Breaking NewsLead NewsSports

15 കാരന്റെ വരവിൽ ചേ‌ട്ടന്മാരിൽ ആരുടെയൊക്കെ സീറ്റ് തെറിക്കും?, വണ്ടർ കിഡ് ഭീഷണി സഞ്ജുവിനും അഭിഷേകിനും?

മുംബൈ: ഐപിഎൽ ക്രിക്കറ്റിനുശേഷമുള്ള ഇന്ത്യൻ ടീമിന്റെ അയർലൻഡ് പര്യടനത്തിൽ കൗമാരപ്രതിഭ വൈഭവ് സൂര്യവംശിയെ ടീമിലുൾപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ആരുടെയെല്ലാം സ്ഥാനങ്ങൾക്ക് ഇളക്കം തട്ടുമെന്ന് കണ്ടറിയണം. ട്വന്റി-20 പരമ്പരയ്ക്കുള്ള ടീമിലേക്കായി കൗമാരതാരമടക്കം 15 കളിക്കാരുടെ പട്ടിക തയ്യാറാക്കിയതായാണ് വിവരം. അങ്ങനെയെങ്കിൽ ഉടൻ തന്നെ പതിനഞ്ചുകാരൻ ഇന്ത്യയുടെ സീനിയർ ടീമിൽ അരങ്ങേറ്റം കുറിക്കും. ഇതോടെ മറ്റ് ഏതു താരത്തിനു വേണമെങ്കിലും സ്ഥാനം നഷ്ടപ്പെടാം.

നിലവിലെ ഓപ്പണർമാരായ സഞ്ജു സാംസൺ, അഭിഷേക് ശർമ എന്നിവരിലാരെങ്കിലും പുറത്തിരിക്കേണ്ടിവരുമെന്നാണ് അറിയുന്നത്. ടീമിൽ ഒരു അഴിച്ചുപണിക്കാണ് ബിസിസിഐ ഒരുങ്ങുന്നതെങ്കിൽ നായകൻ സൂര്യകുമാർ യാദവിന്റേതടക്കം സ്ഥാനം തെറിച്ചേക്കാനുമിടയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

Signature-ad

അതേസമയം സൂര്യവംശിയുടെ തെരഞ്ഞെടുപ്പിൽ സെലക്ഷൻ കമ്മിറ്റിയെ അലട്ടുന്നത് ടീമിന്റെ കോംബിനേഷനാണ്. ഓപ്പണിങ് മുതൽ മിഡിൽ ഓർഡറിൽ വരെ പ്രതിഭകളുടെ ധാരാളിത്തമാണ്. അതിനാൽ വൈഭവ് ടീമിലെത്തുമ്പോൾ നിലവിലെ കോംബിനേഷൻ പൊളിക്കേണ്ടിവരും. അതിന് മുതിരുമോ എന്നതാണ് അറിയേണ്ടത്. വൈഭവെത്തുമ്പോൾ സഞ്ജു- അഭിഷേക് ഓപ്പണിങ് കോംബിനേഷന് മാറ്റം വരും. മാത്രമല്ല, ഓപ്പണറായി ഇറങ്ങാറുള്ള ഇഷാൻ കിഷനും സ്ഥാനം നഷ്ടമായേക്കും.

“വൈഭവ് അരങ്ങേറ്റത്തിന് തയ്യാറാണെന്ന് സെലക്ഷൻ കമ്മിറ്റിക്ക് ബോധ്യമുണ്ട്. എന്നാൽ സഞ്ജു സാംസൺ, അഭിഷേക് ശർമ, ഇഷാൻ കിഷൻ എന്നിവരെ കൂടി പരിഗണിക്കേണ്ടതുണ്ട്. മൂന്നുപേരും ടി20 ലോകകപ്പ് ഫൈനലിൽ അർധ സെഞ്ചുറി നേടിയവരാണ്. നാലാമതൊരു ഓപ്പണറെ പരിഗണിക്കുകയാണെങ്കിൽ യശശ്വി ജയ്‌സ്വാളും അവിടെയുണ്ട്.”- ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

അഭിഷേകിനെയോ, സഞ്ജുവിനെയോ ഒഴിവാക്കിയാൽ സൂര്യകുമാറിന്റെ നായക സ്ഥാനത്തെ തന്നെ ചോദ്യം ചെയ്തേക്കാം. കാരണം നിലവിൽ ഇന്ത്യൻ ക്യാപ്റ്റന്റേത് നിരാശാജനകമായ പ്രകടനമാണ്. വൈഭവിനെ ടീമിലെടുത്ത് അഭിഷേകിനെയോ, സഞ്ജുവിനെയോ പുറത്തിരുത്തുമ്പോൾ തക്കതായ കാരണങ്ങൾ സെലക്ടർമാർ നൽകേണ്ടതുണ്ട്. മാത്രമല്ല, ആ താരങ്ങളെ ഒഴിവാക്കുമ്പോൾ നായകനായ സൂര്യകുമാർ എങ്ങനെയാണ് സ്ഥാനം നിലനിർത്തുന്നത് എന്ന ചോദ്യം ഉയരും. – ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യപ്പെടുന്നു.

അതേസമയം കളിക്കാൻ സൂര്യവംശിക്ക് അവസരം ലഭിച്ചാൽ ഇതിഹാസതാരം സച്ചിൻ തെണ്ടുൽക്കറുടെ റെക്കോഡ് തകരും. ഇന്ത്യക്കായി കളിച്ച പ്രായം കുറഞ്ഞ താരം സച്ചിനാണ്. 16-ാം വയസിലാണ് സച്ചിൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറിയത്. സൂര്യവംശിയാകട്ടെ അടുത്തിടെയാണ് 15-ാം പിറന്നാൾ ആഘോഷിച്ചത്.

മാത്രമല്ല ഐ.പി.എലിൽ മിന്നും പ്രകടനമാണ് സൂര്യവംശി നടത്തുന്നത്. മികച്ച ബൗളർമാർക്കെതിരേ നന്നായി കളിക്കാനും കഴിയുന്നുണ്ട്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരേ 26 പന്തിൽ 78 റൺസും ചെന്നൈ സൂപ്പർ കിങ്‌സിനെതിരേ 17 പന്തിൽ 52 റൺസും നേടിയിരുന്നു. മുംബൈ ഇന്ത്യൻസിനെതിരേ 14 പന്തിൽ 39 റൺസടിച്ച താരം സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരേയാണ് പരാജയപ്പെട്ടത്. നേരിട്ട ആദ്യപന്തിൽത്തന്നെ പുറത്തായിരുന്നു. അയർലൻഡ് പര്യടനത്തിൽ പുതുമുഖതാരങ്ങൾക്ക് പ്രാധാന്യം നൽകാനാണ് സാധ്യത. അതേസമയം ലോകകപ്പിൽ സഞ്ജുവിന്റെ പ്രകടനവും സെലക്ടർമാർക്ക് ​ഗൗരവത്തിലെടുക്കാതെ പറ്റില്ല. മാത്രമല്ല, ഐപിഎല്ലിൽ മൂന്നുകളികളിൽ പരാജയപ്പെട്ടെങ്കിലും പിന്നീട് കളിച്ച രണ്ട് കളികളിൽ ടോപ് സ്കോറർ സഞ്ജു തന്നെയാണ്. അതിൽതന്നെ പുറത്താകാതെ നേടിയ 115 റൺസിന്റെ സെഞ്ചുറിയുമുൾപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: