Breaking NewsCrimeIndiaLead NewsNEWS

“എന്തിനാണ് എന്നെ ഇവിടേക്ക് അയച്ചത്… എന്നെ ഇവിടെ നിന്ന് കൊണ്ടുപോകൂ… ഞാൻ എന്ത് തെറ്റ് ചെയ്തതെന്ന് പോലും മനസിലാകുന്നില്ല, അച്ഛനോട് മാപ്പ് പറയാൻ പറയുന്നു, അവർ എന്നെ ഗർഭച്ഛിദ്രത്തിന് നിർബന്ധിതയാക്കി, ഇവന്റെ കൂടെ ഞാനെങ്ങനെ ജീവിക്കും”…മരിക്കുന്നതിനു മുൻപ് ട്വിഷ ശർമ്മ അമ്മയ്ക്കയച്ച മെസേജുകൾ പുറത്ത്

ഭോപ്പാൽ: മധ്യപ്രദേശിലെ ബോപ്പാലിൽ യുവതിയുടെ ദുരൂഹ മരണത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഉത്തർപ്രദേശിലെ നോയിഡ സ്വദേശിനിയായ ട്വിഷ ശർമ്മ (33) ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തപ്പെട്ട സംഭവത്തിൽ, മരണത്തിന് മുൻപ് അമ്മയുമായി നടത്തിയ വാട്ട്സ്ആപ്പ് സംഭാഷണങ്ങൾ പുറത്തുവന്നതോടെ യുവതി ഭർതൃവീട്ടിൽ കൊടീയ പീഡനങ്ങളാണ് ഏറ്റുവാങ്ങിയതെന്നാണ് അറിയുന്നത്.

2024ൽ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട സമർദ് സിം​ഗ് എന്ന അഭിഭാഷകനെ ട്വിഷ വിവാഹം കഴിച്ചത് 2025ലാണ്. വിവാഹത്തിന് ശേഷമുള്ള ജീവിതം വളരെ വേഗം പ്രശ്നങ്ങളിലേക്കാണ് നീങ്ങിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. മേയ് 12നാണ് ട്വിഷയെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Signature-ad

പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ “ആന്റിമോർട്ടം ലിഗേച്ചർ ഹാങ്ങിംഗ്” എന്നാണ് മരണകാരണം രേഖപ്പെടുത്തിയിരിക്കുന്നത്. അതായത്, ജീവിച്ചിരിക്കെ യുവതിയുടെ കഴുത്തിൽ കയർ കെട്ടി തൂക്കുകയായിരുന്നുവെന്നും അതുവഴി മരണം സംഭവിച്ചതായും വ്യക്തമാക്കുന്നു. കൂടാതെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മരണത്തിന് മുൻപ് ഉണ്ടായ മുറിവുകളും അടയാളപ്പെടുത്തിയിട്ടുണ്ട്.

മരണത്തിന് മുൻപ് ദിവസങ്ങളിലായി അമ്മയ്ക്ക് അയച്ച വാട്ട്സ്ആപ്പ് സന്ദേശങ്ങളിൽ ട്വിഷ തന്റെ ജീവിതം നരകമായി മാറിയതായി വ്യക്തമാക്കിയിട്ടുണ്ട്. എനിക്ക് ഇവിടെ ശ്വാസംമുട്ടുന്നു അമ്മേ, എന്തിനാണ് എന്നെ ഇവിടെ അയച്ചത്, അവൻ എന്നോട് സംസാരിക്കാറില്ല.. തുടങ്ങിയ സന്ദേശങ്ങൾ അമ്മയ്ക്ക് അയച്ചിട്ടുണ്ട്. ഭോപ്പാലിലേക്ക് വിളിച്ചുവരുത്തിയ ശേഷം ഭർത്താവ് തന്നെ അവഗണിക്കുകയും പഴയ പ്രശ്നങ്ങൾ വീണ്ടും ആവർത്തിക്കുകയും ചെയ്യുന്നതായി അവൾ ആരോപിച്ചു.

മേയ് 7നു അയച്ച സന്ദേശത്തിൽ അമ്മയോട് “എന്നെ ഇവിടെ നിന്ന് കൊണ്ടുപോവണം” എന്നാവശ്യപ്പെട്ട ട്വിഷ, ഭർത്താവ് തനിക്കൊപ്പമിരിക്കാനില്ലെന്ന് തോന്നുന്നതായും, ഒരു വർഷമായി താനെല്ലാം സഹിച്ചുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. താൻ എന്താണ് തെറ്റ് ചെയ്തതെന്ന് പോലും മനസ്സിലാകുന്നില്ലെന്ന അവളുടെ വാക്കുകൾ കുടുംബബന്ധത്തിലെ സംഘർഷത്തിന്റെ ആഴം വ്യക്തമാക്കുന്നു.

തുടർന്ന് അയച്ച സന്ദേശങ്ങളിൽ ഭർത്താവ് തനിക്കെതിരെ അപമാനകരമായ ആരോപണങ്ങൾ ഉന്നയിച്ചതായും, വ്യക്തിപരമായ കാര്യങ്ങളിൽ അധിക്ഷേപകരമായി സംസാരിച്ചതായും ട്വിഷ പറഞ്ഞു. ഗർഭധാരണവുമായി ബന്ധപ്പെട്ടും അപകീർത്തികരമായ ആരോപണങ്ങൾ ഉയർത്തിയതായും, ഗർഭച്ഛിദ്രത്തിന് നിർബന്ധിതയാക്കിയതായും അവൾ അമ്മയോട് പങ്കുവെച്ചു. “ഇവനൊപ്പം എങ്ങനെ ജീവിക്കും?” എന്ന ചോദ്യവും അവൾ ഉയർത്തി.

കൂടാതെ, ഭർത്താവും അമ്മാമ്മയും പുറത്തേക്ക് നല്ലവരായി നടിക്കുന്നുവെങ്കിലും സ്വകാര്യമായി ക്രൂരമായി പെരുമാറുന്നുവെന്നാരോപിച്ചു. എനിക്ക് ഇനി ഇതൊന്നും സഹിക്കാനാവില്ല, അച്ഛനോട് മാപ്പ് പറയാൻ അപമാനകരമായ രീതിയിൽ ആവശ്യപ്പെട്ടുവെന്നാരോപണവും അവൾ ഉന്നയിച്ചു.

സംഭവദിവസം രാത്രി 10.05ഓടെ അമ്മയെ വിളിച്ച ട്വിഷ, സംസാരത്തിനിടെ ഭർത്താവ് മുറിയിലേക്ക് കടന്നതോടെ ഫോൺ വിച്ഛേദിച്ചതായി കുടുംബം പറയുന്നു. തുടർന്ന് പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ല. ഏകദേശം 10.20ഓടെ ട്വിഷ മരിച്ച എന്ന വിവരം കുടുംബത്തെ അറിയിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണം സ്ഥിരീകരിച്ചു.

ആശുപത്രി വെറും 10 മിനിറ്റ് ദൂരെയായിരുന്നിട്ടും ചികിത്സയിൽ വൈകിയെന്നാരോപിച്ച് കുടുംബം രംഗത്തെത്തി. സംഭവത്തിൽ സ്ത്രീധന പീഡനവും ആത്മഹത്യ പ്രേരണയും ചുമത്തി ഭർത്താവ് സമർത്ത് സിംഗിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാൾ ഇപ്പോൾ ഒളിവിലാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കേസിൽ കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുവാണെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: