ഉണ്ണി മുകുന്ദനെ നായകനാക്കി ആദ്യത്തെ തെലുങ്ക് ചിത്രം ഒരുങ്ങുന്നു. യശോദ എന്നാണ് ചിത്രത്തിന്റെ പേര്. ഹരിയും ഹരീഷ് ശങ്കറും ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. സാമന്തയാണ് നായിക. വരലക്ഷ്മി ശരത്കുമാറും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നു. തെലുങ്കിലും തമിഴിലുമായിട്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്. യശോദയുടെ ഷൂട്ടിംഗ് ഡിസംബര്‍ ആദ്യം ഹൈദരാബാദില്‍ തുടങ്ങും.
തെലുങ്ക് ഇന്‍ഡസ്ട്രിക്ക് ഉണ്ണി മുകുന്ദന് ചിരപരിചിതനാണ്. ജനതാഗ്യാരേജിലൂടെയായിരുന്നു തുടക്കം. കൊറത്താല ശിവ സംവിധാനം ചെയ്ത ജനതാഗ്യാരേജില്‍ മോഹന്‍ലാലിന്റെ മകന്റെ വേഷമായിരുന്നു. നെഗറ്റീവ് ടച്ചുള്ള കഥാപാത്രം. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം അശോക് സംവിധാനം ചെയ്ത ഭാഗമതി എന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെ അനുഷ്കഷെട്ടിയുടെ ജോഡിയായും ഉണ്ണി എത്തി. ഇത്തവണ ലൗവര്‍ ബോയ് ഇമേജുള്ള കഥാപാത്രമായിരുന്നു.
ചിത്രീകരണം പൂര്‍ത്തിയായി പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്ന കില്ലാഡിയില്‍ രവിതേജയ്ക്കൊപ്പമാണ് ഉണ്ണി സ്ക്രീന്‍ സ്പെയ്സ് പങ്കിടുന്നത്. ഇതില്‍ ഒരു നിഷ്കളങ്കനായ ഒരു യുവാവിന്റെ വേഷമാണ് ഉണ്ണിക്ക്. അതിന് പിന്നാലെയാണ് ഉണ്ണിയെ നായകനാക്കി തെലുങ്കില്‍ പുതിയ ചിത്രം ഒരുങ്ങുന്നതും. തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ണിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സര്‍വ്വ സ്വീകാര്യതയാണ് അദ്ദേഹത്തെവച്ച് സിനിമ ചെയ്യാന്‍ അവിടുത്തെ നിര്‍മ്മാതാക്കള്‍ മുന്നോട്ട് വരുന്നതും.ശ്രീദേവി മൂവീസാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.