ജൂൺ 15 മുതൽ വനിതകൾക്ക് കെഎസ്ആർടിസി യാത്ര സൗജന്യം; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്; ആശാവർക്കർമാരുടെ വേതനം 3,000 രൂപ വർദ്ധിപ്പിച്ചു;അംഗൻവാടി ജീവനക്കാർക്കും 1,000 രൂപ വീതം കൂട്ടി – പുതിയ സർക്കാരിന്റെ ആദ്യ പ്രഖ്യാപനങ്ങൾ

തിരുവനന്തപുരം: പുതിയ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം നിയമസഭാ സമ്മേളനവുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങൾ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. എംഎൽഎമാരുടെ സത്യപ്രതിജ്ഞയും സ്പീക്കർ തെരഞ്ഞെടുപ്പും നടത്തുന്നതിനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്തതായി അദ്ദേഹം അറിയിച്ചു.
മെയ് 21ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കും. തുടർന്ന് മെയ് 22ന് സ്പീക്കർ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഗവർണറുടെ അനുമതി ലഭിക്കുന്നതനുസരിച്ച് മെയ് 29ന് നയപ്രഖ്യാപന പ്രസംഗവും നടക്കും.
സഭയിലെ ഏറ്റവും മുതിർന്ന അംഗവും അമ്പലപ്പുഴ എംഎൽഎയുമായ മുൻമന്ത്രി ജി. സുധാകരനെ പ്രോ ടേം സ്പീക്കറായി നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു. അടുത്ത മന്ത്രിസഭാ യോഗം ബുധനാഴ്ച ചേരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ വാർത്താസമ്മേളനത്തിലായിരുന്നു വി.ഡി. സതീശന്റെ പ്രഖ്യാപനങ്ങൾ. ജനക്ഷേമവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ആദ്യ മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു.
കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഒരുക്കുന്നതിനുള്ള പദ്ധതി, വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കൽ, ആശാ പ്രവർത്തകർക്കായി പ്രത്യേക ക്ഷേമ പാക്കേജുകൾ എന്നിവ സംബന്ധിച്ച കാര്യങ്ങൾ മന്ത്രിസഭ പരിഗണിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. സാമൂഹിക സുരക്ഷയും ജനക്ഷേമവും മുൻനിർത്തിയുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





