Breaking NewsKeralaLead NewsNEWS

കെഎസ്ആർടിസി സൗജന്യ യാത്ര: എല്ലാ ബസുകളിലും അനുവദിച്ചാൽ മാസം 112 കോടി രൂപ വരെ നഷ്ടം; ഓർഡിനറിയിൽ മാത്രമാണെങ്കിൽ 57 കോടി രൂപയും

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വരുമാന നഷ്ടത്തിന്റെ കണക്ക് സർക്കാർക്ക് സമർപ്പിച്ചു. ഓർഡിനറി ബസുകളിൽ മാത്രം സൗജന്യ യാത്ര അനുവദിച്ചാൽ പ്രതിമാസം ഏകദേശം 57 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് റിപ്പോർട്ട്. സിറ്റി ഫാസ്റ്റ് ബസുകളും ഉൾപ്പെടുത്തിയാൽ നഷ്ടം 65 കോടിയായി ഉയരും. ഓർഡിനറി, ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളിൽ പദ്ധതി നടപ്പാക്കിയാൽ പ്രതിമാസ നഷ്ടം 90 കോടിയാകും. എല്ലാ വിഭാഗം ബസുകളിലും സൗജന്യ യാത്ര അനുവദിച്ചാൽ 112 കോടി രൂപ വരെ നഷ്ടമുണ്ടാകുമെന്നാണ് കണക്കുകൾ. മൂന്ന് മാസത്തെ വരുമാന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കി ഗതാഗത സെക്രട്ടറിക്ക് കൈമാറിയത്.

പ്രതിദിനം ഏകദേശം 12 ലക്ഷം സ്ത്രീ യാത്രക്കാരാണ് കെഎസ്ആർടിസി ബസുകളിൽ സഞ്ചരിക്കുന്നതെന്നാണ് വിലയിരുത്തൽ. കർണാടകയിൽ നിലവിലുള്ള പദ്ധതിയിൽ എസി, സ്ലീപ്പർ ബസുകൾക്ക് സൗജന്യ യാത്രാനുകൂല്യമില്ല. തമിഴ്നാട്ടിൽ ഓർഡിനറി ബസുകളിൽ മാത്രമാണ് പദ്ധതി നടപ്പിലുള്ളത്.

Signature-ad

സ്ത്രീകൾക്ക് സൗജന്യ യാത്ര പദ്ധതി ജൂൺ 15 മുതൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രി സി.പി. ജോൺ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഏത് വിഭാഗം ബസുകളിലാകും പദ്ധതി ബാധകമാകുക, ദൂരപരിധി ഉണ്ടാകുമോ, ജില്ലകൾക്കു പുറത്തേക്കുള്ള യാത്ര ഉൾപ്പെടുത്തുമോ, എല്ലാ പ്രായക്കാർക്കും ആനുകൂല്യം ലഭിക്കുമോ തുടങ്ങിയ കാര്യങ്ങളിൽ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. സാമ്പത്തിക ബാധ്യത കൂടി കണക്കിലെടുത്തായിരിക്കും തുടർനടപടികൾ.

സ്ത്രീ യാത്രക്കാരുടെ കൃത്യമായ എണ്ണം മനസിലാക്കുന്നതിനായി കെഎസ്ആർടിസി ജെൻഡർ ടിക്കറ്റിംഗ് ആരംഭിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ബസുകളിലായിരിക്കും പദ്ധതി നടപ്പാക്കാൻ സാധ്യത. ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ നിശ്ചിത ദൂരപരിധിക്കുള്ളിൽ സൗജന്യ യാത്ര അനുവദിക്കുന്നതും പരിഗണനയിലാണ്. പ്രത്യേക കാർഡോ പ്രായപരിധിയോ ഇല്ലാതെ എല്ലാ സ്ത്രീകൾക്കും സൗജന്യ യാത്ര അനുവദിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.

Back to top button
error: