Breaking NewsKeralaLead NewsNEWSpolitics

കേരളം വിധിച്ചു; ഇനി കാത്തിരിപ്പിന്റെ 25 നാളുകൾ; 2021-ലെ പോളിങ് മറികടന്നു

തിരുവനന്തപുരം: നാലാഴ്ചയോളം നീണ്ട പ്രചാരണങ്ങളും വാ​ഗ്വാദങ്ങൾക്കുമൊടുവിൽ കേരള ജനത വോട്ട് ചെയ്തു. കനത്ത ചൂടിനെയും അവഗണിച്ച് വോട്ടർമാർ വലിയ തോതിൽ ബൂത്തുകളിലെത്തിയതോടെ മികച്ച പോളിങ്ങാണ് രേഖപ്പെട്ടത്. വൈകുന്നേരം അഞ്ച് മണിവരെയുള്ള കണക്കുകൾ പ്രകാരം പോളിംഗ് ശതമാനം 75 കടന്നിട്ടുണ്ട്—2021ലെതിനെക്കാൾ ഉയർന്ന നില. ഔദ്യോഗിക അന്തിമ കണക്കുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല. വോട്ടെടുപ്പ് ആറുമണിവരെ ആയിരുന്നുവെങ്കിലും ചില ബൂത്തുകളിൽ വോട്ടർമാർ വരിയിലുണ്ടായിരുന്നു.

വോട്ടർ പട്ടികയുടെ തീവ്ര പരിഷ്‌കരണത്തിന് ശേഷമുള്ള തിരഞ്ഞെടുപ്പായതിനാൽ പോളിംഗിൽ സ്വാഭാവിക വർധനവ് ഉണ്ടായിരിക്കാമെന്നാണ് വിലയിരുത്തൽ. ഇനി മുന്നണികൾക്ക് കണക്കുകൂട്ടലുകളുടെ ദിവസങ്ങളാണ് മുന്നിൽ—അടുത്ത 25 ദിവസങ്ങൾ രാഷ്ട്രീയപരമായി നിർണായകമാകും. വോട്ടെണ്ണൽ മെയ് നാലിനാണ് നടക്കുക.

Signature-ad

ഇന്നേ ദിവസം വോട്ടെടുപ്പ് നടന്ന അസം, പുതുച്ചേരി എന്നിവിടങ്ങളിൽ കേരളത്തേക്കാൾ ഉയർന്ന പോളിംഗാണ് രേഖപ്പെടുത്തിയത്. വൈകുന്നേരം അഞ്ച് മണിവരെയുള്ള കണക്കുകൾ പ്രകാരം അസമിൽ 84.42 ശതമാനവും പുതുച്ചേരിയിൽ 86.92 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.

ഇതിനിടെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കള്ളവോട്ട് ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് ചില സ്ഥലങ്ങളിൽ സംഘർഷാവസ്ഥയും ഉണ്ടായി. കോഴിക്കോട് ജില്ലയിലെ നാദാപുരം മണ്ഡലത്തിലെ വാണിമേൽ എം.യു.പി സ്കൂളിൽ മറ്റൊരാളുടെ വോട്ടർ ഐഡിയുമായി എത്തിയ പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടിയെ കള്ളവോട്ട് ആരോപിച്ച് പിടികൂടി. ചിറ്റൂരിൽ എൽഡിഎഫ് സ്ഥാനാർഥിക്കായി വോട്ട് അഭ്യർത്ഥിക്കുന്ന തരത്തിൽ എൻഡിഎ സ്ഥാനാർഥിയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് വന്നതും വിവാദമായി. പിന്നീട് പോസ്റ്റ് പിൻവലിച്ചുവെന്നും അത് തന്റെ അറിവില്ലാതെയാണെന്നുമാണ് സ്ഥാനാർഥിയുടെ വിശദീകരണം.

കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ മണ്ഡലത്തിൽ വോട്ടെടുപ്പിനിടെ യുഡിഎഫ് വനിതാ ബൂത്ത് ഏജന്റിനെതിരെ നായ്ക്കുരണപ്പൊടി പ്രയോഗിച്ചതായും പരാതി ഉയർന്നു. ഉതിരനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിൽ മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയായ രതിലയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ശാരീരിക അസ്വസ്ഥതയെ തുടർന്ന് അവരെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: