പടക്കം പൊട്ടിത്തെറിച്ച് ഒമ്പതു വയസുകാരന് ദാരുണാന്ത്യം; മൂന്ന് കുട്ടികൾക്ക് പരിക്ക്
കണ്ണൂർ: അഴീക്കോട് പുന്നക്കപ്പാറയിൽ പൊട്ടാതെ കിടന്നിരുന്ന പടക്കം പൊട്ടിത്തെറിച്ച് ഒമ്പത് വയസുകാരന് ദാരുണാന്ത്യം. ഉബൈദിന്റെ മകൻ അമാനാണ് മരിച്ചതേ. മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം.
ആഘോഷങ്ങൾ കഴിഞ്ഞ സ്ഥലങ്ങളിൽ നിന്നു പൊട്ടാതെ കിടന്ന പടക്കങ്ങൾ കുട്ടികൾ ശേഖരിച്ച് ഗ്രൗണ്ടിൽവെച്ച് പൊട്ടിച്ച് കളിക്കുമ്പോഴാണ് അപകടമെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. അമാന്റെ കഴുത്തിന്റെ ഇടത് വശത്ത് ചെവിയോട് ചേർന്ന ഭാഗത്ത് ഗുരുതര പരിക്കേറ്റു.
ഗ്രൗണ്ടിൽ വീണുകിടന്ന കുട്ടിയെ സമീപവാസികൾ ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമാന്റെ സഹോദരനുൾപ്പെടെ മൂന്ന് കുട്ടികൾക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രിയിൽ നിന്നുള്ള വിവരം.
സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. സ്ഥലത്ത് വിദഗ്ധ പരിശോധനയും നടക്കുന്നു.






