ഹൈക്കമാൻഡിന്റെ ശാസന വെള്ളത്തിലെ വര; കെ.സി മുഖ്യമന്ത്രിയാകാൻ ‘കൈപ്പത്തി‘ പ്രതിഷ്ഠയുള്ള ഏമൂർ ഹേമാംബിക ക്ഷേത്രത്തിൽ കളഭം കൊണ്ട് തുലാഭാരം; സതീശനെ പിന്തുണയ്ക്കുന്നവരുടെ വക ഫ്ളെക്സും

പാലക്കാട്: മുഖ്യമന്ത്രി ചർച്ച അവസാനിപ്പിക്കണമെന്ന ശാസനം ഉന്നതതലങ്ങളിൽ നിന്നും വന്നിട്ടും സംസ്ഥാനത്ത് കോൺഗ്രസിൽ അക്കാര്യത്തിൽ അടക്കം വന്നിട്ടില്ല. ഒളിഞ്ഞും തെളിഞ്ഞും മുഖ്യമന്ത്രി ചർച്ച കൊഴുക്കുകയാണ്. അതിനിടെ കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകാൻ കളഭം കൊണ്ട് തുലാഭാരം നടത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് തൃശ്ശൂർ മുൻ ജില്ലാ വൈസ് പ്രസിഡന്റായ അഡ്വക്കേറ്റ് സി.എം. അനിൽകുമാർ. അദ്ദേഹത്തിന്റെ ജന്മനക്ഷത്ര ദിനമായ രോഹിണി നാളിൽ വഴിപാട് നേർന്നത്. ഇന്ദിരാ ഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഔദ്യോഗിക ചിഹ്നമായ കൈപ്പത്തി തീരുമാനിക്കുന്നതിന് കാരണമായെന്ന് പറയപ്പെടുന്ന ചരിത്രപ്രസിദ്ധമായ പാലക്കാട് ഏമൂർ ഹേമാംബിക ക്ഷേത്രത്തിലാണ് വഴിപാട് നേർന്നത്.
കെ.സി. മുഖ്യമന്ത്രി ആകണമെന്ന് താൻ വളരെയധികം ആഗ്രഹിക്കുന്നതായി സി.എം. അനിൽ കുമാർ പറഞ്ഞു. ഈ ക്ഷേത്രത്തിൽ സ്ഥിരമായി പോകുന്ന ഒരാളാണെന്നും ക്ഷേത്രത്തിലെ പ്രതിഷ്ഠ കൈപ്പത്തിയാണ്, ഒരു കോൺഗ്രസുകാരൻ ആയതുകൊണ്ട് സ്ഥിരമായിട്ട് അവിടെ പോകാറുണ്ട്. കുടുംബാംഗങ്ങൾക്ക് വഴിപാട് നടത്തുന്നത് പോലെ തന്നെ പ്രിയ നേതാവായ കെ.സി. വേണുഗോപാലിനും ഒരു തുലാഭാരം നടത്തുകയാണുണ്ടായതെന്നും അനിൽ കുമാർ വ്യക്തമാക്കി. കെ.സി വേണുഗോപാൽ മുഖ്യമന്ത്രി ആകണണെന്ന് മനസ്സുകൊണ്ട് ആഗ്രഹിക്കുന്നുണ്ടെന്നും ആ ആഗ്രഹം നിറവേറാൻ വേണ്ടിയാണ് വഴിപാട് നേർന്നതെന്നും അനിൽ കുമാർ കൂട്ടിച്ചേർത്തു. കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് 100 ശതമാനം ഉറപ്പുണ്ടെന്നും അനിൽ കുമാർ പറഞ്ഞു.
പാലക്കാട് ജില്ലയിലെ അകത്തേത്തറ ഗ്രാമത്തിലാണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്. ശ്രീകോവിലിലെ പ്രതിഷ്ഠ ഭക്തരെ അനുഗ്രഹിക്കുന്ന രൂപത്തിൽ രണ്ടു കൈപ്പത്തികളായതിനാൽ കൈപ്പത്തിക്ഷേത്രം എന്നും അറിയപ്പെടുന്നു. ഭാരതത്തിൽ കൈപ്പത്തി പ്രതിഷ്ഠയുള്ള ഏകക്ഷേത്രവും ഇതാണ്. കല്ലേക്കുളങ്ങര ക്ഷേത്രം ദേശീയ ശ്രദ്ധ ആകർഷിച്ചതു മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സന്ദർശനത്തോടെയാണ്.
അതിനിടെ വി.ഡി. സതീശനെ അനുകൂലിച്ച് മൂവാറ്റുപുഴയിൽ ഫ്ളെക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങൾ എന്ന കുറിപ്പോടെയാണ് ഫ്ളെക്സ് പ്രത്യക്ഷപ്പെട്ടത്. രണ്ടുമൂന്ന് മണിക്കൂറിനുള്ളിൽ ഫ്ളെക്സ് നീക്കം ചെയ്യുകയും ചെയ്തു. സതീശനെ അനുകൂലിച്ചും പ്രതികൂലിച്ചും വിവിധയിടങ്ങളിൽ ഫ്ളെക്സുകൾ നേരത്തെയും പ്രത്യക്ഷപ്പെട്ടിരുന്നു.






