Breaking NewsKeralaLead NewsNEWS

പ്രതിഷേധ മാർച്ചിനിടെ ഒരു വനിതാപ്രവർത്തകയെ നൗഫൽ എന്ന പോലീസുകാരൻ കടിച്ചു മുറിവേൽപ്പിച്ചു!! സാംക്രമിക രോഗ സാധ്യതയുള്ള അണുബാധയേറ്റ മലിനജലം വനിതാ പ്രവർത്തകർക്കു നേരെ ഉപയോഗിക്കാൻ ആരാണ് അനുമതി നൽകിയതെന്ന് പോലീസ് വ്യക്തമാക്കണം… മേയർ വി വി രാജേഷ്

തിരുവനന്തപുരം: ബിജെപി കൗൺസിലർമാർക്കും പ്രവർത്തകർക്കുമെതിരെ ബോധപൂർവം തുടർച്ചയായി ആക്രമണം നടത്തുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്യുന്ന വട്ടിയൂർക്കാവ് സിഐ വിപിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് തിരുവനന്തപുരം മേയർ അഡ്വ. വി.വി. രാജേഷ്. വനിതാ കൗൺസിലർമാർ നടത്തിയ പ്രതിഷേധ മാർച്ചിനിടെ നൗഫൽ എന്ന പോലീസുകാരൻ ഒരു പ്രവർത്തകയെ കടിച്ച് പരുക്കേൽപിച്ചതായും മേയർ വാർത്താ സമ്മേളനത്തില്ഡ ആരോപിച്ചു. അതുപോലെ പ്രതിഷേധത്തിനിടെ പോലീസ് വനിതാ പ്രവർത്തകർക്കുനേരെ മലിനജലം ഉപയോഗിച്ചാണ് ജലപീരങ്കിപ്രയോഗം നടത്തിയതെന്നും മേയർ പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡെപ്യൂട്ടി മേയർ ആശാനാഥ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സത്യവതി വി., മഞ്ജു ജി.എസ്. എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

പ്രതിഷേധ മാർച്ചിനിടെ വനിതാ കൗൺസിലർമാർക്കെതിരെ നടന്ന ക്രൂരമായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായും മേയർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘കഴിഞ്ഞദിവസം വനിതാ കൗൺസിലർമാർ നടത്തിയ പ്രതിഷേധ മാർച്ചിനുനേരെ പോലീസ് മലിനജലം ഉപയോഗിച്ചാണ് ജലപീരങ്കി പ്രയോഗം നടത്തിയത്. സാംക്രമിക രോഗ സാധ്യതയുള്ള അണുബാധയേറ്റ മലിനജലം ഉപയോഗിക്കാൻ ആരാണ് അനുമതി നൽകിയതെന്ന് പോലീസ് വ്യക്തമാക്കണം.’

Signature-ad

‘അതുപോലെ വനിതാ പ്രവർത്തകരുടെ മാർച്ചാണ് എന്ന് നേരത്തെ അറിയിച്ചിട്ടും സംഭവസ്ഥലത്ത് അഞ്ച് വനിതാ പോലീസുകാർ മാത്രമാണുണ്ടായിരുന്നത്. വനിതാപ്രവർത്തകരെ കയ്യേറ്റം ചെയ്തത് പുരുഷ പോലീസുകാരാണ്. വനിതാപ്രവർത്തകയെ കടിച്ചു മുറിവേൽപ്പിച്ച നൗഫൽ എന്ന പോലീസുകാരനെതിരെയും ക്രൂരമായ മർദ്ദനം നടത്തിയ രാജേഷ് എന്ന പോലീസുകാരനെതിരെയും ശക്തമായ നടപടി സ്വീകരിക്കണം.’ മേയർ ആവശ്യപ്പെട്ടു.

‘ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ സമയം മുതൽ തന്നെ വട്ടിയൂർക്കാവ് സിഐ വിപിന്റെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകരെയും പ്രചാരണ പ്രവർത്തനങ്ങളെയും ഏകപക്ഷീയമായി തടസപ്പെടുത്താനുള്ള നീക്കങ്ങളാണുണ്ടായത്. തെരഞ്ഞെടുപ്പ് ദിവസം കൗൺസിലറെ പരസ്യമായി അധിക്ഷേപിക്കുകയും തട്ടിക്കയറുകയും ചെയ്തു. തെരഞ്ഞെടുപ്പിന് ശേഷവും ഈ അക്രമം ആവർത്തിക്കുകയാണ്. പോലീസ് അതിക്രമത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും.’ അദ്ദേഹം പറഞ്ഞു.

‘അതുപോലെ കഴിഞ്ഞദിവസം മലമുകളിൽ നടന്ന സംഘർഷത്തിൽ പോലീസിനെതിരെ കല്ലേറ് നടത്തിയത് സിപിഎം പ്രവർത്തകരാണെന്ന് എഫ്ഐആറിൽ തന്നെ പറഞ്ഞിട്ടുണ്ട്. എന്നിട്ടും പോലീസ് ബിജെപി പ്രവർത്തകരെയാണ് തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നത്. ബിജെപി പ്രവർത്തകനും പള്ളിക്കമ്മിറ്റി സെക്രട്ടറിയുമായ ബിനുവിനെ ദീപു പിള്ള എന്ന പോലീസുകാരൻ വയർലെസ് സെറ്റുപയോഗിച്ച് മുഖത്തിടിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ചു. പട്ടികജാതിയിൽപ്പെട്ട സുജിത് എന്ന പ്രവർത്തകന്റെ തലയ്ക്കടിച്ച് 12 തുന്നലുകൾ ഉണ്ടാകത്തക്കവിധം സിഐ വിപിൻ ആക്രമിക്കുകയായിരുന്നു. സിഐക്കെതിരെ കർശന നടപടി സ്വീകരിക്കണം. ഈ ആവശ്യവുമായി ദേശീയ പട്ടികജാതി കമ്മീഷന് പരാതി നൽകും.’ മേയർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: