Breaking NewsKeralaLead NewsNEWSpolitics

ഐ.സി ബാലകൃഷ്ണൻ വി.ഡി സതീശനെ പിന്തുണച്ചില്ല; പുൽപ്പള്ളിയിൽ പാർട്ടിക്കുള്ളിൽ വിമർശനം, തർക്കം

പുല്‍പ്പള്ളി: മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ചൊല്ലിയുള്ള കോണ്‍ഗ്രസ് അകത്തള ചര്‍ച്ചകള്‍ വയനാട്ടിലും ചൂടുപിടിക്കുന്നു. ബത്തേരി നിയോജകമണ്ഡലത്തില്‍നിന്ന് വിജയിച്ച എം.എല്‍.എ. ഐ.സി. ബാലകൃഷ്ണന്‍ കെ.സി. വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും പിന്തുണച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ, കോണ്‍ഗ്രസ് പുല്‍പ്പള്ളി മണ്ഡലം കമ്മിറ്റി യോഗം കടുത്ത വാക്കേറ്റത്തിനും ഭിന്നതയ്ക്കും വേദിയായി.

നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന യോഗത്തിലാണ് ഐ.സി. ബാലകൃഷ്ണനെതിരെ ഒരു വിഭാഗം നേതാക്കള്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കാതിരുന്നതാണ് പ്രവര്‍ത്തകരുടെയും പ്രാദേശിക നേതാക്കളുടെയും പ്രധാന പ്രതിഷേധകാരണം.

Signature-ad

തിരഞ്ഞെടുപ്പ് വിജയത്തിനായി പ്രവര്‍ത്തിച്ച പ്രവര്‍ത്തകരുടെയും മണ്ഡലത്തിലെ പൊതുവികാരത്തിന്റെയും പ്രാധാന്യം കണക്കിലെടുക്കാതെയാണ് ഐ.സി. ബാലകൃഷ്ണന്‍ വ്യക്തിപരമായ നിലപാട് സ്വീകരിച്ചതെന്ന വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നത്. ഹൈക്കമാന്‍ഡ് നിയോഗിച്ച നിരീക്ഷകര്‍ക്ക് മുന്നില്‍ അഭിപ്രായം അറിയിക്കുന്നതിന് മുമ്പ് പ്രാദേശിക നേതൃത്വവുമായി ചര്‍ച്ച നടത്തണമായിരുന്നുവെന്ന ആവശ്യവും ശക്തമായി ഉയര്‍ന്നു.

ഐ.സി. ബാലകൃഷ്ണനെ അനുകൂലിച്ച് ചില നേതാക്കള്‍ വിശദീകരണം നല്‍കാന്‍ ശ്രമിച്ചെങ്കിലും, യോഗത്തിലെ ഭൂരിപക്ഷത്തിന്റെ പ്രതിഷേധത്തിന് മുന്നില്‍ ആ വാദങ്ങള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചില്ല. കെ.സി. വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും പിന്തുണച്ച നടപടി അംഗീകരിക്കാനാവില്ലെന്ന നിലപാടിലായിരുന്നു ഭൂരിഭാഗം നേതാക്കളും.

കെ.പി.സി.സി.യും ഡി.സി.സി.യും ഉള്‍പ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു മണ്ഡലം ഭാരവാഹികളുടെയും ബൂത്ത് പ്രസിഡന്റുമാരുടെയും യോഗം നടന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രതിപക്ഷ നേതാവായി യു.ഡി.എഫിനെ നയിച്ച വി.ഡി. സതീശനെയാണ് മുഖ്യമന്ത്രിയാക്കേണ്ടതെന്ന അഭിപ്രായം യോഗത്തില്‍ ശക്തമായി ഉയര്‍ന്നു.

എന്നാല്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാന്‍ഡാണെന്നും വിഷയത്തില്‍ അനാവശ്യമായ ഭിന്നത തുടരേണ്ടതില്ലെന്നും മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് വ്യക്തമാക്കി. തുടര്‍ന്നാണ് പ്രതിഷേധം കടുപ്പിച്ചിരുന്ന നേതാക്കളെ സമാധാനിപ്പിക്കാന്‍ ശ്രമം നടന്നത്.
അതേസമയം, കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പുല്‍പ്പള്ളി മേഖലയിലെ വോട്ടിടിവും യോഗത്തില്‍ വിമര്‍ശനവിധേയമായി. പത്ത് ബൂത്തുകളില്‍ യു.ഡി.എഫ്. രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും നേതൃനിരയെ ആശങ്കപ്പെടുത്തുന്ന ഘടകമായി. ഇതില്‍ ഒന്‍പത് ബൂത്തുകളില്‍ എല്‍.ഡി.എഫും ഒരു ബൂത്തില്‍ ബി.ജെ.പി.യും മുന്നിലെത്തി. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ സംഭവിച്ച വീഴ്ചകള്‍ തന്നെയാണ് തിരിച്ചടിക്ക് കാരണമായതെന്ന വിലയിരുത്തലും യോഗത്തില്‍ ഉയര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: