“മിസ്റ്റർ ട്രംപ് ഹോർമുസ് കടലിടുക്കിന്റെ കാവലാൾ ആകാൻ ആഗ്രഹിക്കുന്നു, ഇത് ശരിക്കും നിങ്ങളുടെ ജോലിയാണോ? ഞങ്ങൾക്കെതിരെ ഇറങ്ങിയാൽ നിങ്ങളുടെ ഈ കപ്പലുകളെ ഞങ്ങളുടെ മിസൈലുകൾ കൊണ്ട് മുക്കിക്കളയും, സൈനികരെ ബന്ദികളാക്കും- ഭീഷണിയുമായി ഇറാൻ

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ നാവിക ഉപരോധം തുടർന്നാൽ യുഎസിൻറെ കപ്പലുകൾ ആക്രമിക്കുമെന്ന ഭീഷണിയുമായി ഇറാൻ. പരമോന്നതനേതാവ് മുജ്തബ ഖമനേയിയുടെ സൈനിക ഉപദേഷ്ടാവ് മുഹ്സീൻ റെസായിയാണ് യുഎസുമായുള്ള രണ്ടാംഘട്ട ചർച്ചകൾക്ക് മുന്നോടിയായി റെസായി ഭീഷണിയുമായി രംഗത്തെത്തിയത്.
ഇറാന്റെ പ്രധാനപ്പെട്ട ജലപാതയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിനായി യുഎസ് നടത്തുന്ന ഏത് നീക്കത്തിനും ഇറാൻ തിരിച്ചടി നൽകുമെന്നായിരുന്നു റെസായി മുന്നറിയിപ്പ്. “മിസ്റ്റർ ട്രംപ് ഹോർമുസ് കടലിടുക്കിന്റെ കാവലാൾ ആകാൻ ആഗ്രഹിക്കുന്നു. ഇത് ശരിക്കും നിങ്ങളുടെ ജോലിയാണോ? യുഎസിനെപ്പോലുള്ള ശക്തമായ സൈന്യത്തിന്റെ ജോലിയാണോ ഇത്?” റെസായി ചോദിച്ചതായി എഎഫ്പി റിപ്പോർട്ട് ചെയ്തു.
അതുപോലെ തങ്ങൾക്കെതിരെ ഇറങ്ങിയാൽ ഇറാൻ തങ്ങളുടെ മിസൈലുകൾ ഉപയോഗിച്ച് യുഎസ് കപ്പലുകൾ മുക്കുമെന്നും ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിന്റെ (IRGC) മുൻ കമാൻഡർ- ഇൻ- ചീഫ് കൂടിയായ റെസായി പറഞ്ഞു. “നിങ്ങളുടെ ഈ കപ്പലുകൾ ഞങ്ങളുടെ ഏറ്റവും പ്രമുഖമായ മിസൈലുകൾ കൊണ്ട് മുക്കിക്കളയും, ഇത് അമേരിക്കൻ സൈന്യത്തിന് വലിയ ആഘാതമുണ്ടാക്കും. ഞങ്ങൾക്ക് അവ നശിപ്പിക്കാൻ കഴിയും,” റെസായി പറഞ്ഞു. അതുപോലെ വെടിനിർത്തൽ നീട്ടുന്നതിനെ എതിർക്കുന്നതായും ഏതൊരു സൈനിക അധിനിവേശത്തിനെതിരെയും യുഎസിന് മുന്നറിയിപ്പ് നൽകുന്നതായും കൂട്ടിച്ചേർത്തു. കരയിലൂടെ അധിനിവേശം നടത്താൻ യുഎസ് ശ്രമിച്ചാൽ തിരിച്ചടിക്കുമെന്നും അത്തരം സാഹചര്യത്തിൽ സൈനികരെ ബന്ദികളാക്കുമെന്നും റെസായി പറഞ്ഞു.
അതേസമയം ഹോർമുസ് കടലിടുക്ക് ശാശ്വതമായി തുറക്കുന്നതിനെക്കുറിച്ചാണ് താൻ സംസാരിക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച പറഞ്ഞു. കൂടാതെ ചൈന ഇറാനിലേക്ക് ആയുധം നൽകില്ലെന്ന് സമ്മതിച്ചതായും ട്രംപ് കൂട്ടിച്ചേർത്തു. ഈ നീക്കത്തിൽ ചൈനയ്ക്ക് സന്തോഷമുണ്ടെന്നും ഷി ജിൻപിങ്ങുമായുള്ള ഒരു വിശാലമായ ധാരണയെക്കുറിച്ചും ട്രംപ് സൂചിപ്പിച്ചു. ഇരുപക്ഷവും സ്മാർട്ടായി സഹകരിച്ച് പ്രവർത്തിക്കുന്നുവെന്നും നേതാക്കൾക്കിടയിൽ വരാനിരിക്കുന്ന കൂടിക്കാഴ്ചയെക്കുറിച്ച് സൂചിപ്പിച്ചു എന്നും ട്രംപ് കൂട്ടിച്ചേർത്തു.
“ഹോർമുസ് കടലിടുക്ക് ഞാൻ ശാശ്വതമായി തുറക്കുന്നതിൽ ചൈന വളരെ സന്തോഷവാനാണ്. ഞാൻ നിങ്ങൾക്കായി, ലോകത്തിനും വേണ്ടി ഇത് ചെയ്യുന്നു. ഈ സാഹചര്യം ഒരിക്കലും സംഭവിക്കില്ല.അവർ ഇറാനിലേക്ക് ആയുധം അയക്കില്ലെന്ന് സമ്മതിച്ചിട്ടുണ്ട്. കുറച്ച് ആഴ്ചകൾക്കുള്ളിൽ ഞാൻ അവിടെയെത്തുമ്പോൾ പ്രസിഡന്റ് ഷി എനിക്ക് ഗാഢമായ ആശ്ലേഷം നൽകും,” ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ പറഞ്ഞു.
അതേസമയം പ്രദേശം സജീവമായ സംഘർഷത്തിലായിരിക്കുന്ന അവസരത്തിലാണ് ഹോർമുസ് കടലിടുക്ക് ശാശ്വതമായി തുറക്കുന്നതായി ട്രംപിന്റെ അവകാശവാദം. സമാധാനചർച്ചകൾ തകർന്നതിനെത്തുടർന്ന് ഇറാനിയൻ തുറമുഖങ്ങളെ ലക്ഷ്യമിട്ട് അടുത്തിടെ യുഎസ് ഒരു നാവിക ഉപരോധം ആരംഭിച്ചിരുന്നു. തന്ത്രപരമായ ജലപാത വീണ്ടും തുറക്കാനും ആണവലക്ഷ്യങ്ങൾ നിർത്തലാക്കാനും ഇറാനെ നിർബന്ധിതമാക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം.





