യേശുദാസിന്റെ അറുപതാം പാട്ടുവര്‍ഷത്തിന് പ്രണാമമര്‍പ്പിച്ച് മോഹന്‍ലാല്‍ തയ്യാറാക്കിയ 22 മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് അധികമാര്‍ക്കുമറിയാത്ത കാര്യമെന്ന നിലയില്‍ ലാല്‍ യേശുദാസിനെ മാനസഗുരുവായി അവതരിപ്പിക്കുന്നത്. ‘ദാസേട്ടന്‍ എന്റെ മാനസഗുരുവാണ്.
പാട്ടുപാടുന്നതിലല്ല. അതില്‍ അദ്ദേഹം ആര്? ഞാന്‍ ആര്? അദ്ദേഹത്തിന്റെ നിരവധി സംഗീതകച്ചേരികള്‍ അന്നത്തെ വിഎച്ച്എസ് കാസറ്റ് ഇട്ട് ഞാന്‍ രഹസ്യമായി കണ്ടു. അദ്ദേഹത്തെപ്പോലെ പാടാനോ, അനുകരിക്കാനോ അല്ല. ഒരു കച്ചേരിപാടുമ്പോഴുള്ള അംഗചലനങ്ങള്‍, സ്വരപ്രസ്ഥാനത്തിലെ ഉച്ഛാരണ രീതികള്‍, മുകളിലും താഴെയുമുള്ള സ്ഥായ്, പാടുമ്പോഴുള്ള മുഖഭാവങ്ങള്‍ ഇതെല്ലാം സൂക്ഷ്മമായി കണ്ടുപഠിച്ചു.
ഭരതത്തിലെയും അബ്ദുള്ളയിലെയും (ഹിസ് ഹൈനസ് അബ്ദുള്ള) കച്ചേരി രംഗങ്ങളില്‍ എനിക്കത് പ്രയോജനപ്പെട്ടു. അവയൊക്കെ നന്നായി എന്ന് ആളുകള്‍ പറയുന്നുണ്ടെങ്കില്‍ ഞാന്‍ ദാസേട്ടനോട് കടപ്പെട്ടിരിക്കുന്നു. ഒരു ഗാനത്തിന് കൃത്യമായി ചുണ്ടനക്കുക എന്നതുതന്നെ ആ ഗാനത്തോടും ഗായകനോടും കാട്ടുന്ന ബഹുമാനവും നീതിയുമാണെന്ന് ഞാന്‍ കരുതുന്നു. ശുദ്ധവും വ്യക്തവുമായ ഭാഷ ഉച്ഛരിച്ച് ദാസേട്ടന്‍ പാടുമ്പോള്‍ അതിനനുസരിച്ച് വ്യക്തതയോടെ ചുണ്ട് കൊടുക്കുക എന്നത് മാനസഗുരുവിനോടുള്ള ആദരവാണ്.
‘ മോഹന്‍ലാല്‍ പറയുന്നു. കാല്‍പ്പാടുകളില്‍ തുടങ്ങിയ യേശുദാസിന്റെ ആദ്യ ചലച്ചിത്ര ഗാന അരങ്ങേറ്റം മുതല്‍ തന്റെ ചിത്രങ്ങള്‍ക്കുവേണ്ടി പാടിയ പാട്ടുകളുടെ വിശദീകരണങ്ങള്‍ക്കൊപ്പം ചില വരികള്‍ ലാല്‍ സ്വന്തം ശബ്ദത്തില്‍ പാടി അവതരിപ്പിക്കുന്നുമുണ്ട്.