‘തോട്ടപ്പള്ളി സ്പിൽവേ തുറക്കണമെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയർ ആവശ്യപ്പെട്ടു. തുറക്കേണ്ടെന്ന് പറഞ്ഞു, അത് തുറന്നാൽ അതിന് താഴെയുള്ള മണൽത്തിട്ടയുണ്ട്, ആ മണൽത്തിട്ട വെള്ളംകൊണ്ടുപോകും, ആ മണൽത്തിട്ടയുടെ കരാർ എടുത്തിരിക്കുന്നത് മേരി മാതാവ് എന്നു പറയുന്ന കോൺട്രാക്ടറാണ്, എല്ലാ ചിലവും കഴിഞ്ഞ് 300 കോടിയെങ്കിലും കിട്ടും’… 2018 പ്രളയത്തിൽ അഴിമതി, കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖയുമായി കുഴൽനാടൻ

മൂവാറ്റുപുഴ: 2018-ലെ പ്രളയത്തിന് കാരണം സർക്കാരിലെ അഴിമതിയും ക്രമക്കേടുമായിരുന്നെന്ന ആരോപണവുമായി മൂവാറ്റുപുഴയിലെ സിറ്റിങ് എംഎൽഎയും യുഡിഎഫ് സ്ഥാനാർഥിയുമായ മാത്യു കുഴൽനാടൻ രംഗത്ത്. ഒന്നാം പിണറായിസർക്കാരിലെ ജലസേചനവകുപ്പുമന്ത്രിയും നിലവിലെ വൈദ്യുതി വകുപ്പുമന്ത്രിയുമായ കെ. കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖ വാർത്താസമ്മേളനത്തിലൂടെ പുറത്തുവിട്ടാണ് കുഴൽനാടൻ ആരോപണം ഉന്നയിച്ചത്.
അന്ന് തോട്ടപ്പള്ളി സ്പിൽവേ തുറക്കാൻ വൈകിയതിനെ കുറിച്ചും പെരിങ്ങൽക്കുത്തിലേക്ക് ജലം ഒഴുക്കിവിട്ടതിലും ക്രമക്കേടുകളും അഴിമതിയും നടന്നെന്ന് കൃഷ്ണൻകുട്ടി, ഒരു പാർട്ടി നേതാവിനോട് പറയുന്നതാണ് ശബ്ദരേഖയിലുള്ളതെന്ന് കുഴൽനാടൻ പറയുന്നു.
മാത്യു കുഴൽനാടൻ പുറത്തുവിട്ട ശബ്ദരേഖയിൽനിന്ന്:
തോട്ടപ്പിള്ളി സ്പിൽവേ എന്താണ് തുറക്കാതിരുന്നത്. ഒരുമാസം മുൻപേ തുറക്കേണ്ടതാണ്. എക്‌സിക്യൂട്ടീവ് എൻജിനീയർ തുറക്കണമെന്ന് ആവശ്യപ്പെട്ടു. തുറക്കേണ്ടെന്ന് പറഞ്ഞു. എന്താ കാരണം എന്നറിയുമോ? അത് തുറന്നാൽ അതിന് താഴെയുള്ള മണൽത്തിട്ടയുണ്ട്. ആ മണൽത്തിട്ട വെള്ളംകൊണ്ടുപോകും. ആ മണൽത്തിട്ടയുടെ കരാർ എടുത്തിരിക്കുന്നത് മേരി മാതാവ് എന്നു പറയുന്ന കോൺട്രാക്ടറാണ്. അയാൾക്ക് കൊടുത്തിരിക്കുന്നത് ക്യുബിക് മീറ്ററിന് വെറും 62 രൂപയ്ക്കാണ്. അത് അയാൾ മറിച്ചുവിറ്റാൽ 2000 രൂപ കിട്ടും, ഒന്നും ചെയ്യാതെ. എല്ലാ ചിലവും കഴിഞ്ഞ് 300 കോടിയെങ്കിലും കിട്ടും. അയാൾക്ക് വേണ്ടിയാണ് അത് തുറക്കാതിരുന്നത്. ജോഷി എന്ന് പറഞ്ഞ ചീഫ് എൻജിനീയറും ജോർജ് തോമസിന്റെ പെങ്ങളും മാത്യു ടിയും കൂടി ആലോചിച്ചിട്ടാണ് ഇത് ചെയ്തത്.
മണിയാർ എന്നൊരു പ്രോജക്ടുണ്ട് പമ്പയ്ക്ക് മുകളിൽ. അത് ഇറിഗേഷന്റെ പ്രോജക്ടാണ്. അതിന് മുകളിൽ ഇലക്ട്രിസിറ്റിയുടെ രണ്ട് പ്രോജക്ടുണ്ട്. ആ പ്രോജക്ടിൽ വൈദ്യുതി എടുക്കുന്നത് പ്രൈവറ്റ് കമ്പനിയാണ്. ഈ മണിയാർ വെള്ളം നിറയ്ക്കുന്നില്ല എപ്പോഴും. മുകളിൽനിന്ന് പെൻസ്റ്റോക്ക് പൈപ്പിലൂടെ ഒഴുകിവരുന്നത് ഇവിടേയും എടുക്കുകയാണ്. ഇപ്രാവശ്യം കരാറുകാരന് വേണ്ടി ഇവിടെ വെള്ളം നിറച്ചു. നിറയ്ക്കാൻ പാടില്ലാത്തതാണ്. അവിടെ ഷട്ടർ ഇട്ട് നിറച്ചു. അപ്പോൾ ഗതികേടിന് അവിടെ മരംവന്നുകുറുകേവീണു.
ജോഷി, കണ്ണ് ചിമ്മി എല്ലാവർക്കും വെള്ളം നിറയ്ക്കാനുള്ള അവസരം കൊടുത്തു. എട്ടുകോടി രൂപയാണ് പ്രൈവറ്റ് കമ്പനിക്ക് ലാഭം കിട്ടിയത്. എന്നിട്ട് വെള്ളം അധികമായി വന്നപ്പോൾ തുറന്നതാണ് ചെങ്ങന്നൂരുമെല്ലാം നശിക്കാൻ കാരണമായത്. കാർബൊറാണ്ടത്തിൽനിന്ന് കാശ് ആർക്ക് കിട്ടി?
പറമ്പിക്കുളം, തൂണക്കടവ്, ഷോളയാർ ഇവിടെയൊക്കെ നമ്മളാണ് ഇപ്പോഴത്തെ ചെയർമാൻ. ഒരു വർഷം കേരളവും അടുത്തവർഷം തമിഴ്‌നാടും എന്ന നിലയ്ക്കാണ്. വെള്ളം എപ്പോൾ തുറക്കണം വേണ്ട എന്നൊക്കെ തീരുമാനിക്കുന്നത് ജോഷിയാണ്. ആ വെള്ളം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകാതെ കേരളത്തിലേക്ക് മുഴുവൻ തുറന്നുവിടാൻ ഇവൻ കൂട്ടുനിന്നു. 1400 ക്യുസെക്‌വെള്ളം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകാൻ കപ്പാസിറ്റിയുണ്ട്. 800 ആണ് കൊണ്ടുപോയത്. 35 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കേണ്ടിടത്ത് 20 മെഗാവാട്ടേ ഉത്പാദിപ്പിച്ചുള്ളു.
200 കോടിയുടെ പ്രവൃത്തി നടക്കുന്നുണ്ട് തമിഴ്‌നാട്ടിൽ. ഈ വെള്ളം പോയാൽ ആ പ്രവൃത്തിയെ ബാധിക്കും. ആ കരാറുകാരൻ വന്ന് ജോഷിയെ കണ്ട് ഒരു വിഹിതം കൊടുത്തു. അപ്പോൾ എന്ത് ചെയ്തു, ആ വെള്ളത്തെ പെരിങ്ങൽക്കുത്തിലേക്ക് തുറന്നുവിട്ടു. അങ്ങനെയാണ് ചാലക്കുടി പുഴ മുഴുവൻ പോയത്. പുണ്യവാളൻ വലിയ ആദർശവാനാണെന്ന് പറയുന്നുണ്ടല്ലോ. എത്ര കോടി രൂപയുണ്ടാക്കിയിട്ടുണ്ടാകും..






