Breaking NewsKeralaLead NewsNEWS

ക്ലിഫ്ഹൗസിലെ പശുക്കൾ ഇനി പുത്തൂർ കെഎൽഡിബി ഫാമിലെ താരങ്ങൾ; ഏഴു പശുക്കളെയും മാറ്റിയത് മുഖ്യമന്ത്രി ഔദ്യോ​ഗിക വസതി ഒഴിഞ്ഞതോടെ

തിരുവനന്തപുരം: പിണറായി വിജയൻ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസ് ഒഴിഞ്ഞു വാടകവീട്ടിലേക്കു താമസം മാറിയപ്പോൾ അദ്ദേഹത്തിന്റെ അരുമകളായിരുന്ന പശുക്കളെ മൃഗസംരക്ഷണ വകുപ്പിന്റെ ഫാമിലേയ്ക്ക് കൈമാറി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലുണ്ടായിരുന്ന 7 പശുക്കളെയും ത‍ൃശൂർ പുത്തൂരിലെ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള കേരള ലൈവ് സ്റ്റോക് ഡവലപ്മെന്റ് ബോർഡിലെ (കെഎൽഡിബി) ഫാമിലേക്ക് 3 ദിവസം മുൻപാണ് കൊണ്ടുപോയത്.

കെഎൽബിഡിയാണു ക്ലിഫ്ഹൗസിലേക്കു പശുക്കളെ നൽകിയത്. തിരികെ നൽകാൻ ക്ലിഫ്ഹൗസിൽ പശുക്കളുടെ ചുമതലയുള്ളവർ സന്നദ്ധത അറിയിച്ചതോടെയാണു കെഎൽഡിബി ജീവനക്കാരെത്തി ഇവയെ കൊണ്ടുപോയത്. വെച്ചൂർ , ജഴ്സി, ഹോൾസ്റ്റീൻ സങ്കര ഇനത്തിൽപ്പെട്ടവയാണു പശുക്കൾ. ക്ലിഫ്ഹൗസിൽ 42.50 ലക്ഷം രൂപ ചെലവഴിച്ചു തൊഴുത്തു നിർമിച്ചത് വിവാദമായിരുന്നു.

Signature-ad

ബേക്കറി ജംക്‌ഷനിൽ റിസർവ് ബാങ്കിനു പിന്നിലുള്ള പാരിഷ് റോഡിൽ നിംസ് ആശുപത്രിക്കു സമീപത്തെ വീട്ടിലേക്കാണ് പിണറായി വിജയനും കുടുംബവും മാറിയത്. ആശുപത്രി മാനേജ്മെന്റിന്റെ ഉടമസ്ഥതയിലുള്ള വീട് 5 വർഷത്തേക്കു പാട്ടത്തിന് എടുത്തതാണെന്നാണു വിവരം. ആറിലധികം കാറുകൾ പാർക്കു ചെയ്യാവുന്ന വിശാലമായ മുറ്റം ഉൾപ്പെടെയുള്ള ഇരുനില വീടാണിത്. ഭാര്യ കമല, മകൾ വീണ, ചെറുമകൻ ഇഷാൻ, മരുമകനും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി.എ.മുഹമ്മദ് റിയാസ് എന്നിവരും ഇവിടെ താമസിക്കും എന്നാണറിവ്.

ക്ലിഫ്ഹൗസിൽ പിണറായിക്കും കുടുംബത്തിനും സ്വന്തമായുണ്ടായിരുന്ന സാധന സാമഗ്രികൾ ഇവിടേക്കു കഴിഞ്ഞ ദിവസങ്ങളിൽ മാറ്റി. മുഖ്യമന്ത്രിയെന്ന നിലയിൽ ലഭിച്ച സമ്മാനങ്ങളും മറ്റും പാർട്ടി ഓഫിസുകളിലേക്കു നൽകി. എകെജി സെന്ററിൽ ഫ്ലാറ്റ് അനുവദിച്ചിട്ടുണ്ടെങ്കിലും അവിടെ അറ്റകുറ്റപ്പണികൾ നടക്കുകയാണ്. ഈ ഫ്ലാറ്റും പിണറായി ഉപയോഗിച്ചേക്കും. പ്രതിപക്ഷ നേതാവാകുകയാണെങ്കിൽ കന്റോൺമെന്റ് ഹൗസിലേക്കു പിണറായി താമസം മാറും. വി.എസ്.അച്യുതാനന്ദനും മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞു പ്രതിപക്ഷ നേതാവാകുന്നതിനു തൊട്ടുമുൻപു വാടകവീട്ടിലേക്കു താമസം മാറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: