
ഡബ്ലിൻ: അയർലൻഡിൽ മലയാളി നഴ്സിനു നേരെ വംശീയാക്രമണം. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ് സംഭവം. പാൽ വാങ്ങുന്നതിനായി പുറത്തിറങ്ങിയപ്പോൾ ഒരു പറ്റം കൗമാരക്കാർ ‘ഗോ ബാക്ക് ഇന്ത്യ’ പറഞ്ഞ് ആക്രമിക്കുകയായിരുന്നു എന്ന് ഒരു മാധ്യമം റിപ്പോർട്ട് ചെയ്തു.
കൗമാരക്കാരുടെ ആക്രമണത്തിൽ വയറിനു കുത്തേറ്റ യുവാവ് ആശുപത്രിയിയിൽ ചികിത്സയിലാണ്. അതേസമയം സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കുത്തേറ്റതോടെ യുവാവ് റോഡിലിറങ്ങി വാഹനം തടഞ്ഞു നിർത്തി ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നു. യുവാവ് അപകട നില തരണം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
അതേസമയം ഒരു ഇടവേളയ്ക്കു ശേഷം അയർലൻഡിൽ വിദേശികൾക്കെതിരായ വികാരം ശക്തമായിട്ടുണ്ട്. തണുപ്പു കാലം കഴിഞ്ഞതോടെ കൗമാരക്കാരും യുവാക്കളും വളരെ വൈകി മാത്രം വീടുകളിൽ കയറുന്ന സാഹചര്യമാണുള്ളത്. മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും ലഹരിയിലാണ് ഇവരിൽ പലരും നിരത്തുകളിലുള്ളത്. അതുകൊണ്ടു തന്നെ ഇത്തരക്കാർക്കിടയിലേയ്ക്ക് ഒറ്റപ്പെട്ടു ചെന്നു പെടുന്ന സാഹചര്യം ഒഴിവാക്കണം എന്ന നിർദേശം ഉയർന്നിട്ടുണ്ട്.






