Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

ഇന്ത്യയില്‍ ബിജെപിയുടെ ഭരണം ഇനി എത്രകാലം? വിജയുടെ ടിവികെയ്ക്കു ഭരണം ലഭിക്കുമെന്നു പ്രവചിച്ച എക്‌സിറ്റ് പോള്‍ മേധാവി പറയുന്നത്; ഭരണം മോശമായില്ലെങ്കില്‍ രാഹുല്‍ ഗാന്ധിഅടുത്ത കാലത്തൊന്നും പ്രധാനമന്ത്രി ആകില്ല!

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ എക്സിറ്റ് പോളുകളും ഡിഎംകെയ്ക്ക് തുടര്‍ഭരണം പ്രവചിച്ചപ്പോള്‍ വേറിട്ട് നിന്ന ഒരു എക്സിറ്റ് പോളുണ്ടായിരുന്നു. വിജയ്‌യുടെ ടിവികെയ്ക്ക് വിജയം പ്രവചിച്ച ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍. ആ പ്രവചനം പോലെ തന്നെ കന്നിയംഗത്തില്‍ തമിഴ്​നാട്ടില്‍ ടിവികെ തരംഗം ആഞ്ഞടിച്ചു. ഇതോടെ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോളും ശ്രദ്ധേയമായി. ഇപ്പോളിതാ രാജ്യത്ത് ബിജെപി ഭരണം എത്രകാലം കൂടി തുടരും എന്ന് പ്രവചിച്ച് രംഗത്തെത്തിയിരിക്കുകയാണ് അതേ എക്സിറ്റ്പോള്‍.

ആക്സിസ് മൈ ഇന്ത്യ മേധാവിയും തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധനുമായ പ്രദീപ് ഗുപ്തയാണ് തന്‍റെ നിരീക്ഷണവുമായി രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്ത് ബിജെപിയുടെ ആധിപത്യം 20 വർഷം കൂടി തുടരുമെന്നും പ്രകടനം മോശമാകാത്തിടത്തോളം കാലം അവർ വിജയിച്ചുകൊണ്ടിരിക്കുകയും ചെയ്യുമെന്നാണ് പ്രദീപ് ഗുപ്തയുടെ വിലയിരുത്തല്‍. ഒപ്പം പ്രതിപക്ഷം ദുർബലമായിക്കൊണ്ടിരിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറയുന്നു. രാജ്യത്ത് ഒരു കാലത്ത് കോണ്‍ഗ്രസ് തുടര്‍ച്ചയായി ഭരിച്ച കാലത്തിന് സമാനമായി ഇന്ത്യൻ രാഷ്ട്രീയം മറ്റൊരു ഏകകക്ഷി ആധിപത്യത്തിന് സാക്ഷ്യം വഹിക്കുകയാണെന്നാണ് അദ്ദേഹത്തിന്‍റെ വിശകലനം.

Signature-ad

‘നേരത്തെ, 1977 വരെ കോൺഗ്രസ് തുടർച്ചയായി ഭരിച്ചു. അതിനുശേഷം, പാര്‍ട്ടി ബുദ്ധിമുട്ടുകൾ നേരിടാൻ തുടങ്ങി. ഏകദേശം 20 വർഷം നീണ്ടുനിൽക്കുന്ന ഒരു രാഷ്ട്രീയ തലമുറയാണത്. ആ 20 വർഷത്തെ ചക്രം ഇപ്പോഴും നിലനിൽക്കും’– പ്രദീപ് ഗുപ്ത പറഞ്ഞു. ഇത്രയും വലിയ ജനവിധി ലഭിച്ചതിനുശേഷം, ബിജെപിയിൽ നിന്ന് ആളുകള്‍ക്കുള്ള പ്രതീക്ഷകളും വർദ്ധിച്ചിട്ടുണ്ട്. അതിനാൽ ബിജെപിയും എൻഡിഎയും ഇനി മികച്ച പ്രകടനം കാഴ്ചവയ്ക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ആ പ്രകടനം ദുർബലമോ മോശമോ ആകുന്നതുവരെ, അവർ വിജയിച്ചുകൊണ്ടേയിരിക്കും, പ്രതിപക്ഷം തോറ്റുകൊണ്ടേയിരിക്കും’ അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പാരമ്പര്യ പ്രശ്നങ്ങളാണ് കോൺഗ്രസ് പ്രധാനമായി നേരിട്ടതെന്നും അതുകൊണ്ട് തന്നെ പാർട്ടിക്ക് രാഷ്ട്രീയമായി തിരിച്ചുവരവ് നടത്താൻ കൂടുതൽ സമയം വേണ്ടിവരുമെന്നും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. ‘2029 ഓടെ കോൺഗ്രസ് അധികാരത്തിൽ ഇല്ലാതായിട്ട് ഏകദേശം 15 വർഷത്തോളം ആവും. രാജ്യത്തെ മുഴുവൻ ബോധ്യപ്പെടുത്താൻ അവർക്ക് കുറഞ്ഞത് അഞ്ച് വർഷമെങ്കിലും വേണ്ടിവരും’ പ്രദീപ് ഗുപ്തയെ ഉദ്ധരിച്ച് വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, ജനങ്ങളുടെ ഒരു പാര്‍ട്ടി വലിയ ഉയരങ്ങളിലേക്ക് എത്തുമ്പോള്‍ അത് പിന്നീട് താഴേക്ക് വരാനുള്ള പ്രവണതയുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങള്‍ക്ക് ബിജെപിയിൽ നിന്നുള്ള പ്രതീക്ഷകൾ ഉയര്‍ന്ന് നില്‍ക്കുന്ന ഘട്ടത്തിലാണെന്നും അദ്ദേഹം പറയുന്നു.

തമിഴ്നാട് തിരഞ്ഞെടുപ്പ് പ്രവചനം

ആകെ 234 സീറ്റുകളുള്ള തമിഴ്നാട്ടിൽ ടിവികെയ്ക്ക് 98 മുതൽ 120 സീറ്റുകൾ നേടുമെന്നായിരുന്നു ആക്‌സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചിച്ചത്. ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിന് 92- 100 സീറ്റും ബിജെപി നേതൃത്വത്തിലുള്ള എഐഎഡിഎംകെ സഖ്യത്തിന് 22-32 സീറ്റും ലഭിക്കുമെന്നും സർവേ പ്രവചിച്ചിരുന്നു. ഈ സമയം ടിവികെയ്ക്ക് 17 സീറ്റുകൾ വരെ മാത്രമായിരുന്നു ഭൂരിഭാഗം സർവേകളും പ്രവചിച്ചത്. ആക്സിസിന്‍റെ പ്രവചനം പോല 108 സീറ്റുകൾ നേടിയാണ് ടിവികെ തമിഴ്നാട്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായത്. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പ്രദീപ് ഗുപതയുടെ പ്രതികരണവും ശ്രദ്ധേയമായിരുന്നു.

‘ഇത് ഡാറ്റാ സയൻസിന്റെ വിജയമാണ്, രാജ്യമെമ്പാടും ആരും ഇത് വിശ്വസിച്ചില്ല. ഇതെല്ലാം വെറും കെട്ടുകഥയാണെന്ന് അവർ പറഞ്ഞു. തമിഴ്‌നാടും വിജയ്‌യും ഈ രീതിയിൽ വിജയിക്കുമെന്ന് ഞങ്ങൾ പ്രവചിച്ചപ്പോൾ എല്ലാ രാഷ്ട്രീയ പണ്ഡിതന്മാരും, നിരീക്ഷകരും, മറ്റ് പോളിംഗ് ഏജൻസികളും ആക്സിസ് മൈ ഇന്ത്യയെ നോക്കി ചിരിച്ചു’– എന്നാണ് അദ്ദേഹം പറഞ്ഞത്.

 

#TamilNaduPolitics, #TVK, #Vijay, #ThalapathyVijay, #AxisMyIndia, #PradeepGupta, #ExitPoll, #BJPGovernment, #Congress, #IndianPolitics, #DMK, #AIADMK, #PoliticalAnalysis, #DataScience, #ElectionResults, #TVKWave, #BJP20Years, #OnePartyDominance, #PradeepGuptaPrediction, #TamilNaduElection2026, #NationalPolitics, #ModiGovernment, #RahulGandhi, #PoliticalTrends

Back to top button
error: