Breaking NewsIndiaLead NewsNEWS

അടുത്ത വടംവലി കെപിസിസി പ്രസി‍ഡന്റ് സ്ഥാനത്തിന്, പലതവണ മാറ്റിനിർത്തപ്പെട്ടു, മുതിർന്ന നേതാവായ തനിക്ക് അധ്യക്ഷ സ്ഥാനത്തിന് അർഹതയുണ്ട്, സീനിയോറിറ്റി പരിഗണിച്ച് അർഹമായ പദവി നൽകണം- ഖാർഗെയെ കണ്ട് കൊടിക്കുന്നിൽ സുരേഷ് എംപി

ന്യൂഡൽഹി: കേരളത്തിലെ പുതിയ സർക്കാർ രൂപീകരണ ചർച്ചകൾ കൊടുമ്പിരി കൊണ്ടിരിക്കുന്നതിനിടെ കെപിസിസി അധ്യക്ഷസ്ഥാനത്തിനായി അവകാശവാദമുന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി രംഗത്ത്. ഇതിനായി അദ്ദേഹം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി ഡൽഹിയിൽ നിർണ്ണായക കൂടിക്കാഴ്ച നടത്തി. മുതിർന്ന നേതാവായ തനിക്ക് അധ്യക്ഷസ്ഥാനത്തിന് അർഹതയുണ്ടെന്നും എന്നാൽ പലതവണ മാറ്റിനിർത്തപ്പെട്ടതായും കൊടിക്കുന്നിൽ സുരേഷ് ഖാർഗെയെ അറിയിച്ചു. തന്റെ സീനിയോറിറ്റി പരിഗണിക്കണമെന്നും അർഹമായ പദവി നൽകണമെന്നുമാണ് കൊടിക്കുന്നിലിന്റെ ആവശ്യം.

അതുപോലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സംവരണ മണ്ഡലങ്ങളിൽ കോൺഗ്രസ് നേടിയ മികച്ച വിജയം കൊടിക്കുന്നിൽ സുരേഷ് പാർട്ടി അധ്യക്ഷന്റെ ശ്രദ്ധയിൽപ്പെടുത്തി. ഏകദേശം ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ തന്റെ ഭാഗം തെളിയിക്കാൻ അദ്ദേഹം ശക്തമായി വാദിച്ചു. കൊടിക്കുന്നിൽ സുരേഷിനെ കൂടാതെ ആന്റോ ആന്റണി, ബെന്നി ബെഹനാൻ തുടങ്ങിയവരുടെ പേരുകളും അധ്യക്ഷസ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നുണ്ട്. നിലവിലെ അധ്യക്ഷൻ മന്ത്രിസഭയിലേക്ക് മാറുകയാണെങ്കിൽ പദവി ഒഴിവു വരുമെന്ന കണക്കുകൂട്ടലിലാണ് നേതാക്കളുടെ നീക്കം.

Signature-ad

അതേസമയം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനും മന്ത്രിസഭാ രൂപീകരണത്തിനും ശേഷമായിരിക്കും കെപിസിസി അധ്യക്ഷന്റെ കാര്യത്തിൽ തീരുമാനമെടുക്കുക എന്ന നിലപാടിലാണ് എഐസിസി നേതൃത്വം. അതിനാൽ തന്നെ ഈ വിഷയത്തിൽ ഇപ്പോൾ പ്രതികരിക്കാൻ ഹൈക്കമാൻഡ് തയ്യാറായിട്ടില്ല. സംസ്ഥാനത്ത് ഭരണകൂടം നിലവിൽ വരുന്നതിന് മുൻപേ തന്നെ പാർട്ടി അധ്യക്ഷസ്ഥാനത്തിനായി ഗ്രൂപ്പുകൾക്കും നേതാക്കൾക്കുമിടയിൽ വടംവലി ആരംഭിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: