും. ഒരു നേരം നനക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തൊട്ടടുത്ത് ലഭ്യമായ നേരത്ത് ധാരാളം വെള്ളം ഒഴിച്ച് ചെടി ഉണങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. വലിയ വില കൊടുക്കാതെ വിഷം ചേരാത്ത പച്ചക്കറികൾ നമുക്ക് ഇങ്ങനെ ഉത്പാദിപ്പിക്കാൻ സാധിക്കും.

Back to top button
error: