“എന്തു മൈ…. ആണ് ഇവിടെ നടക്കുന്നത്? ആർക്കും ആരെയും എന്തു ചെയ്യാം… ആരെ എന്ത് ചെയ്താലും..അത് തല്ലിയാലും, കൊന്നാലും ആർക്കും ഒന്നും പറ്റില്ല എന്ന് ചെയ്യുന്നവർക്ക് അറിയാം…കഷ്ടം തന്നെ… ’’- യുവാവിനെ നടുറോഡിലിട്ട് കൊന്ന സംഭവത്തിൽ അനുശ്രീയുടെ രൂക്ഷ പ്രതികരണം

കഴിഞ്ഞ ദിവസം വിഷു ആഘോഷത്തിനിടെ വിഴിഞ്ഞത്ത് നടുറോഡിൽ യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി നടി അനുശ്രീയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. പച്ചത്തെറി വിളിച്ചുകൊണ്ടാണ് പ്രതികരണം, ആർക്കും ആരെയും എന്തും ചെയ്യാം എന്ന അവസ്ഥയാണ് കേരളത്തിലുള്ളതെന്നും പിന്നെ എന്തിനാണ് ഇവിടെ നിയമങ്ങളെന്നും അനുശ്രീ ചോദിക്കുന്നു.
‘‘വിഴിഞ്ഞം സംഭവത്തിലെ വിഡിയോ ഇപ്പോൾ കാണുവാനിടയായി. എന്തു മൈ…. ആണ് ഇവിടെ നടക്കുന്നത്? എന്താണ് ഇവിടെ നടക്കുന്നത്? ആർക്കും ആരെയും എന്തു ചെയ്യാം..ആരെ എന്ത് ചെയ്താലും..അത് തല്ലിയാലും, കൊന്നാലും ആർക്കും ഒന്നും പറ്റില്ല എന്ന് ചെയ്യുന്നവർക്ക് അറിയാം.
അതുകൊണ്ട് തന്നെയാണ് ഇതൊക്കെ വെറും ലാഘവത്തോടെ ഇവിടെ നടക്കുന്നത്.. പിന്നെ എന്തിനാണ് ഇവിടെ നിയമങ്ങൾ?? എന്തു നിയമങ്ങളാണ് ഇവിടെ ഉള്ളത്?? ആർക്കുവേണ്ടിയാണ് നിയമങ്ങൾ?? കഷ്ടം തന്നെ… കളളും കഞ്ചാവും അടിച്ചു കേറ്റീട്ട് കാണിച്ചു കൂട്ടുന്ന തെമ്മാടിത്തരങ്ങൾ…ദൈവത്തിന്റെ സ്വന്തം നാട്.’’–അനുശ്രീ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
അതേസമയം കഴിഞ്ഞ ദിവസം മുക്കോലയിലെ ബാറിന് മുന്നിലെ റോഡിൽ മദ്യലഹരിയിൽ സഹോദരങ്ങൾ ചേർന്ന് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയത് ആൾക്കൂട്ടം നോക്കിനിൽക്കെയാണ്. യുവാവിനെ മർദിക്കുന്ന ദൃശ്യങ്ങൾ കണ്ടുനിന്നവർ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഇത് സാമൂഹിക മാധ്യമങ്ങളിലുൾപ്പെടെ വ്യാപകമായി അതു പ്രചരിച്ചു. സംഭവത്തിൽ സഹോദരങ്ങളായ അച്ചു (24), അനന്തു (19) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
വ്യാഴാഴ്ച രാത്രി മുക്കോലയിലെ ബാറിൽ മദ്യപിക്കുന്നതിനിടെ അച്ചുവും മറ്റൊരാളുമായി ഉണ്ടായ തർക്കത്തിൽ സുമൻ ഇടപെട്ടതാണ് കൊലപാതകത്തിലെത്തിയത്. ബാറിനുള്ളിൽ ഉണ്ടായ കയ്യാങ്കളിയിൽ അച്ചുവിനു മുഖത്തു പരുക്കേറ്റു. തുടർന്ന് അച്ചു അനുജനായ അനന്തുവിനെ വിളിച്ചുവരുത്തുകയായിരുന്നു. ഇവരുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെടാൻ സുമൻ ബാറിൽനിന്നു പുറത്തെ റോഡിലേക്ക് ഓടി. എന്നാൽ പിന്തുടർന്ന് എത്തിയ പ്രതികൾ നിരവധി പേർ നോക്കിനിൽക്കെ റോഡിൽ വീണ സുമനെ തലയിലും നെഞ്ചിലും അടിച്ചും ചവിട്ടിയും കൊലപ്പെടുത്തുകയായിരുന്നു.
ഈ സമയം ചുറ്റും കൂടിയവർ ദൃശ്യം ഫോണിൽ പകർത്തിയതല്ലാതെ പിടിച്ചുമാറ്റാൻ പോലും ശ്രമിച്ചില്ല. സുമനെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ ബൈക്കിൽ കയറി രക്ഷപ്പെട്ടു. വീഡിയോ ചിത്രീകരിച്ച ആളിനെ ഭീഷണിപ്പെടുത്തുന്നതും ‘കേസു വന്നാലും സാരമില്ല അവനെ ചവിട്ടെടാ’ എന്ന് പ്രതികളിൽ ഒരാൾ പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഇതിനിടെ അതുവഴി കാറിൽ വന്ന ആളാണ് റോഡിൽ വീണു കിടന്ന സുമനെ ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ചത്. സുമൻ വാഹനമിടിച്ചു പരുക്കേറ്റ് റോഡിൽ കിടക്കുകയാണെന്നാണ് കാറിൽ എത്തിയ ആൾ കരുതിയത്. ആശുപത്രിയിൽ എത്തിക്കാൻ അവിടെ നിന്നവരുടെ സഹായം തേടിയെങ്കിലും ആരും സന്നദ്ധരായില്ല. തുടർന്ന് വിഴിഞ്ഞം പോലീസ് എത്തിയാണ് സുമനെ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.






