Breaking NewsKeralaLead NewsNEWS

കണ്ണാടിയിൽ ഞാൻ എത്തിയത് ക്യാൻസർ രോ​ഗിയെ കാണാൻ, കാറിലെത്തിയയാൾ സഭ്യമല്ലാത്ത രീതിയിൽ ആംഗ്യം കാണിച്ചു, ഇതാണ് ഞാൻ ചോദ്യം ചെയ്തത്, സത്യം തെളിയിച്ച ശേഷം മാത്രമേ ഇതിൽ നിന്ന് പിന്മാറൂ, വെള്ള ചുരിദാർ ഇട്ട സ്ത്രീ കാറിൽ കയറിയിട്ടില്ല… ആരോപണം തള്ളി ശോഭ സുരേന്ദ്രൻ

പാലക്കാട്: പാലക്കാട് ബിജെപി പ്രവർത്തക വോട്ടർക്ക് പണം നൽകിയെന്ന ആരോപണം തള്ളി എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ രം​ഗത്ത്. ഇപ്പോൾ നടക്കുന്നത് തന്നെ വേട്ടയാടാനുള്ള ശ്രമമാണെന്നും കണ്ണാടി പ‍ഞ്ചായത്തിൽ എത്തിയത് കാൻസർ രോ​ഗിയെ കാണാനാണെന്നുമായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതികരണം. വോട്ട് ചോദിക്കുന്നത് രാഷ്ട്രീയവും വികസനവും പറഞ്ഞ് മാത്രമായിരിക്കുമെന്നും സത്യം തെളിയിച്ച ശേഷം മാത്രമേ ഇതിൽ നിന്ന് പിന്മാറൂ എന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

തിരക്കഥ തയാറാക്കി തന്നെ വേട്ടയാടാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഉയരുന്ന ആരോപണങ്ങൾ ഉണ്ടയില്ലാ വെടിയാണ്. കണ്ണാടിയിൽ താൻ എത്തിയത് ക്യാൻസർ രോ​ഗിയെ കാണാനാണ്. തൻ്റെ കാർ കോൺഗ്രസ് പ്രവർത്തകർ പിന്തുടരുകയായിരുന്നു. അത് ചോദ്യം ചെയ്യുകയാണ് ചെയ്തത്.

Signature-ad

കാർ വിനേഷ് എന്നയാളാണ്. ഒപ്പം ഉണ്ടായിരുന്നയാൾ സഭ്യമല്ലാത്ത രീതിയിൽ ആംഗ്യം കാണിച്ചു. ഇതാണ് താൻ ചോദ്യം ചെയ്തതെന്നും ഒരു സ്ത്രീ കണ്ടാൽ വേദനിക്കുന്ന രീതിയിൽ ആര് പെരുമാറിയാലും ചോദ്യം ചെയ്യുമെന്നും ശോഭ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ പാലക്കാട് ബിജെപി ജയിക്കും എന്ന് കണ്ട് നേരത്തെ തിരക്കഥ തയാറാക്കുകയാണ് ചെയ്തത്. ഇവർക്കെതിരെ പോലീസിൽ പരാതി നൽകുമെന്നും അവർ പറഞ്ഞു.

അതുപോലെ ദൃശ്യങ്ങളിൽ കാണുന്ന വയോധികയ്ക്ക് പണം നൽകിയ വെള്ള ചുരിദാർ ഇട്ട സ്ത്രീ തൻ്റെ കാറിൽ കയറിയിട്ടില്ലെന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി. അതേസമയം, പാലക്കാട് ബി ജെ പിക്കെതിരായ വോട്ടിന് നോട്ട് ആരോപണത്തിൽ തെരഞ്ഞെടുപ്പ് ഫ്ലയിംഗ് സ്ക്വാഡും സ്പെഷ്യൽ ബ്രാഞ്ചും പ്രാഥമിക പരിശോധന നടത്തി. വെള്ള ചുരിദാർ ഇട്ട സ്ത്രീ വയോധികക്ക് പണം കൈമാറിയതുമായി ബന്ധപ്പെട്ട് പുറത്തുവന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട് ഇടപെടുകയായിരുന്നു. ബിജെപി പ്രവർത്തക പണം നൽകിയിട്ടില്ലെന്നാണ് വയോധികയും കുടുംബവും പരിശോധനയിൽ പറഞ്ഞതെന്ന് വീട്ടിലെത്തി അന്വേഷണം നടത്തിയ തെരഞ്ഞെടുപ്പ് ഫ്ലയിംഗ് സ്ക്വാഡ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പൈസയൊന്നും തന്നിട്ടില്ലെന്നും ദൃശ്യങ്ങളിൽ കാണുന്ന പണം അവരുടെ കയ്യിൽ ഉണ്ടായിരുന്നതാണെന്നും വീട്ടുകാർ വിവരിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: