മമത നേരിടുന്നത് ജീവിതത്തിലെ ഏറ്റവും വലിയ പോരാട്ടം; വോട്ടര്‍ പട്ടികയിലെ കൂട്ടത്തള്ളല്‍ മുതല്‍ ഏജന്‍സികളുടെ സമ്മര്‍ദവും ഭരണ വിരുദ്ധ വികാരവും വരെ; പശ്ചിമ ബംഗാള്‍ ഇന്നു ബൂത്തിലേക്ക്; നിര്‍ണായകമാകുമോ ഇടതുപക്ഷം?
2021-ന് ശേഷം നടന്ന 21 ഉപതിരഞ്ഞെടുപ്പുകളില്‍ 20 എണ്ണത്തിലും ടിഎംസി വിജയിച്ചു. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ടിഎംസി 29 സീറ്റുകള്‍ നേടിയപ്പോള്‍ ബിജെപിക്ക് 12 സീറ്റുകള്‍ മാത്രമേ ലഭിച്ചുള്ളൂ.

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം വ്യാഴാഴ്ച നടക്കാനിരിക്കെ, മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) തുടര്‍ച്ചയായ നാലാം തവണയും അധികാരത്തില്‍ തിരിച്ചെത്താനാണു ലക്ഷ്യമിടുന്നത്. എന്നാല്‍ അവസാന ഘട്ടത്തില്‍ പാര്‍ട്ടിക്കു മുമ്പിലുള്ളത് മുമ്പെങ്ങുമില്ലാത്ത പ്രതിബന്ധങ്ങള്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബംഗാളിലുടനീളം നയിക്കുന്ന ബിജെപിയുടെ കരുത്തുറ്റ പ്രചാരണങ്ങളെ നേരിടാന്‍ ടിഎംസിക്കു കിണഞ്ഞു പരിശ്രമിക്കേണ്ടിവരുന്നു.
2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മുന്നേറ്റം നടത്തിയ ബിജെപി, 42-ല്‍ 18 സീറ്റുകള്‍ നേടിയിരുന്നു; അന്ന് ടിഎംസിക്ക് 22 സീറ്റുകളായിരുന്നു ലഭിച്ചത്. എന്നാല്‍ 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിഎംസി വ്യക്തമായ ആധിപത്യം സ്ഥാപിച്ചു, 294-ല്‍ 215 സീറ്റുകള്‍ നേടി, ബിജെപിയെ 77-ല്‍ ഒതുക്കി.
2021-ന് ശേഷം നടന്ന 21 ഉപതിരഞ്ഞെടുപ്പുകളില്‍ 20 എണ്ണത്തിലും ടിഎംസി വിജയിച്ചു. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ടിഎംസി 29 സീറ്റുകള്‍ നേടിയപ്പോള്‍ ബിജെപിക്ക് 12 സീറ്റുകള്‍ മാത്രമേ ലഭിച്ചുള്ളൂ.
ആദ്യഘട്ടത്തില്‍ 16 ജില്ലകളിലായി 152 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. മുര്‍ഷിദാബാദ്, മാള്‍ഡ, പൂര്‍ബ-പശ്ചിമ മേദിനിപൂര്‍, പശ്ചിമ ബര്‍ദ്ധമാന്‍, ബിര്‍ഭൂം എന്നിവയ്ക്ക് പുറമെ വടക്കന്‍ ബംഗാളിലെ ഡാര്‍ജിലിംഗ്, ജല്‍പായ്ഗുരി, അലിപുര്‍ദുവാര്‍, കൂച്ച് ബെഹാര്‍, ഉത്തര്‍-ദക്ഷിണ ദിനാജ്പൂര്‍ ജില്ലകളും പടിഞ്ഞാറന്‍ ഭാഗത്തെ ഝാര്‍ഗ്രാം, പുരുലിയ, ബങ്കുറ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.
15 വര്‍ഷത്തെ ഭരണത്തിന് ശേഷം ടിഎംസി നേരിടുന്ന പ്രധാന വെല്ലുവിളി ഭരണവിരുദ്ധ വികാരമാണ്. സ്കൂള്‍ ജോലികള്‍, പൊതുവിതരണ സംവിധാനം, കല്‍ക്കരി-കന്നുകാലി കടത്ത് തുടങ്ങിയ വിവിധ അഴിമതി ആരോപണങ്ങളില്‍ ടിഎംസി നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും എതിരെയുള്ള അന്വേഷണങ്ങള്‍ ഇതിന് ആക്കം കൂട്ടിയിട്ടുണ്ട്.
2021-ല്‍ മമത മൂന്നാം തവണയും അധികാരമേറ്റ ശേഷം സിബിഐ, ഇഡി, ആദായനികുതി വകുപ്പ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ ടിഎംസി നേതാക്കള്‍ക്കെതിരെ അന്വേഷണം ശക്തമാക്കി. അധ്യാപക നിയമന അഴിമതിയിലും റേഷന്‍ അഴിമതിയിലും മുതിര്‍ന്ന മന്ത്രിമാരായ പാര്‍ത്ഥ ചാറ്റര്‍ജിയും ജ്യോതിപ്രിയ മല്ലിക്കും അറസ്റ്റിലായി. കന്നുകാലി കടത്ത് കേസില്‍ പ്രബല നേതാവായ അനുബ്രത മണ്ഡലും പിടിയിലായി.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിവാദമായ ‘സ്പെഷല്‍ ഇന്റെന്‍സീവ് റിവിഷന്‍’ (എസ്ഐആര്‍)നെ തുടര്‍ന്ന് ലക്ഷക്കണക്കിന് വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് തുടങ്ങിയ വിഷയങ്ങള്‍ സജീവമായതോടെ അഴിമതി ആരോപണങ്ങള്‍ പിന്നിലായെന്നും ഇത് തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നുമാണ് ടിഎംസി ക്യാമ്പിന്റെ വിശ്വാസം.
ഏജന്‍സികളുടെ നിരീക്ഷണത്തില്‍
തിരഞ്ഞെടുപ്പിന് മുന്നോടിയായി, മന്ത്രിമാരായ സുജിത് ബോസ്, രതിന് ഘോഷ്, സ്ഥാനാര്‍ത്ഥികളായ ദേബാശിഷ് കുമാര്‍, മാനബ് കുമാര്‍ പരുവ എന്നിവരുള്‍പ്പെടെയുള്ള ടിഎംസി നേതാക്കള്‍ക്കെതിരായ അന്വേഷണം ഇഡിയും എന്‍ഐഎയും ഊര്‍ജിതമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണം നിയന്ത്രിക്കുന്ന ഐ-പാക് (I-PAC) എന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന് നേരെയും ഇഡി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
ഏപ്രില്‍ 19-ന് കൊല്‍ക്കത്ത പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ശന്തനു സിന്‍ഹ ബിശ്വാസിന്റെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തുകയും ഭൂമി കൈയേറ്റ കേസില്‍ ജോയ് കംദാര്‍ എന്ന ബിസിനസുകാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇതിനെതിരെ മമത ബാനര്‍ജി പ്രതികരിച്ചത് ഇങ്ങനെയാണ്: ‘ഞങ്ങള്‍ എല്ലാത്തിന്റേയും റെക്കോര്‍ഡ് സൂക്ഷിക്കുന്നുണ്ട്.’ ബിശ്വാസിനെതിരെയുള്ള നടപടിയെ സൂചിപ്പിച്ചുകൊണ്ട് അവര്‍ പറഞ്ഞു, ‘എന്റെ സുരക്ഷ നോക്കുന്നയാളുടെ വീട്ടിലാണ് അവര്‍ റെയ്ഡ് നടത്തുന്നത്. എന്നെ കൊല്ലാനാണോ അവര്‍ ഉദ്ദേശിക്കുന്നത്? എന്നെ കൊന്നുകൊണ്ട് ബംഗാളില്‍ വിജയിക്കാമെന്ന് അവര്‍ കരുതുന്നുണ്ടെങ്കില്‍ അതിനും ശ്രമിക്കാം’.
വോട്ടര്‍ പട്ടികയിലെ വെട്ടിത്തിരുത്തലുകള്‍
ബംഗാളില്‍ വോട്ടര്‍ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷന് നടപ്പിലാക്കിയ നടപടികള്‍ക്കെതിരെ ടിഎംസി കടുത്ത പ്രതിഷേധത്തിലാണ്. ബിജെപിക്ക് വേണ്ടി യഥാര്‍ഥ വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കാനാണ് കമ്മീഷന് ശ്രമിക്കുന്നതെന്ന് ടിഎംസി ആരോപിക്കുന്നു. എന്നാല്‍ വ്യാജ വോട്ടര്‍മാരെയാണ് നീക്കം ചെയ്തതെന്നാണ് ബിജെപിയുടെ വാദം.
ഈ പ്രക്രിയയിലൂടെ 27 ലക്ഷം വോട്ടര്‍മാരെയാണ് ഒഴിവാക്കിയത്. ഇത് ബിജെപിക്ക് തിരിച്ചടിയാകുമെന്നു ടിഎംസി കരുതുന്നു. ഒഴിവാക്കപ്പെട്ട വോട്ടര്‍മാരുടെ ബന്ധുക്കള്‍ ബിജെപിക്ക് വോട്ട് ചെയ്യില്ലെന്നും, വോട്ടര്‍മാര്‍ക്കായി മമത സുപ്രീം കോടതിയില്‍ നടത്തിയ പോരാട്ടം ജനങ്ങള്‍ മറക്കില്ലെന്നും ടിഎംസി നേതാക്കള്‍ അവകാശപ്പെടുന്നു.
ഭരണപരമായ അഴിച്ചുപണി
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ഉദ്യോഗസ്ഥ തലത്തില്‍ വന്‍ അഴിച്ചുപണിയാണ് കമ്മീഷന് നടത്തിയത്. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി, കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ എന്നിവരടക്കം 500-ലധികം ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചു. ബംഗാളിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഗൂഢാലോചനയാണിതെന്ന് മമത ആരോപിക്കുമ്പോള്‍, സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പിന് ഇത് അനിവാര്യമാണെന്ന് ബിജെപി വാദിക്കുന്നു.
വര്‍ഗീയ ധ്രുവീകരണം
ഹിന്ദു വോട്ടുകള്‍ ഏകീകരിച്ച് ഭൂരിപക്ഷം നേടാനാണ് ബിജെപിയുടെ ശ്രമം. സംസ്ഥാനത്തെ 30 ശതമാനം വരുന്ന മുസ്ലിം ജനവിഭാഗം 2011 മുതല്‍ മമതയെയാണ് പിന്തുണയ്ക്കുന്നത്. എന്നാല്‍ വഖഫ് നിയമം, ഒബിസി പട്ടിക തുടങ്ങിയ വിഷയങ്ങളില്‍ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ടെന്നത് ടിഎംസിക്ക് വെല്ലുവിളിയാണ്. കോണ്‍ഗ്രസ്, ഐഎസ്എഫ് തുടങ്ങിയ പാര്‍ട്ടികള്‍ മുസ്ലിം വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള സാധ്യതയും ടിഎംസി ഭയപ്പെടുന്നു.
ഭവാനിപൂര്‍
സ്വന്തം മണ്ഡലമായ ഭവാനിപൂരിലും മമത കടുത്ത വെല്ലുവിളി നേരിടുന്നുണ്ട്. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി. ഭവാനിപൂരില്‍ മാത്രം ഏകദേശം 51,000 വോട്ടര്‍മാരെ (21%) പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് മമതയ്ക്ക് കടുത്ത വെല്ലുവിളിയാണ്. 2021-ലെ ഉപതിരഞ്ഞെടുപ്പില്‍ 58,800 വോട്ടുകള്‍ക്കായിരുന്നു ഇവിടെ മമത വിജയിച്ചത്. അതിനാല്‍ അവസാനഘട്ടത്തില്‍ ഭവാനിപൂരില്‍ നേരിട്ടെത്തി പ്രചാരണം നടത്താനാണ് മമതയുടെ തീരുമാനം.
കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍
ബിജെപിക്കൊപ്പം, പശ്ചിമബംഗാളില്‍ ശക്തമായ അടിത്തറയുണ്ട് സിപിഎമ്മിന്. ഇവര്‍ ഇക്കുറി മികച്ച സ്ഥാനാര്‍ഥികളെ നിര്‍ത്തിയാണ് വോട്ട് അഭ്യര്‍ഥിക്കാന്‍ ഇറങ്ങിയത്. ദേശീയ നേതാക്കളെയടക്കം എത്തിച്ചു വ്യാപക പ്രചാരണവും നടത്തി. എന്നാല്‍, തൃണമൂല്‍ പ്രവര്‍ത്തകരുടെ ആക്രമണങ്ങളായിരുന്നു പല ഇടതുപക്ഷ പ്രവര്‍ത്തരുടെയും പ്രവര്‍ത്തനങ്ങള്‍ക്കു തടസം. 15 വര്‍ഷത്തെ ഭരണത്തിനുശേഷം മമതയ്ക്കെതിരേ ഇടതുസ്വാധീനം എങ്ങനെ പ്രവര്‍ത്തിക്കുമെന്നും നേതാക്കള്‍ ഉറ്റുനോക്കുന്നു.
#MamataBanerjee, #WestBengalElection2026, #TMC, #BJP Bengal, #BengalPolls, #MamataVsBJP, #Bhabanipur, #PoliticalNewsMalayalam, #SuvenduAdhikari, #TMCvBJP #VoterDeletion, #SIR, #AntiIncumbency, #CentralAgencies, #EDRaid, #ElectionCommission, #BengalPolitics, #DemocraticBattle, #WestBengalNews, #KeralaToBengal #DailyhuntMalayalam, #BreakingNews, #TrendingNews, #ElectionUpdates, #IndianPolitics, #PoliticalAnalysis, #MamataDi, #ModiInBengal, #DemocraticProcess, #WestBengalAssemblyElection






