Breaking NewsCrimeKeralaLead NewsNEWSNewsthen SpecialpoliticsSocial MediaTRENDING

‘പാതിവെന്ത തലച്ചോറ്, ഇനിയാരെയും ആഭരണം കൊണ്ട് തിരിച്ചറിയേണ്ട അവസ്ഥ ഉണ്ടാകരുത്’; ഫോറന്‍സിക് സര്‍ജന്റെ കുറിപ്പ്‌

തൃശൂര്‍ മുണ്ടത്തിക്കോട് നിര്‍മാണത്തിനിടെ വെടിക്കെട്ട് സാമഗ്രികള്‍ പൊട്ടിത്തെറിച്ച ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്‍ ഹിതേഷ് ശങ്കര്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പ് ചര്‍ച്ചയാകുന്നു. ദുരന്തത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ മനസില്‍ നിന്ന് മായുന്നില്ലെന്നും ഇത് ആഘോഷങ്ങളെ അവസാനിപ്പിക്കണമെന്ന് പറയാനുള്ള സമയമല്ല, എന്നാല്‍ സുരക്ഷിതത്വമില്ലാത്ത നിർമ്മാണരീതികൾക്ക് വിലക്കേര്‍പ്പെടുത്തേണ്ട സാഹചര്യമാണെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ഇനി ഒരാളെയും തിരിച്ചറിയാൻ ആഭരണങ്ങളുടെ സഹായം തേടേണ്ട സാഹചര്യം ഉണ്ടാകരുത് എന്നെഴുതിയാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

ശരീരഭാഗങ്ങൾ, തൊലി അടക്കം വിവിധ അവയവങ്ങൾ തുടങ്ങി എല്ലുകൾ വരെ തെറിച്ചുവീണ നിലയിൽ ലഭിച്ചുവെന്നും പല മൃതദേഹങ്ങളും പൂർണ്ണമായും കത്തിക്കരിഞ്ഞ് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. തലച്ചോറ് അടക്കം വിവിധ അവയവങ്ങൾ പാതി വെന്ത അവസഥയിലായിരുന്നു. കയ്യിലെ മോതിരം, കാതിലെ കമ്മൽ, മസിലിന്റെ ചുറ്റളവ്, ഹൃദയത്തിലെ രക്ത കുഴലുകളിൽ ഇട്ട സ്റ്റെന്റ്, പല്ലിന്റെ ഘടന, പല്ലിലെ സ്റ്റെയിൻ, സ്ഥിരമായുള്ള പുകയില ഉപയോഗത്തിന്റെ ലക്ഷണങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പലരേയും തിരിച്ചറിയാന്‍ കഴിഞ്ഞത്. പൊള്ളലുകൾക്കൊപ്പം ശ്വാസകോശം, കുടലുകൾ തുടങ്ങിയ അവയവങ്ങള്‍ക്കെല്ലാം ഗുരുതരമായ ആഘാതം സംഭവിച്ചിരുന്നുന്നെന്നും അദ്ദേഹം കുറിച്ചു.

Signature-ad

അപകടകരമായ വെടിക്കെട്ട് നിര്‍മാണ രീതികള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്നും അദ്ദേഹം പറയുന്നു. ‘ആഘോഷങ്ങളെ അവസാനിപ്പിക്കണമെന്ന് പറയാനുള്ള സമയമല്ല. നമ്മുടെ നാടിന്റെ സംസ്കാരത്തോടും ആഘോഷങ്ങളോടും ചേർന്ന് നിൽക്കുന്ന വെടിക്കെട്ടിനെയും പടക്ക നിർമ്മാണത്തെയും പൂർണ്ണമായും നിരാകരിക്കാനാവില്ല. പക്ഷേ നിയന്ത്രണങ്ങളില്ലാത്ത, സുരക്ഷിതത്വമില്ലാത്ത, അതീവ ലാഘവത്തോടെ നടക്കുന്ന നിർമ്മാണരീതികൾ ഇനി ഒരിക്കലും അനുവദിക്കരുത്’– അദ്ദേഹം കുറിച്ചു.

‘ഇത്രയും വലിയ അളവിൽ സ്ഫോടകവസ്തുക്കൾ വളരെ ചെറിയ സ്ഥലത്ത് സൂക്ഷിക്കുന്നതും, അതേ സ്ഥലത്ത് നിരവധി തൊഴിലാളികളെ ഒരുമിച്ച് നിർത്തി ജോലി ചെയ്യിക്കുന്നതും അപകടസാധ്യതയെ പലമടങ്ങ് വർദ്ധിപ്പിക്കുന്നു. നിർമ്മാണം നടക്കുന്ന ഭാഗവും തയ്യാറായ വസ്തുക്കൾ സൂക്ഷിക്കുന്ന ഭാഗവും പൂർണ്ണമായി വേർതിരിക്കണം. അപകടസാധ്യത കുറഞ്ഞ ജോലികൾ ചെയ്യുന്ന തൊഴിലാളികളും നിർമാണം പൂർത്തിയായ സ്ഫോടകവസ്തുക്കളും ഒരേ സ്ഥലത്ത് ഉണ്ടാകരുത്. വെടിക്കെട്ട് നിർമ്മാണപുരകൾ കർശനമായ മേൽനോട്ടത്തിലും ലൈസൻസിങിലും ആയിരിക്കണം പ്രവർത്തിക്കേണ്ടത്. ഓരോ നിർമ്മാണപുരയ്ക്കും സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധമാക്കണം. ചൂട് കൂടുന്ന സമയങ്ങളിൽ ഇത്തരം ജോലികൾ ഒഴിവാക്കണം. രാവിലെ നേരത്തെയും വൈകിട്ട് 3 മണിക്ക് ശേഷവും മാത്രമായി തൊഴിൽ സമയം നിജപ്പെടുത്തുന്നതുപോലുള്ള പ്രായോഗിക നിർദേശങ്ങൾ പരിഗണിക്കണം. ചൂട്, ഘർഷണം, തിരക്ക്, സംഭരണരീതി ഇവയൊക്കെയാണ് ഇത്തരം ദുരന്തങ്ങൾക്ക് വഴിയൊരുക്കുന്നത്’– അദ്ദേഹം കുറിപ്പില്‍ പറയുന്നു.

‘ഒരു മനുഷ്യജീവിതം എത്ര എളുപ്പത്തിൽ നഷ്ടപ്പെടാം എന്നതിന്റെ ഏറ്റവും ഭീകരമായ ഓർമ്മപ്പെടുത്തലാണ് ഈ ദുരന്തം. രക്ഷപെട്ടവരുടെ രോദനം കണ്ണിൽ നിന്നും മായുന്നില്ല. ഒരു ദുരന്തം സംഭവിച്ച ശേഷം മാത്രം ഞെട്ടി നോക്കിക്കൊണ്ടിരിക്കാതെ, അതിനു മുൻപ് തന്നെ തടയാൻ കഴിയുന്ന രീതിയിൽ നിയമങ്ങളും ചട്ടങ്ങളും പുതുക്കേണ്ട സമയമാണിത്. ഇനി ഒരാളെയും തിരിച്ചറിയാൻ ആഭരണങ്ങളുടെ സഹായം തേടേണ്ട സാഹചര്യം ഉണ്ടാകരുത്’– അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നു.

അതേസമയം, ദുരന്തത്തില്‍ കാണാതായ നാലുപേര്‍ക്കായി ഇന്നും തിരച്ചില്‍ തുടരും. ചികില്‍സയിലിരുന്ന ഒരാള്‍കൂടി മരിച്ചതോടെ 10 മരണമാണ് സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. അപകടസ്ഥലത്തുനിന്ന് കണ്ടെത്തിയ ഒന്‍പത് മൃതദേഹങ്ങളില്‍ എട്ടെണ്ണം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. 32 ശരീരഭാഗങ്ങളും ഒരു പൂര്‍ണ മൃതദേഹവുമാണ് ഇനി തിരിച്ചറിയാനുള്ളത്. ഇവയുടെ ഡിഎന്‍എ പരിശോധനാ നടപടികള്‍ തുടരുന്നു. 12പേര്‍ ചികില്‍സയിലാണ്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരം നടത്തിപ്പിൽ സർക്കാരിന്റെ അന്തിമ തീരുമാനവും ഇന്നറിയാം. ദേവസ്വം മന്ത്രി വി.എൻ.വാസവൻ വിളിച്ച ദേവസ്വങ്ങളുടെ യോഗം ഇന്ന് രാവിലെ പത്തരയ്ക്ക് കലക്ടറേറ്റിൽ നടക്കും. വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്തണമെന്നാണ് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: