
അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തി. അഞ്ചു രാജ്യങ്ങളിലേക്കുള്ള വിദേശ സന്ദർശനത്തിന്റെ തുടക്കമായാണ് മോദിയുടെ അബുദാബി സന്ദർശനം. യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേരിട്ട് എത്തിയാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. നരേന്ദ്ര മോദിയോടുള്ള ആദരസൂചകമായി യുഎഇ വ്യോമസേനയുടെ എഫ്-16 ബ്ലോക്ക് 60 ‘ഡെസേർട്ട് ഫാൽക്കൺ’ യുദ്ധവിമാനങ്ങൾ പ്രത്യേക അകമ്പടിയും നൽകി.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് അബുദാബി ആകാശപരിധിയിൽ പ്രവേശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക വിമാനത്തിന് ഇരുവശങ്ങളിലുമായി യുഎഇയുടെ എഫ്-16 ബ്ലോക്ക് 60 ‘ഡെസേർട്ട് ഫാൽക്കൺ’ യുദ്ധവിമാനങ്ങൾ പറന്നു. പ്രധാനമന്ത്രി സഞ്ചരിച്ചിരുന്ന പ്രത്യേക വിമാനത്തെ അനുഗമിച്ചുകൊണ്ടുള്ള ഈ അകമ്പടി നയതന്ത്ര ലോകത്ത് വലിയ ശ്രദ്ധനേടി. ഒരു വിദേശ രാഷ്ട്രത്തലവന് നൽകുന്ന ഏറ്റവും ഉയർന്ന ആദരവുകളിൽ ഒന്നായാണ് ഇതിനെ വിലയിരുത്തുന്നത്. യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ അബുദാബി ആകാശത്ത് മോദിയുടെ വിമാനം പറന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചു.
മധ്യേഷ്യയിലെ സംഘർഷാവസ്ഥയും അതിനെത്തുടർന്നുണ്ടായ ആഗോള ഊർജ്ജ പ്രതിസന്ധിയും രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് മോദിയുടെ യുഎഇ സന്ദർശനം നടക്കുന്നത്. മേഖലയിലെ സുരക്ഷ, പശ്ചിമേഷ്യൻ സാഹചര്യം, ഊർജ്ജ സഹകരണം തുടങ്ങിയ നിർണ്ണായക വിഷയങ്ങളാകും യുഎഇ പ്രസിഡന്റുമായുള്ള ചർച്ചകളിൽ പ്രധാനമായി ഇടംപിടിക്കുക. ഇന്ത്യയും യുഎഇയും തമ്മിലുള്ള തന്ത്രപ്രധാന ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഈ കൂടിക്കാഴ്ച നിർണ്ണായകമാകുമെന്നാണ് വിലയിരുത്തൽ.
അബുദാബി വിമാനത്താവളത്തിൽ യുഎഇയിലെ ഉന്നത ഉദ്യോഗസ്ഥരും പ്രമുഖരും ചേർന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. യുഎഇ സമയം രാവിലെ പതിനൊന്ന് മണിയോടെയാണ് മോദി അബുദാബിയിലെത്തിയത്. ഏകദേശം രണ്ടര മണിക്കൂർ നീളുന്ന സന്ദർശനത്തിനിടയിൽ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ യുഎഇയ്ക്ക് ഇന്ത്യയുടെ ഐക്യദാർഢ്യം മോദി അറിയിക്കുമെന്നും നയതന്ത്രവൃത്തങ്ങൾ സൂചിപ്പിക്കുന്നു.
യുഎഇ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നെതർലാൻഡ്സിലേക്ക് തിരിക്കും. തുടർന്ന് നോർവേ, ഡെൻമാർക്ക്, ഇറ്റലി എന്നീ രാജ്യങ്ങളും സന്ദർശിച്ച ശേഷമായിരിക്കും ഇന്ത്യയിലേക്ക് മടങ്ങിയെത്തുക. വിവിധ രാജ്യങ്ങളുമായുള്ള സാമ്പത്തിക, നയതന്ത്ര, സുരക്ഷാ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മോദിയുടെ സന്ദർശനം.






