ഡീൽ ഓർ നോ ഡീൽ… ഇറാനെന്ന കില്ലിങ് മെഷീനെ നശിപ്പിക്കേണ്ട സമയമായി… കരാറിലെത്തിയില്ലെങ്കിൽ ഇറാനെ തകർക്കും, ഇറാനിലെ എല്ലാ ഊർജ നിലയങ്ങളും പാലങ്ങളും നശിപ്പിക്കും- ട്രംപ്!! യുഎസ് പ്രതിനിധികൾ വീണ്ടും ഇസ്ലാമാബാദിലേക്ക്

വാഷിങ്ടൺ: ഇറാനുമായുള്ള ചർച്ചയ്ക്കായി വീണ്ടും തന്റെ പ്രതിനിധികൾ ഇസ്ലാമാബാദിലേക്ക് പോകുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം. ട്രൂത്ത് സോഷ്യലിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. യുഎസ് മുന്നോട്ട് വെക്കുന്ന കരാർ അംഗീകരിച്ചില്ലെങ്കിൽ ഇറാനിലെ എല്ലാ ഊർജ നിലയങ്ങളും പാലങ്ങളും തകർത്തുകളയും എന്നും ട്രംപ് പോസ്റ്റിൽ കൂടി അവസാന ഭീഷണി മുഴക്കി.
അതുപോലെ ഹോർമുസ് കടലിടുക്കിൽ ഇന്നലെ ഇറാൻ നടത്തിയ വെടിവെപ്പ്, വെടിനിർത്തൽ കരാറിന്റെ പൂർണ്ണമായ ലംഘനമാണെന്നും ട്രംപ് കുറ്റപ്പെടുത്തി. ‘ഇന്നലെ ഹോർമുസ് കടലിടുക്കിൽ ഇറാൻ വെടിയുതിർക്കാൻ തീരുമാനിച്ചു – നമ്മുടെ വെടിനിർത്തൽ കരാറിന്റെ പൂർണ്ണമായ ലംഘനമാണിത്! അവയിൽ പലതും ഒരു ഫ്രഞ്ച് കപ്പലിനെയും യുകെയിൽ നിന്നുള്ള ഒരു ചരക്കു കപ്പലിനെയും ലക്ഷ്യം വെച്ചായിരുന്നു. അത് നന്നായിരുന്നില്ല, അല്ലേ? എന്റെ പ്രതിനിധികൾ ഇസ്ലാമാബാദിലേക്ക് പോകുന്നു. ചർച്ചകൾക്കായി അവർ നാളെ വൈകുന്നേരം അവിടെയെത്തും- ട്രംപ് ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
അതേസമയം ഹോർമുസ് കടലിടുക്ക് അടച്ചിടുകയാണെന്ന ഇറാന്റെ പ്രഖ്യാപനത്തെ ട്രംപ് പരിഹസിക്കുകയും ചെയ്തു. ‘ഹോർമുസ് കടലിടുക്ക് അടച്ചിടുന്നതായി ഇറാൻ അടുത്തിടെ പ്രഖ്യാപിച്ചു, ഇത് വിചിത്രമാണ്, കാരണം നമ്മുടെ ഉപരോധം ഇതിനകം അതിനെ അടച്ചിട്ടുണ്ട്. അവർ അറിയാതെ നമ്മളെ സഹായിക്കുകയാണ്, അടഞ്ഞ പാതയിൽ ദിവസം 500 മില്യൺ ഡോളറിന്റെ നഷ്ടമാണ് അവർക്കുള്ളത്. അമേരിക്കയ്ക്ക് നഷ്ടമൊന്നും ഇല്ല. വാസ്തവത്തിൽ പല കപ്പലുകളും അമേരിക്കയിലേക്ക് എണ്ണ നിറയ്ക്കാനായി പോകുകയാണ്- ട്രംപ് പറഞ്ഞു
‘ഞങ്ങൾ വളരെ ന്യായവും യുക്തി സഹവുമായ ഒരു ഡീൽ വാഗ്ദാനം ചെയ്യുന്നു, അവർ അത് സ്വീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, കാരണം അവർ അത് സ്വീകരിച്ചില്ലെങ്കിൽ, അമേരിക്ക ഇറാനിലെ എല്ലാ പവർ പ്ലാന്റുകളും എല്ലാ പാലങ്ങളും തകർത്തു കളയും. ഇനി മിസ്റ്റർ നൈസ് ഗൈ ഇല്ല! അവർ വേഗത്തിലും എളുപ്പത്തിലും തകരും, അവർ ഡീൽ സ്വീകരിച്ചില്ലെങ്കിൽ, കഴിഞ്ഞ 47 വർഷമായി മറ്റ് പ്രസിഡന്റുമാർ ഇറാനോട് ചെയ്യേണ്ടിയിരുന്ന, അവർ മാറ്റിവച്ച കാര്യം ചെയ്യാൻ എനിക്ക് അവസരം ലഭിക്കുന്നത് എന്റെ ബഹുമതിയായിരിക്കും. ഇറാനെന്ന കില്ലിങ് മെഷീനെ നശിപ്പിക്കേണ്ട സമയമായി!’ ട്രംപ് കൂട്ടിച്ചേർത്തു.





