ബെംഗളൂരു: ബിനീഷ് കോടിയേരി ലഹരിമരുന്ന് ഇടപാടിനായി നേരിട്ടു പണമിടപാടു നടത്തിയതിനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കഴിഞ്ഞിട്ടില്ലെന്നു കര്‍ണാടക ഹൈക്കോടതി. ഇഡി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞമാസം 28നു ബിനീഷിന് ജാമ്യം അനുവദിച്ചതിന്റെ വിശദമായ ഉത്തരവിലാണു പരാമര്‍ശം.
2020 ഓഗസ്റ്റില്‍ ലഹരിക്കേസില്‍ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്ത കൊച്ചി സ്വദേശി അനൂപ് മുഹമ്മദാണ് ഇഡി കേസിലെ ഒന്നാം പ്രതി. ബിനീഷാണ് തന്റെ ‘ബോസ്’ എന്ന അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണു ബിനീഷിനെതിരെ കേസെടുത്തത്. കേസിലെ നാലാം പ്രതിയായ ബിനീഷ്, അനൂപ് വഴി ലഹരി ഇടപാടിലൂടെ പണം വെളുപ്പിക്കാന്‍ ശ്രമിച്ചു എന്ന ആരോപണം തെളിയിക്കാന്‍ ഇഡി സമര്‍പ്പിച്ച രേഖകള്‍ മതിയാവില്ല. പ്രതി കുറ്റക്കാരനാണോ അല്ലയോ എന്നു വിലയിരുത്തേണ്ട ഘട്ടമല്ല ഇത്. എന്നാല്‍, നിലവില്‍ കോടതി മുന്‍പാകെയുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ ബിനീഷ് ഈ കുറ്റം ചെയ്‌തെന്നു വിശ്വസിക്കേണ്ടതില്ലെന്നും ജാമ്യം അനുവദിച്ചതിനു കാരണമായി ജസ്റ്റിസ് എം.ജി ഉമ വ്യക്തമാക്കുന്നു.
2020 ഒക്ടോബര്‍ 29 ന് അറസ്റ്റിലായ ബിനീഷ് ഒരു കൊല്ലത്തിനു ശേഷം 2021 ഒക്ടോബര്‍ 30നാണ് ജയില്‍മോചിതനായത്.