Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

ആദ്യം രാമന്‍, അടുത്തത് പാര്‍ട്ടി: ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയെ വിജയിപ്പിക്കാന്‍ ഇടത് വോട്ടര്‍മാര്‍ നിശബ്ദമായി സഹായിച്ചത് എങ്ങനെ? തൃണമൂല്‍ ഗുണ്ടകള്‍ അടപ്പിച്ച പാര്‍ട്ടി ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തകര്‍; വംഗനാട്ടില്‍ ഇടതുപക്ഷത്തിന്റെ ഭാവിയെന്ത്?

പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ (2026) ബിജെപിയുടെ ചരിത്രവിജയത്തിന് പിന്നിലെ നിര്‍ണായക ഘടകങ്ങളിലൊന്ന് അവരെ പിന്തുണച്ച നിശബ്ദരായ ഇടത് അനുഭാവികളാണ്. തൃണമൂല്‍ കോണ്‍ഗ്രസിനോടുള്ള (ടിഎംസി) കടുത്ത വിമുഖതയും മറ്റൊരു ശക്തമായ ബദലിന്റെ അഭാവവും കാരണം, ധാരാളം ഇടത് അനുഭാവികള്‍ ഈ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്തു. സിപിഐ(എം) അനുഭാവികള്‍ സ്വീകരിച്ച തന്ത്രം മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് പോരാളികള്‍ ഉപയോഗിക്കുന്ന തന്ത്രത്തിന് സമാനമാണ്.

ആര്‍.ഡി. ദുര്‍ഗാദേവി

‘ഞങ്ങളുടെ പാര്‍ട്ടി (സിപിഐഎം) അത്ര ശക്തമല്ലാതിരുന്നതിനാല്‍, ടിഎംസിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ഞങ്ങളുടെ അനുഭാവികള്‍ ബിജെപിക്ക് വോട്ട് ചെയ്തു’- പശ്ചിമ ബംഗാളിലെ ന്യൂ ബാരക്പൂരിലുള്ള സിപിഐ(എം) പ്രവര്‍ത്തകനായ സഞ്ജിത് റോയ് പറഞ്ഞു. ബംഗാളില്‍ ബിജെപിയുടെ വളര്‍ച്ച ഉണ്ടായത് തൃണമൂല്‍ കോണ്‍ഗ്രസിന് (ടിഎംസി) തിരിച്ചടിയേല്‍പ്പിച്ചുകൊണ്ടാണ്. എന്നാല്‍ ഇടതുപക്ഷ പാര്‍ട്ടികളുടെ വിശ്വസ്തരായ വോട്ടര്‍മാര്‍ ഇതില്‍ നിര്‍ണായക പങ്ക് വഹിച്ചു. ഇത് വിരോധാഭാസമായി തോന്നാമെങ്കിലും, ബംഗാളിലെ കാവിപ്പടര്‍ച്ചയ്ക്ക് പിന്നില്‍ കമ്മ്യൂണിസ്റ്റ് വോട്ടര്‍മാര്‍ നല്‍കിയ ചുവപ്പിന്റെ കൈയൊപ്പുണ്ട്.

മേയ് 4-ന് ഭവാനിപൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും നിലവിലെ മുഖ്യമന്ത്രിയുമായിരുന്ന മമതാ ബാനര്‍ജിയെ പരാജയപ്പെടുത്തിയ ശേഷം നടത്തിയ വിജയപ്രസംഗത്തില്‍, ബിജെപി നേതാവും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ സുവേന്ദു അധികാരി ഈ പ്രതിഭാസം സാക്ഷ്യപ്പെടുത്തിയിരുന്നു. ‘ഭവാനിപൂരില്‍ സിപിഎമ്മിന് 13,000 വോട്ടുകളുണ്ടായിരുന്നു, അതില്‍ കുറഞ്ഞത് 10,000 വോട്ടുകളെങ്കിലും എനിക്ക് ലഭിച്ചു. അവിടെയുള്ള സിപിഐ(എം) വോട്ടര്‍മാരോട് ഞാന്‍ നന്ദി അറിയിക്കുന്നു’.

Signature-ad

പശ്ചിമ ബംഗാളിലുടനീളമുള്ള നിരവധി മണ്ഡലങ്ങളില്‍ ഈ വോട്ട് കൈമാറ്റം യാഥാര്‍ത്ഥ്യമായിട്ടുണ്ട്. സഞ്ജിത് റോയിയുടെ ന്യൂ ബാരക്പൂര്‍ ഉള്‍പ്പെടുന്ന ദം ദം ഉത്തര്‍ മണ്ഡലവും ഇതിലൊന്നാണ്. മുന്‍കാലങ്ങളില്‍ ദം ദം ഉത്തറില്‍ സിപിഐ(എം) മികച്ച വോട്ട് വിഹിതം നേടിയിരുന്നു. എന്നാല്‍ പ്രായമായ ഇടത് നേതൃത്വത്തിന് പകരമായി ഉയര്‍ന്നുവന്ന ‘പുതിയ തലമുറ’ നേതാക്കളിലൊരാളായ ദീപ്ഷിത ധറിനെയാണ് ഇടതുപക്ഷം ഇവിടെ മത്സരിപ്പിച്ചതെങ്കിലും തോറ്റു.

വോട്ടര്‍മാര്‍ കക്ഷി മാറുന്നത് സാധാരണമാണെങ്കിലും, കേഡര്‍ അധിഷ്ഠിത പാര്‍ട്ടികളായ സിപിഐ(എം) ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പാര്‍ട്ടികളുടെ കാര്യത്തില്‍ ഇത് തികച്ചും കൗതുകകരമാണ്. ഇടത് വോട്ടര്‍മാര്‍ പ്രത്യയശാസ്ത്രപരമായ വിശ്വസ്തത പുലര്‍ത്തുന്നവരാണ്. ഭൂരിഭാഗം പേരും ചെറുപ്രായത്തില്‍ തന്നെ ഇടത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവരുന്നവരുമാണ്. കൂടാതെ, 1977 മുതല്‍ 2011 വരെ തുടര്‍ച്ചയായി 34 വര്‍ഷം സംസ്ഥാനം ഭരിച്ച ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് പശ്ചിമ ബംഗാളില്‍ ശക്തമായ ശൃംഖലയുണ്ടായിരുന്നു.

ഇടതുപക്ഷത്ത് നിന്ന് വലതുപക്ഷത്തേക്കുള്ള ഈ മാറ്റം കുറച്ചുകാലമായി നടന്നു വരികയാണെന്നാണ് വിദഗ്ധരും വോട്ടര്‍മാരും ഇടത് പ്രവര്‍ത്തകരും സൂചിപ്പിക്കുന്നത്. പ്രത്യേകിച്ച് 2018-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയ സിപിഐ(എം) പ്രവര്‍ത്തകരുടെ കൂട്ടക്കൊലയ്ക്ക് പിന്നാലെയാണ് ഇടത് പ്രവര്‍ത്തകരും അനുഭാവികളും വലിയ തോതില്‍ ബിജെപിയിലേക്ക് ചേക്കേറാന്‍ തുടങ്ങിയത്.

ഇതിന്റെ പ്രതിഫലനമാണ് 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ടത്. അന്ന് 2014-ല്‍ കേവലം രണ്ട് സീറ്റുകള്‍ മാത്രമുണ്ടായിരുന്ന ബിജെപി തങ്ങളുടെ നില മെച്ചപ്പെടുത്തി 18 സീറ്റുകള്‍ നേടി. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പ്രതിഫലിച്ചു. അന്ന് ബിജെപിയുടെ സീറ്റ് നില 77 ആയി ഉയര്‍ന്നു.

 

ഇടതുപക്ഷത്തിന്റെ നിലനില്‍പ്പ്

ഈ തന്ത്രം മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് പോരാളികളുടെ രീതിക്ക് സമാനമാണ്. ഒരു പോരാളി കഴുത്തു ഞെരിക്കലില്‍ നിന്നോ തോളെല്ല് തെറ്റുന്നതില്‍ നിന്നോ രക്ഷപ്പെടാനും അടുത്ത ദിവസം കൂടുതല്‍ കരുത്തോടെ പോരാടാനും വേണ്ടി മത്സരത്തില്‍ കീഴടങ്ങുന്നത് പോലെയാണിത്.

പശ്ചിമ ബംഗാളില്‍ നിന്നുള്ള തത്സമയ ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത് ഈ തന്ത്രം ഒരുപക്ഷേ വിജയം കണ്ടിട്ടുണ്ടാകാം എന്നാണ്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈക്കലാക്കിയ തങ്ങളുടെ പാര്‍ട്ടി ഓഫീസുകള്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ തിരിച്ചുപിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

കേന്ദ്ര സായുധ പോലീസ് സേനയുടെ വന്‍തോതിലുള്ള വിന്യാസം കേന്ദ്രത്തിന്റെ അധികാരം പ്രകടിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചെന്നും വോട്ടര്‍മാര്‍ക്ക് ഭയമില്ലാതെ വോട്ട് ചെയ്യാന്‍ ഇത് സഹായിച്ചെന്നും ഞങ്ങളോടു സംസാരിച്ചവര്‍ വ്യക്തമാക്കുന്നു.

‘ഓരോ തിരഞ്ഞെടുപ്പ് സമയത്തും ടിഎംസി സൃഷ്ടിക്കുന്ന ഭീതിയുടെയും അക്രമത്തിന്റെയും അന്തരീക്ഷത്തില്‍ ഇടത് വോട്ടര്‍മാര്‍ നിരാശരായിരുന്നു’- റോയ് പറഞ്ഞു. ‘ഇത്തവണ സിആര്‍പിഎഫ് ജവാന്മാരുടെ ശക്തമായ വിന്യാസം മുന്‍പത്തേക്കാള്‍ കൂടുതല്‍ ആളുകള്‍ക്ക് സ്വതന്ത്രമായി വോട്ട് രേഖപ്പെടുത്താന്‍ സഹായകരമായി’.

 

ഇടത് വോട്ടര്‍മാര്‍ എപ്പോഴാണ് ബിജെപിയിലേക്ക് മാറിയത്?

സിപിഐ(എം) നേതൃത്വത്തിലുള്ള ഇടതുമുന്നണി 33 വര്‍ഷത്തെയും 10 മാസത്തെയും ഭരണത്തിന് ശേഷം 2011-ലാണ് അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടത്. എന്നാല്‍ അതിന്റെ അര്‍ത്ഥം ബംഗാളില്‍നിന്ന് ഇടതുപക്ഷം പൂര്‍ണ്ണമായി തുടച്ചുനീക്കപ്പെട്ടു എന്നല്ല. ഇടതുപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പുകളില്‍ സജീവമായി മത്സരിക്കുന്നത് തുടര്‍ന്നു. കൊല്‍ക്കത്തയിലെ മൈതാനിയില്‍ നടക്കുന്ന സിപിഐ(എം)-ന്റെ വാര്‍ഷിക ബ്രിഗേഡ് പരേഡ് ഗ്രൗണ്ട് റാലി ഇപ്പോഴും ലക്ഷക്കണക്കിന് പ്രവര്‍ത്തകരെയും അനുഭാവികളെയും ആകര്‍ഷിക്കുന്നുണ്ട്.

എന്നിരുന്നാലും, ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ അടിത്തറ മെച്ചപ്പെട്ടില്ല. ഏറ്റവും വലിയ കക്ഷിയായ സിപിഐ(എം)-ന്റെ കാര്യം തന്നെയെടുക്കുക. പാര്‍ട്ടിയുടെ വോട്ട് വിഹിതം 2011-ലെ 41.09 ശതമാനത്തില്‍ നിന്ന് 2026-ല്‍ 4.4 ശതമാനമായി കുറഞ്ഞു. ഇവരുടെ വോട്ട് ബാങ്ക് ആദ്യം മമതയുടെ ടിഎംസിയിലേക്കും പിന്നീട് വലതുപക്ഷമായ ബിജെപിയിലേക്കും വഴിമാറി.

2018-ലെ ബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷമാണ് ഈ മാറ്റത്തിന് തുടക്കമായത്. ഇത് ബംഗാളിലെ ഇടതുമുന്നണിയുടെ തകര്‍ച്ചയുടെ നിര്‍ണ്ണായക ഘട്ടമായി മാറി. വ്യാപകമായ അക്രമങ്ങള്‍, ഭീഷണിപ്പെടുത്തലുകള്‍, പ്രതിപക്ഷ സ്ഥാനാര്‍ത്ഥികളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതില്‍നിന്ന് തടഞ്ഞെന്ന ആരോപണങ്ങള്‍ എന്നിവ നിറഞ്ഞ ആ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുടനീളം നിരവധി ഇടത് പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു.

തങ്ങളുടെ പ്രധാന രാഷ്ട്രീയ ശത്രു ടിഎംസി ആണെന്ന വിശ്വാസം പല അണികളിലും ഉറപ്പിക്കാന്‍ ഈ തിരഞ്ഞെടുപ്പ് കാരണമായി. തൃണമൂല്‍ പ്രവര്‍ത്തകര്‍ അഴിച്ചുവിട്ട രാഷ്ട്രീയ അക്രമങ്ങള്‍ കാരണം ഇടതുപക്ഷത്തിന്റെ സംഘടനാ സംവിധാനം ക്രമേണ ദുര്‍ബലമായപ്പോള്‍, പരമ്പരാഗത ആന്റി-ടിഎംസി വോട്ടര്‍മാരുടെ ഒരു വിഭാഗം ബിജെപിയെ മമതാ ബാനര്‍ജിയുടെ പാര്‍ട്ടിയെ നേരിടാന്‍ ശേഷിയുള്ള ഒരേയൊരു ശക്തിയായി കണ്ട് അതിലേക്ക് ചേക്കേറി.

ഈ മാറ്റം 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വ്യക്തമായി പ്രകടമായി. ചരിത്രത്തിലാദ്യമായി ഒരു ഇടതുപക്ഷ പാര്‍ട്ടിക്ക് പോലും ഒറ്റ സീറ്റ് പോലും നേടാനായില്ല, വോട്ട് വിഹിതം 2014-ലെ 30 ശതമാനത്തില്‍ നിന്ന് 8 ശതമാനത്തില്‍ താഴെയായി കുറഞ്ഞു.

 

 

ഇടതുപക്ഷത്തിന് തങ്ങളുടെ വോട്ടര്‍മാരില്‍ പകുതിയിലധികം പേരെ ബിജെപിക്ക് മുന്നില്‍ നഷ്ടപ്പെട്ടത് കൊണ്ടാണ് ഇത് സംഭവിച്ചതെന്ന് കൊല്‍ക്കത്ത സ്വദേശിയായ എഴുത്തുകാരനും അക്കാദമിക് വിദഗ്ധനുമായ സ്‌നിഗ്‌ധേന്ദു ഭട്ടാചാര്യ വിശദീകരിച്ചു. ‘ആ വോട്ടര്‍മാരില്‍ 22 ശതമാനം പേരെപ്പോലും തിരികെ കൊണ്ടുവരാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടില്ല’ അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷത്തിന്റെ നഷ്ടം ബിജെപിയുടെ വിജയമായി മാറുന്നത് വ്യക്തമായിരുന്നു. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തങ്ങളുടെ സീറ്റുകളുടെ എണ്ണം (ആകെ 42 സീറ്റുകളില്‍) 2014-ലെ രണ്ടില്‍ നിന്ന് 18 ആയി ഉയര്‍ത്തി, വോട്ട് വിഹിതം 2014-ലെ 17 ശതമാനത്തില്‍നിന്ന് 40 ശതമാനമായി കുതിച്ചുയര്‍ന്നു.

ഈ വോട്ട് മാറ്റം ഇടതുമുന്നണിയുടെ ഉന്നത നേതൃത്വം പോലും തിരിച്ചറിഞ്ഞിരുന്നു. 2019-ല്‍ അന്നത്തെ സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇടത് വോട്ടര്‍മാര്‍ ബിജെപിയെ പിന്തുണച്ചതായി സമ്മതിച്ചിരുന്നു.

‘സിപിഎമ്മിന്റെ പാര്‍ട്ടി അംഗങ്ങളാരും ബിജെപിക്ക് വോട്ട് ചെയ്തിട്ടുണ്ടാകില്ല. എന്നാല്‍ എട്ട് വര്‍ഷത്തെ ടിഎംസി ഭരണകാലത്തെ കടുത്ത അക്രമങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും ഇരയായ ഇടത് അനുഭാവികളായ വോട്ടര്‍മാര്‍ അങ്ങനെ ചെയ്തിട്ടുണ്ട്’- കൊല്‍ക്കത്ത ആസ്ഥാനമായുള്ള ദി ടെലഗ്രാഫ് പത്രം യെച്ചൂരിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഈ മാറ്റം കൂടുതല്‍ ശക്തമായി. ഉള്ളുകൊണ്ട് കമ്മ്യൂണിസ്റ്റുകാരാണെങ്കിലും തങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇടത് വോട്ടര്‍മാര്‍ പറഞ്ഞതായി ഗ്രൗണ്ട് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

‘ഇത് തികച്ചും വിചിത്രമാണെന്ന് എനിക്കറിയാം, കാരണം ഇടതുപക്ഷവും വലതുപക്ഷവും തമ്മില്‍ പൊരുത്തപ്പെടില്ല. എന്നാല്‍ ബിജെപി വിജയിച്ചാല്‍ ഞങ്ങള്‍ ഇടതുപക്ഷത്തേക്ക് തന്നെ മടങ്ങിവരും. അധികാരം മാത്രമല്ല പ്രധാനം. ഒരിക്കല്‍ ടിഎംസി പുറത്തായാല്‍, ഞാന്‍ 100% സിപിഎമ്മിലേക്ക് തന്നെ മടങ്ങും’- ഒരു ഇടത് അനുഭാവി പറഞ്ഞു.

ഈ വികാരം ആ വര്‍ഷത്തെ തിരഞ്ഞെടുപ്പ് ഫലങ്ങളിലും പ്രതിഫലിച്ചു. അന്ന് ടിഎംസി വന്‍ വിജയം നേടിയെങ്കിലും, ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 77 സീറ്റുകള്‍ നേടി ബിജെപി തങ്ങളുടെ സാന്നിധ്യം ശക്തമാക്കി.

 

എന്തുകൊണ്ടാണ് ബിജെപിയെ പിന്തുണച്ചത്?

പശ്ചിമ ബംഗാളിലെ ഇടതുപക്ഷ ചിന്താഗതിയുള്ള വോട്ടര്‍മാര്‍ എപ്പോഴാണ് ബിജെപിയിലേക്ക് മാറിയതെന്ന് നമുക്കറിയാം. എന്നാല്‍ എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു? പ്രത്യയശാസ്ത്രപരമായി നോക്കിയാല്‍ ഇടതുപക്ഷവും ബിജെപിയും കാന്തിക സൂചിയുടെ വടക്കും തെക്കും ധ്രുവങ്ങള്‍ പോലെ തികച്ചും വിപരീത ദിശകളിലാണ് സഞ്ചരിക്കുന്നത്.

ആദ്യത്തെ കാരണം അതിജീവനം മാത്രമാണ്. അധികാരത്തില്‍ വന്നത് മുതല്‍, മമതയുടെ ടിഎംസി ഇടത് പ്രവര്‍ത്തകരെ നിരന്തരം വേട്ടയാടുകയും പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും ആക്രമിക്കുകയും ഓഫീസുകള്‍ പിടിച്ചെടുക്കുകയും അവരെ ഒളിവില്‍ പോകാനോ അല്ലെങ്കില്‍ ബിജെപി പോലുള്ള ബദല്‍ മാര്‍ഗങ്ങള്‍ തേടാനോ നിര്‍ബന്ധിതരാക്കുകയും ചെയ്തു.

‘2011-ല്‍ അധികാരത്തില്‍ വന്നതിന് ശേഷം, കോണ്‍ഗ്രസും ഇടതുപക്ഷവും ഉള്‍പ്പെടെയുള്ള മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെ ദുര്‍ബലപ്പെടുത്തുന്നതിലായിരുന്നു അവരുടെ (മമതാ ബാനര്‍ജി) ശ്രദ്ധ. ഈ പാര്‍ട്ടികളിലെ പല നേതാക്കളും ഒന്നുകില്‍ അവരുടെ പാര്‍ട്ടിയില്‍ ചേര്‍ന്നു, അല്ലെങ്കില്‍ സംരക്ഷണത്തിനും രാഷ്ട്രീയ നിലനില്‍പ്പിനുമായി ബിജെപിയിലേക്ക് മാറി. കാലക്രമേണ, അവരെ എതിര്‍ക്കുന്നവര്‍ക്ക് ബിജെപി ഒരുതരം ‘ലൈഫ് ഇന്‍ഷുറന്‍സ് പോളിസി’ ആയി മാറി’- ടിഎംസി രാജ്യസഭാ എംപിയായ ജവഹര്‍ സിര്‍കാര്‍ മേയ് ആറി-ന് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

വിശ്വസനീയമായ ബദലിന്റെ അഭാവം

‘മമത ഇടത് പ്രവര്‍ത്തകരോട് പ്രതികാര ബുദ്ധിയോടെയാണ് പെരുമാറിയതെന്ന് പറയാം. 2011-നും 2016-നും ഇടയില്‍ അവര്‍ പ്രതിപക്ഷത്തെ പൂര്‍ണമായി ഇല്ലാതാക്കാന്‍ ശ്രമിച്ചു. 2016-ല്‍ ടിഎംസി 294 നിയമസഭാ സീറ്റുകളില്‍ 211 സീറ്റുകളും നേടി വിജയിച്ചു. ഇടതുപക്ഷത്തില്‍ നിന്നും ശക്തമായ പ്രതിരോധം ഉണ്ടാകുന്നില്ലെന്ന് അണികള്‍ക്ക് മനസിലായി. ഇതോടെ വലിയൊരു വിഭാഗം ഹിന്ദു ഇടത് പ്രവര്‍ത്തകര്‍ ബിജെപിയെ ഏറ്റവും മികച്ച ബദലായി കാണാന്‍ തുടങ്ങി’- കൊല്‍ക്കത്തയിലെ ആലിയ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറും രാഷ്ട്രീയ നിരീക്ഷകനുമായ മുഹമ്മദ് റിയാസ് പറഞ്ഞു.

ഈ 2026-ലെ പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലും സമാനമായ വികാരമാണ് നിലനിന്നിരുന്നതെന്ന് സിപിഐ(എം) പ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. ‘ഞങ്ങള്‍ക്ക് പ്രാദേശികമായി വലിയ പിന്തുണ ഉണ്ടായിരുന്നെങ്കിലും, വിശ്വസനീയമായ ഒരു ബദലായി മാറാന്‍ മാത്രമുള്ള സംഘടനാ ശേഷി പാര്‍ട്ടിക്കുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഞങ്ങളുടെ അനുഭാവികളില്‍ പലരും ബിജെപിക്ക് വോട്ട് ചെയ്തത്’- സിപിഐ(എം) പ്രവര്‍ത്തകനായ റോയ് പറഞ്ഞു.

ബിജെപിയുടെ പ്രത്യയശാസ്ത്രം ഒരു സാധാരണ ഇടത് വോട്ടറുടെ ചിന്താഗതികള്‍ക്ക് തികച്ചും വിരുദ്ധമാണെങ്കിലും, ബംഗാളിലെ ഇടതുപക്ഷ സ്വാധീനം പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന മമതയുടെ തൃണമൂലിനെയാണ് അവര്‍ ഏറ്റവും വലിയ ഭീഷണിയായി കണ്ടത്. പല ഇടത് അനുഭാവികളും ഇതിനെ ലളിതമായി വിശേഷിപ്പിച്ചത് ‘എബാര്‍ റാം, പോരെ ബാം’ എന്നാണ്. അതായത്, ‘ഈ തവണ ഞങ്ങള്‍ റാമിന് (ബിജെപിക്ക്) വോട്ട് ചെയ്യും, അടുത്ത തവണ ഇടതുപക്ഷത്തിന് വോട്ട് ചെയ്യും’

ബിജെപിയുടെ വിജയം ‘ഇടത് അനുഭാവികള്‍ പെട്ടെന്ന് ഹിന്ദുത്വ രാഷ്ട്രീയം സ്വീകരിച്ചെന്നോ ഇടത് പ്രത്യയശാസ്ത്രങ്ങള്‍ ഉപേക്ഷിച്ചെന്നോ അര്‍ത്ഥമാക്കുന്നില്ല’ എന്നാണ്. ന്യൂ ബാരക്പൂരില്‍ നിന്നുള്ള ഒരു സിപിഐ(എം) പ്രവര്‍ത്തകന്‍ പറഞ്ഞത്. ‘പകരം, ആ നിമിഷത്തിലെ ഇടത് സംഘടനയുടെ ദൗര്‍ബല്യത്തെയാണ് ഇത് കാണിക്കുന്നത്. ടിഎംസിയെ നേരിട്ട് വെല്ലുവിളിക്കാന്‍ ഇടതുപക്ഷത്തിന് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഭരണപരമായും തിരഞ്ഞെടുപ്പ് പരമായും കരുത്തില്ലെന്ന് വോട്ടര്‍മാര്‍ വിശ്വസിച്ചു’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

2026-ലെ തിരഞ്ഞെടുപ്പില്‍ ഇടത് വോട്ടര്‍മാര്‍ ബിജെപിയെ എങ്ങനെ സഹായിച്ചു?

തങ്ങള്‍ ഏറെ നാളായി വിജയിക്കാന്‍ ആഗ്രഹിച്ച പശ്ചിമ ബംഗാളില്‍ ബിജെപിയെ അധികാരത്തില്‍ എത്തിച്ചത് പൂര്‍ണമായും മുന്‍ ഇടത് വോട്ടര്‍മാരാണെന്ന് പറയുന്നത് ശരിയല്ല. സ്ത്രീ വോട്ടര്‍മാര്‍ വലിയ തോതില്‍ ബിജെപിയിലേക്ക് മാറിയതും ഭരണവിരുദ്ധ വികാരവും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ആകെ 294 സീറ്റുകളില്‍ 207 സീറ്റുകളും 45% വോട്ട് വിഹിതവും നേടി ബിജെപി വിജയിച്ചപ്പോള്‍, അത് പരമ്പരാഗത വോട്ട് ബാങ്കുകളെ മറികടന്നുള്ള പിന്തുണയാണെന്ന് മനസിലാക്കാം. ചെറിയ ഭൂരിപക്ഷത്തിന് ബിജെപി വിജയിച്ച സീറ്റുകളില്‍ ഈ മാറ്റം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

ബിജെപിക്ക് മുന്നില്‍ ഒരു ശക്തമായ ബദലായി മാറാന്‍ ഇടതുപക്ഷം പരാജയപ്പെട്ടതും ടിഎംസിയെ താഴെയിറക്കണമെന്ന ജനങ്ങളുടെ കടുത്ത ആഗ്രഹവുമാണ് ഈ മാറ്റത്തിന് പ്രധാന കാരണം.

‘ബംഗാളിലെ ജനങ്ങള്‍ക്ക് ടിഎംസിയെ അധികാരത്തില്‍ നിന്ന് പുറത്താക്കണമായിരുന്നു. അതിനാല്‍ അവര്‍ കണ്ണുമടച്ച് ബിജെപിക്ക് വോട്ട് ചെയ്തു’- ന്യൂ ബാരക്പൂരിലെ സിപിഐ(എം) പ്രവര്‍ത്തകനായ കൃഷ്ണേന്ദു മൈത്ര പറഞ്ഞു. ടിഎംസിയെ പുറത്താക്കാനുള്ള ആഗ്രഹം വളരെ ശക്തമായിരുന്നതിനാല്‍ മിക്ക വോട്ടര്‍മാരും ബിജെപിയുടെ വാഗ്ദാനങ്ങള്‍ പോലും കാര്യമാക്കിയില്ലെന്നും അവര്‍ ടിഎംസിക്ക് ബദലായി ബിജെപിയെ കണ്ട് വോട്ട് ചെയ്യുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജാദവ്പൂര്‍, ഉത്തര്‍പാറ, ഡംഡം, ഡം ഡം ഉത്തര്‍, അസന്‍സോള്‍ തുടങ്ങിയ സീറ്റുകള്‍ ബിജെപിയിലേക്ക് മാറിയത് ഇതിന് ഉദാഹരണമാണ്. മീനാക്ഷി മുഖര്‍ജി, ദീപ്ഷിത ധര്‍ തുടങ്ങിയ പ്രമുഖ ഇടത് നേതാക്കള്‍ പോലും ബിജെപി സ്ഥാനാര്‍ത്ഥികളോട് പരാജയപ്പെട്ടു.

സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയതും ഇതില്‍ പങ്കുവഹിച്ചു. സംസ്ഥാനത്ത് കേന്ദ്ര സേനയെ വന്‍തോതിലായിരുന്നു വിന്യസിച്ചിരുന്നത്. അടുത്ത കാലത്തൊന്നും കാണാത്ത അത്രയും സമാധാനപരമായ അന്തരീക്ഷത്തിലാണ് തിരഞ്ഞെടുപ്പ് നടന്നതെന്ന് ജനങ്ങള്‍ പറയുന്നു. ഇത് ഇടത് അനുഭാവികള്‍ക്കും നിഷ്പക്ഷ വോട്ടര്‍മാര്‍ക്കും ഭയമില്ലാതെ വോട്ട് രേഖപ്പെടുത്താന്‍ അവസരമൊരുക്കി.

‘2021 മുതല്‍ വോട്ട് ചെയ്യാന്‍ ടിഎംസി തങ്ങളെ അനുവദിക്കാതിരുന്നതിനാല്‍ ഞങ്ങളുടെ അനുഭാവികളില്‍ പലരും നിരാശരായിരുന്നു. എന്നാല്‍ 2026-ല്‍ കേന്ദ്ര സേനയുടെ സാന്നിധ്യം സുരക്ഷിതമായ വോട്ടെടുപ്പ് ഉറപ്പാക്കിയപ്പോള്‍, സ്വന്തം പാര്‍ട്ടിക്ക് വേണ്ടത്ര കരുത്തില്ലെന്ന് കണ്ട് ടിഎംസിയെ പുറത്താക്കാന്‍ ഞങ്ങളുടെ വോട്ടര്‍മാര്‍ ബിജെപിക്ക് വോട്ട് ചെയ്യുകയായിരുന്നു’- റോയ് പറഞ്ഞു.

എന്നിരുന്നാലും ഇടതുപക്ഷത്തിന് ചില നേട്ടങ്ങളുമുണ്ടായിട്ടുണ്ട്. 2021-നെ അപേക്ഷിച്ച് തങ്ങളുടെ വോട്ട് വിഹിതം നിലനിര്‍ത്താന്‍ ഇടതുമുന്നണിക്ക് സാധിച്ചതായി ഭട്ടാചാര്യ നിരീക്ഷിക്കുന്നു.

2021-ല്‍ ഇടതുമുന്നണി സഖ്യത്തിന് (കോണ്‍ഗ്രസ് ഒഴികെ) ഏകദേശം 5.7% വോട്ട് ലഭിച്ചിരുന്നെങ്കില്‍, 2026-ല്‍ അത് ഏകദേശം 6.7% ആയി ഉയര്‍ന്നു. ഇത് കാണിക്കുന്നത് ഇടത് പക്ഷത്തിന്റെ കാതലായ അണികള്‍ ഇപ്പോഴും ഒപ്പമുണ്ടെന്നാണ്. ഉത്തര്‍പാറ പോലെയുള്ള ചില സീറ്റുകളില്‍ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും വോട്ട് വിഹിതം വര്‍ദ്ധിപ്പിക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞു.

മുസ്ലിം വോട്ടുകള്‍ ഭിന്നിച്ചതും ഇടതുപക്ഷത്തിന് അനുകൂലമായി. മുര്‍ഷിദാബാദില്‍ സിപിഐ(എം) ഡോംകല്‍ സീറ്റ് നേടിയപ്പോള്‍, ഇടതുപക്ഷവുമായി സഖ്യത്തിലുള്ള നൗഷാദ് സിദ്ദിഖിയുടെ നേതൃത്വത്തിലുള്ള ഐഎസ്എഫ് ഭംഗര്‍ സീറ്റ് ടിഎംസിയില്‍ നിന്ന് പിടിച്ചെടുത്തു.

ബംഗാളില്‍ ഇനി ഇടതുപക്ഷത്തിന്റെ ഭാവി എന്താണ്?

2019 മുതല്‍, ഇടത് അനുഭാവികളില്‍ ഒരു വിഭാഗം ബിജെപിയെ പിന്തുണച്ചത് മമതയുടെ ടിഎംസി ഭരണത്തെ താഴെയിറക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു, ആ ലക്ഷ്യം ഇപ്പോള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഇനി എന്താണ് സംഭവിക്കുക?

ചില പുനരുജ്ജീവന ശ്രമങ്ങളുടെ സൂചനകള്‍ ഇപ്പോള്‍ തന്നെ കണ്ടുതുടങ്ങിയിട്ടുണ്ട്. 2011-ലെ പരാജയത്തിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് പിടിച്ചെടുക്കുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്ത തങ്ങളുടെ പാര്‍ട്ടി ഓഫീസുകള്‍ സിപിഐ(എം) ഉള്‍പ്പെടെയുള്ള ഇടതുമുന്നണി പ്രവര്‍ത്തകര്‍ തിരിച്ചുപിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

പലയിടങ്ങളിലും പ്രാദേശിക ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലാണ് ഈ ഓഫീസുകള്‍ ഇടതുമുന്നണിക്ക് കൈമാറിയത്. എങ്കിലും ഇവ പ്രാരംഭ ഘട്ടങ്ങള്‍ മാത്രമാണ്. ബിജെപിയുടെ വിജയത്തിന് ശേഷം സംസാരിച്ച സിപിഐ(എം) പ്രവര്‍ത്തകരും അനുഭാവികളും സംശയങ്ങളും പ്രതീക്ഷകളും ഒരുപോലെ പങ്കുവെച്ചു. ‘ബിജെപി തങ്ങള്‍ക്കെതിരെ ശക്തമായ ഒരു പ്രതിപക്ഷം വളര്‍ന്നുവരാന്‍ അനുവദിക്കുമെന്ന് ഞാന്‍ കരുതുന്നില്ല’- ഒരു പ്രവര്‍ത്തകന്‍ പറഞ്ഞു.

കൂച്ച് ബിഹാറിലെ ദിന്‍ഹാതയില്‍ ഫോര്‍വേഡ് ബ്ലോക്ക് പ്രവര്‍ത്തകര്‍ തങ്ങളുടെ പാര്‍ട്ടി ഓഫീസ് തിരിച്ചുപിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ എക്‌സില്‍ പ്രചരിച്ചിരുന്നു. ബിജെപി നേതാവ് പിയാലി ഗുപ്തയുടെ സാന്നിധ്യത്തിലായിരുന്നു ഇത്. ഒരു കമ്മ്യൂണിസ്റ്റിന്റെ മകളായ തനിക്ക് മമതാ ബാനര്‍ജിയുടെ ഭരണകാലത്ത് പിതാവിന്റെ അന്ത്യകര്‍മ്മങ്ങള്‍ പോലും ദിന്‍ഹാതയില്‍ ചെയ്യാന്‍ ടിഎംസി നേതാക്കള്‍ അനുവദിച്ചില്ലെന്ന് അവര്‍ വിതുമ്പലോടെ പറയുന്നതും ആ വീഡിയോയിലുണ്ടായിരുന്നു.

അതുകൊണ്ട് കൊല്‍ക്കത്തയുടെ ആകാശത്ത് വീണ്ടുമൊരു ചുവപ്പുപ്രഭ ഉദിച്ചുയരുമോ?

അത് പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ബംഗാളിലെ വോട്ടര്‍മാര്‍ക്ക് കടുത്ത ക്ഷമയുണ്ട്. അവര്‍ 34 വര്‍ഷം ഇടതുപക്ഷത്തെയും 15 വര്‍ഷം ടിഎംസിയെയും പിന്തുണച്ചു.

ഏത് സാഹചര്യത്തിലും അതിജീവിക്കാന്‍ ഇടതുപക്ഷത്തിന് അറിയാം. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ടിഎംസി തങ്ങളുടെ നേതാക്കളെയും പ്രവര്‍ത്തകരെയും വേട്ടയാടിയിട്ടും സംഘടന ദുര്‍ബലമായെങ്കിലും അവര്‍ ഇപ്പോഴും സജീവമായി തുടരുന്നു. എല്ലാ തിരഞ്ഞെടുപ്പുകളിലും അവര്‍ മത്സരിക്കുന്നുണ്ട്. അനുഭാവികളില്‍ പലരും ബിജെപിയിലേക്ക് മാറിയെങ്കിലും, കടുത്ത വിശ്വസ്തരായ ഒരു കൂട്ടം അണികള്‍ ഇപ്പോഴും അവര്‍ക്കുണ്ട്. വോട്ടെടുപ്പിന്റെ രണ്ടാം ഘട്ടം കഴിഞ്ഞയുടന്‍ പാര്‍ട്ടി പതാകകള്‍ കേടുപാടുകള്‍ കൂടാതെ അഴിച്ച് സൂക്ഷിക്കുന്ന ഇടത് പ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ എക്‌സില്‍ കാണാമായിരുന്നു.

തൃണമൂല്‍ ഭരണം ഇപ്പോള്‍ ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ഇനി ഇടതുപക്ഷത്തിന് മുന്നിലുള്ള വഴി വ്യക്തമാണ്. ഒന്നുകില്‍ അവര്‍ ടിഎംസിയുടെ തകര്‍ച്ചയോടെ ഉണ്ടാകുന്ന പ്രതിപക്ഷ ശൂന്യത നികത്തി തങ്ങളുടെ പഴയ വോട്ടര്‍മാരെ തിരികെ കൊണ്ടുവരണം, അല്ലെങ്കില്‍ 2011-ന് ശേഷം വീണുപോയ അപ്രസക്തിയുടെ കയത്തിലേക്ക് അവര്‍ വീണ്ടും വഴുതിവീഴും. എന്തായാലും ഇടത് അനുഭാവികള്‍ അവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച കാര്യം ചെയ്തു കഴിഞ്ഞു. ‘എബാര്‍ റാം, പോരെ ബാം’ എന്ന തന്ത്രത്തിലൂടെ അവര്‍ ടിഎംസിയെ പരാജയപ്പെടുത്തിയിരിക്കുന്നു.

#WestBengalAssemblyElection2026, #SuvenduAdhikariWestBengalCM, #BJPWinBengal, #CPIMVoteShareBengal, #TMCDefeatBengal, #SitaramYechuryStatement, #BhabanipurAssemblyResult, #BengalLeftToRightShift, #MamataBanerjeeDefeat, #NewBarrackporeCPIM, #BengalPanchayatViolenceLegacy, #DipsitaDharDumDum, #SaffronWaveBengal, #MalayalamNewsBengalPolitics, #IndianElections2026

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: