Breaking NewsCrimeIndiaLead NewsNEWSpolitics

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിദേശികൾ കള്ളവോട്ട് ചെയ്തു; 17 പേർ അറസ്റ്റിൽ; നാലുപേർ സ്ത്രീകൾ; പിടിയിലായത് ചെന്നൈ, മധുര വിമാനത്താവളങ്ങളിൽ നിന്ന്; പാസ്‌പോർട്ട് പരിശോധനയ്ക്കിടെ വിരലുകളിൽ മായാത്ത മഷിപ്പാട് കണ്ടത് സംശയമുണ്ടാക്കി

ചെന്നൈ: ഏപ്രിൽ 23-ന് നടന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നിയമവിരുദ്ധമായി വോട്ട് ചെയ്തെന്ന് ആരോപിച്ച് 17 വിദേശ പൗരരെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു. 15 പേരെ ചെന്നെ വിമാനത്താവളത്തിൽ വച്ചും രണ്ടു പേരെ മധുര എയർപോർട്ടിൽ നിന്നുമാണ് രാജ്യം വിടാൻ ശ്രമിക്കവെ ഇമിഗ്രേഷൻ അധികൃതർ തടഞ്ഞത്. വ്യാജമായി സമ്പാദിച്ച തിരിച്ചറിയൽ വ്യാജ രേഖകൾ ഉപയോഗിച്ചാണ് ഇവർ വോട്ടെടുപ്പിൽ പങ്കെടുത്തതെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. അറസ്റ്റിലായവരിൽ നാല് സ്ത്രീകളും ഉൾപ്പെടുന്നുവെന്ന് പോലീസ് അറിയിച്ചു.

വിദേശ പൗരത്വം ഉള്ളവരും ഇന്ത്യൻ പൗരരല്ലാത്തവരുമായ പ്രതികൾ, നിയമവിരുദ്ധമായി വോട്ട് രേഖപ്പെടുത്തുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.

Signature-ad

ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ഗ്രേറ്റർ ചെന്നൈ പോലീസ് കമ്മിഷണറേറ്റിന് നൽകിയ പരാതിയെ തുടർന്ന്, മേയ് 7നും മേയ് 14നും ഇടയിൽ സെൻട്രൽ ക്രൈംബ്രാഞ്ചും പ്രാദേശിക പോലീസ് യൂണിറ്റുകളും കേസുകൾ രജിസ്റ്റർ ചെയ്തു. കൂടുതൽ നിയമ നടപടികൾക്കായി പ്രതികളെ കോടതിയിൽ ഹാജരാക്കിയതായി പോലീസ് വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഇവർ രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ വിമാനത്താവളത്തിൽ ഇമിഗ്രേഷൻ വിഭാഗം നടത്തിയ പരിശോധനയിലാണ് സംശയം ഉയർന്നത്.പാസ്‌പോർട്ട് പരിശോധനയ്ക്കിടെ വിരലുകളിൽ മായാത്ത മഷിപ്പാട് കണ്ടതിനെ തുടർന്ന് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അവരെ കസ്റ്റഡിയിലെടുത്തു. രേഖകളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ബന്ധപ്പെട്ട വിവരങ്ങൾ ഗ്രേറ്റർ ചെന്നൈ പോലീസ് കമ്മിഷണറേറ്റിന് കൈമാറുകയായിരുന്നു.

അന്വേഷണത്തിൽ പ്രതികൾ ഇന്ത്യൻ പൗരത്വമില്ലാത്തവരാണെന്നും, തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ താമസിച്ച് വ്യാജ രേഖകൾ ഉപയോഗിച്ച് വോട്ടർ പട്ടികയിൽ പേര് ചേർത്തതായും കണ്ടെത്തിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ആധാർ കാർഡ്, വോട്ടർ തിരിച്ചറിയൽ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ വ്യാജമായി സംഘടിപ്പിച്ചിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളും അന്വേഷണ പരിധിയിലുണ്ട്. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ ബാധിക്കുന്ന ഗുരുതര സംഭവമായാണ് ഇതിനെ കാണുന്നതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കിയതായും കൂടുതൽ ചോദ്യം ചെയ്യലിനും നിയമനടപടികൾക്കുമായി കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് നീക്കമെന്നും പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന കാര്യവും അന്വേഷിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: