Breaking NewsIndiaKeralaLead NewsNEWSpolitics

‘ഒരിക്കൽ ഒരു എം.എൽ.എ മാത്രമുണ്ടായിരുന്ന കേരളത്തിൽ എൻ.ഡി.എയ്ക്ക് ഇന്ന് മൂന്ന് എം.എൽ.എമാരുണ്ട്; അവിടെ എൻ.ഡി.എ അധികാരത്തിലേറുന്ന കാലം വിദൂരമല്ല‘ – നരേന്ദ്രമോദി

ബെംഗളൂരു: രാഷ്ട്രീയലാഭത്തിനായി കോൺഗ്രസ് സ്വന്തം സഖ്യകക്ഷികളെയുപോലും വഞ്ചിക്കുകയാണെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്നാട്ടിലെ പുതിയ രാഷ്ട്രീയ സംഭവവികാസങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. “വർഷങ്ങളോളം ഡി.എം.കെ യുടെ പിന്തുണയിലൂടെയാണ് കോൺഗ്രസ് തമിഴ്നാട്ടിൽ നിലനിന്നത്. എന്നാൽ രാഷ്ട്രീയ സാഹചര്യം മാറിയപ്പോൾ അതേ പാർട്ടിയെ പിന്നിൽ നിന്ന് കുത്താൻ കോൺഗ്രസ് മടിച്ചില്ല,” എന്നാണ് മോദി ആരോപിച്ചത്.

വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയങ്ങൾക്ക് ശേഷമുള്ള ആദ്യ ബെംഗളൂരു സന്ദർശനത്തിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. എച്ച്.എ.എൽ വിമാനത്താവളത്തിന് സമീപം ബി.ജെ.പി സംഘടിപ്പിച്ച സ്വീകരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Signature-ad

കേരളത്തെയും പ്രസംഗത്തിൽ പരാമർശിച്ച മോദി, എൻ.ഡി.എ കേരളത്തിൽ അധികാരത്തിലെത്തുന്ന ദിവസം ഏറെ ദൂരെയല്ലെന്ന് പറഞ്ഞു. “ഒരിക്കൽ ഒരു എം.എൽ.എ മാത്രമുണ്ടായിരുന്ന കേരളത്തിൽ എൻ.ഡി.എയ്ക്ക് ഇന്ന് മൂന്ന് എം.എൽ.എമാരുണ്ട്. ഇത് കേരള രാഷ്ട്രീയത്തിലെ വലിയ മാറ്റത്തിന്റെ സൂചനയാണ്,” എന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയിട്ടും കോൺഗ്രസ് ഇതുവരെ മുഖ്യമന്ത്രി പ്രഖ്യാപിച്ച് സർക്കാർ രൂപീകരിക്കാത്തതിനെച്ചൊല്ലിയും പ്രധാനമന്ത്രി വിമർശിച്ചു. “ജനവിധി ലഭിച്ചിട്ടും അവർക്ക് നേതൃത്വം തീരുമാനിക്കാൻ കഴിയുന്നില്ല. ഇത് കോൺഗ്രസിന്റെ ആഭ്യന്തര പ്രതിസന്ധിയുടെ തെളിവാണ്,” എന്നും മോദി പറഞ്ഞു.

പശ്ചിമബംഗാളിൽ ബി.ജെ.പി നേടിയ വളർച്ചയും അദ്ദേഹം ചൂണ്ടിക്കാട്ടി. “പത്ത് വർഷങ്ങൾക്ക് മുമ്പ് വെറും മൂന്ന് എം.എൽ.എമാർ മാത്രമായിരുന്നു ഞങ്ങൾക്ക് അവിടെ ഉണ്ടായിരുന്നത്. ഇന്ന് 200 എം.എൽ.എമാരുമായി സർക്കാർ രൂപീകരിക്കാൻ കഴിയുന്ന ശക്തിയായി ബി.ജെ.പി വളർന്നു,” എന്നും അദ്ദേഹം അവകാശപ്പെട്ടു.

ഛത്തീസ്ഗഢ്, രാജസ്ഥാൻ, കർണാടക എന്നിവിടങ്ങളിലും കോൺഗ്രസ് സ്വന്തം നേതാക്കളെ വഞ്ചിച്ചുവെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറ്റൊരു ആരോപണം. “ആദ്യം വാഗ്ദാനങ്ങൾ നൽകും. പിന്നീട് അത് നിഷേധിക്കും. അധികാരത്തിനുള്ള ആഭ്യന്തര പോരാട്ടങ്ങളാണ് കോൺഗ്രസിനെ നയിക്കുന്നത്,” എന്നും അദ്ദേഹം പറഞ്ഞു.

കർണാടകത്തിലെ കോൺഗ്രസ് സർക്കാരിനെതിരെയും മോദി രൂക്ഷ വിമർശനം ഉന്നയിച്ചു. ആഭ്യന്തര അധികാര പോരാട്ടങ്ങൾ കാരണം സംസ്ഥാനത്ത് നല്ല ഭരണകൂടം നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. “കർണാടകത്തിൽ കോൺഗ്രസ് സർക്കാർ മാസങ്ങളായി ഭരണവിരുദ്ധ വികാരം നേരിടുകയാണ്. ഭരണത്തിന് വ്യക്തമായ അജൻഡയില്ല. ജനങ്ങളെ എങ്ങനെ വഞ്ചിക്കാമെന്നത് മാത്രമാണ് കോൺഗ്രസിന് അറിയാവുന്നത്,” എന്നും പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: