മോദിയ്ക്ക് ‘ഝാൽമുരി‘ നല്കിയ യുവാവിന് വധഭീഷണി; പാകിസ്താൻ, ബംഗ്ലാദേശ് നമ്പറുകളിൽ നിന്ന് കോളുകളെന്ന് പരാതി

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഝാൽമുരി വിറ്റ യുവാവിന് വിദേശ നമ്പറുകളിൽ നിന്ന് വധഭീഷണിയെന്ന് പരാതി. ജാർഗ്രാം സ്വദേശിയായ ബിക്രം സൗവാണ് പാകിസ്താനും ബംഗ്ലാദേശും കേന്ദ്രീകരിച്ചുള്ള നമ്പറുകളിൽ നിന്ന് നിരന്തരം ഭീഷണി കോളുകൾ ലഭിക്കുന്നതായി പോലീസിനെ സമീപിച്ചത്.
ഏപ്രിൽ 19-ന് പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സംഭവം. പൊതുയോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജാർഗ്രാമിലെ ബിക്രം സൗവിന്റെ തട്ടുകടയിൽ എത്തി ബംഗാളിന്റെ ജനപ്രിയ ലഘുഭക്ഷണമായ ഝാൽമുരി വാങ്ങി കഴിച്ചു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ബിക്രം ശ്രദ്ധനേടുകയും ചെയ്തു.
പിന്നീട് വിദേശ സന്ദർശനത്തിനിടെ നെതർലൻഡ്സിൽ നടന്ന ഒരു പരിപാടിയിലും മോദി ഈ സംഭവത്തെ പരാമർശിച്ചിരുന്നു. ഇതോടെയാണ് ബിക്രം സൗ കൂടുതൽ ശ്രദ്ധാകേന്ദ്രമായത്.
എന്നാൽ ഈ അപ്രതീക്ഷിത പ്രശസ്തിക്ക് പിന്നാലെ ഭീഷണികളും തുടങ്ങിയെന്നാണ് ബിക്രത്തിന്റെ ആരോപണം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാകിസ്താനിലെയും ബംഗ്ലാദേശിലെയും നമ്പറുകളിൽ നിന്ന് തുടർച്ചയായി ഫോൺ കോളുകളും വീഡിയോ കോളുകളും ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
“കുടുംബത്തെ മുഴുവൻ ഇല്ലാതാക്കും, ബോംബ് വെച്ച് ആക്രമിക്കും” തുടങ്ങിയ തരത്തിലുള്ള ഭീഷണികളാണ് ലഭിക്കുന്നതെന്നും ബിക്രം പറഞ്ഞു. സംഭവത്തെ തുടർന്ന് കുടുംബം കടുത്ത ഭീതിയിലാണെന്നും പ്രദേശവാസികൾക്കിടയിലും ആശങ്ക ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭീഷണി സന്ദേശങ്ങളെ തുടർന്ന് ബിക്രം സൗ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ജാർഗ്രാം പോലീസ് അന്വേഷണം ആരംഭിച്ചു. അന്താരാഷ്ട്ര നമ്പറുകളിൽ നിന്നുള്ള കോളുകളുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങളും തുടരുകയാണ്.






