വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലെ തന്ത്ര പ്രധാന മേഖലയിൽ സംശയാസ്പദമായരീതിയിൽ റഷ്യൻ അന്തർവാഹിനികൾ; പിന്തുടരാൻ യു.കെ.യും നോർവേയും യുദ്ധക്കപ്പലുകളും വിമാനങ്ങളും വിന്യസിച്ചു

ലണ്ടൻ: വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലെ പ്രധാന കേബിളുകൾക്കും പൈപ്പ് ലൈനുകൾക്കും സമീപം സംശയാസ്പദമായരീതിയിൽ എത്തിയ റഷ്യൻ അന്തർവാഹിനികളെ നിരീക്ഷിക്കാനും പിന്തുടരാനുമായി യു.കെ.യും നോർവേയും യുദ്ധക്കപ്പലുകളും വിമാനങ്ങളും അയച്ചു. ഒരുമാസം നീണ്ടുനിൽക്കുന്നതാണ് ദൗത്യമെന്ന് യു.കെ. സൈന്യം അറിയിച്ചു.
കടലിനടിയിലെ അടിസ്ഥാനസൗകര്യങ്ങൾക്ക് അടുത്തുണ്ടായിരുന്ന റഷ്യൻ അന്തർവാഹിനികളുടെ നീക്കം സംശയകരമാണെന്ന് യു.കെ. പ്രതിരോധസെക്രട്ടറി ജോൺ ഹീലി പറഞ്ഞു.
‘യു.കെ.ക്കും സഖ്യകക്ഷികൾക്കും ഏറ്റവും വലിയ ഭീഷണി റഷ്യയാണ്. പശ്ചിമേഷ്യയിലെ പ്രശ്നങ്ങളിൽ നമ്മൾ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും റഷ്യയിൽനിന്നുള്ള ശ്രദ്ധ മാറണമെന്നുമാണ് പുതിൻ ആഗ്രഹിക്കുന്നത്. ഞങ്ങൾ പുതിനിൽനിന്ന് ശ്രദ്ധമാറ്റില്ല. കേബിളുകൾക്കും പൈപ്പ് ലൈനുകൾക്കും മുകളിലുള്ള റഷ്യയുടെ പ്രവർത്തനങ്ങൾ ബ്രിട്ടൻ കാണുന്നുണ്ട്. അവ നശിപ്പിക്കാനുള്ള ശ്രമങ്ങൾ തടയും. ഗുരുതരപ്രത്യാഘാതങ്ങളുണ്ടാകും’ -ഹീലി റഷ്യക്ക് മുന്നറിയിപ്പുനൽകി.
റഷ്യയുടെ മൂന്ന് അന്തർവാഹിനിയാണ് ഈ ദൗത്യത്തിൽ പങ്കെടുത്തത്. പുതിൻ ആസൂത്രണംചെയ്തതുപോലെ അന്തർവാഹിനികളുടെ നീക്കങ്ങൾ രഹസ്യമായിരുന്നില്ലെന്നും അവ നിരീക്ഷിക്കപ്പെടുന്നുണ്ടെന്ന് തങ്ങളുടെ സൈന്യം റഷ്യയെ ബോധ്യപ്പെടുത്തിയതായും ഹീലി പറഞ്ഞു.





