ലെബനനിലെ ഇസ്രയേൽ ആക്രമണത്തിന് ട്രംപിന്റെ പിൻതുണയോടെ?, ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ, യുഎസ്– ഇറാൻ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന് 48 മണിക്കൂർ തികയും മുൻപ്തന്നെ പുതിയ സംഘർഷം

തെഹ്റാൻ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച രണ്ട് ആഴ്ചത്തെ യു എസ്–ഇറാൻ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന് 48 മണിക്കൂറിനുള്ളിൽ തന്നെ പശ്ചിമേഷ്യയിൽ പുതിയ സംഘർഷാവസ്ഥ. ഇസ്രായേൽ ലെബനനിൽ തുടരുന്ന സൈനികാക്രമണങ്ങൾക്ക് പ്രതികാരമായി ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആഗോള ഇന്ധന ഗതാഗതത്തിന്റെ പ്രധാന വഴിയായ ഹോർമുസ് കടലിടുക്ക് അടച്ചത് ലോകവ്യാപകമായി എണ്ണവിതരണത്തെ ബാധിക്കുമെന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്. വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഈ കടലിടുക്ക് വീണ്ടും തുറക്കാമെന്ന് ഇറാൻ മുൻപ് സമ്മതിച്ചിരുന്നുവെങ്കിലും, ലെബനനിലെ സാഹചര്യം ചൂടുപിടിച്ചതോടെ ഇറാൻ നിലപാട് കടുപ്പിച്ചതായാണ് സൂചന.
ഫാർസ് ന്യൂസ് ഏജെൻസിയുടെ റിപ്പോർട്ട് പ്രകാരം, ഇസ്രായേൽ ലെബനനിൽ നടത്തുന്ന ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ഇറാൻ ഈ നീക്കം സ്വീകരിച്ചത്. ഇതിനിടെ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎസ്– ഇറാൻ വെടിനിർത്തൽ കരാറിനെ പിന്തുണച്ചെങ്കിലും, അതിൽ ലെബനൻ ഉൾപ്പെടുന്നില്ലെന്ന് വ്യക്തമാക്കി. “ഇറാൻ കടലിടുക്ക് തുറക്കുകയും മേഖലയിലെ ആക്രമണങ്ങൾ നിർത്തുകയും ചെയ്യുന്നുവെങ്കിൽ ട്രംപിന്റെ തീരുമാനം ഇസ്രായേൽ പിന്തുണയ്ക്കുന്നു,” എന്നാണ് നെതന്യാഹുവിന്റെ പ്രതികരണം.
അതേസമയം, ലെബനനിൽ ഇസ്രായേൽ സൈനിക നടപടി തുടരുകയാണ്. ഹെസ്ബൊല്ലക്കെതിരായ ആക്രമണങ്ങളിൽ 112 പേർ കൊല്ലപ്പെടുകയും 837 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ ആക്രമണങ്ങളാണ് ഇറാന്റെ പ്രതിഷേധത്തിന് ഇടയാക്കിയതെന്നും വിലയിരുത്തപ്പെടുന്നു.
കടുത്ത മുന്നറിയിപ്പുമായി യുഎസ്
ഹോർമുസ് കടലിടുക്ക് അടച്ചെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ യുഎസ് ശക്തമായി പ്രതികരിച്ചു. “കടലിടുക്ക് അടയ്ക്കുന്നത് പൂർണ്ണമായും അംഗീകരിക്കാനാകാത്തതാണ്. അത് ഉടൻ തന്നെ, വേഗത്തിൽ, സുരക്ഷിതമായി തുറക്കണമെന്ന് പ്രസിഡന്റിന്റെ പ്രതീക്ഷയും ആവശ്യവും ആവർത്തിക്കുന്നു”- വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു
ഇതിനിടെ, പിബിഎസ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ ട്രംപ് ലെബനനിൽ ഇസ്രായേൽ നടത്തുന്ന സൈനിക നടപടികൾക്ക് പിന്തുണയും അറിയിച്ചു. “ഹെസ്ബൊല്ല വെടിനിർത്തൽ കരാറിൽ ഉൾപ്പെട്ടിട്ടില്ല. അത് വേറിട്ട സംഘർഷമാണ്,” എന്നാണ് ട്രംപിന്റെ പ്രതികരണം.
അതേസമയം ഹോർമുസ് കടലിടുക്ക് അടച്ചത് അന്താരാഷ്ട്ര എണ്ണവിലയിൽ വലിയ ചലനങ്ങൾ ഉണ്ടാക്കാനിടയുണ്ട്. വെടിനിർത്തൽ നിലവിലുണ്ടെങ്കിലും, ലെബനൻ– ഇസ്രായേൽ സംഘർഷം തുടരുന്നതും ഇറാന്റെ കടുത്ത നിലപാടും പശ്ചിമേഷ്യയിൽ സമാധാന സാധ്യതകളെ കൂടുതൽ സങ്കീർണ്ണമാക്കുകയാണ്.






