ഖമേനി വധത്തിനു പിന്നാലെ പുടിന്‍ ആശങ്കയില്‍; സിസിടിവി ഹാക്കിംഗ് ഭയന്ന് കടുത്ത ഇന്റര്‍നെറ്റ് വിലക്ക്; ടെലിഗ്രാമിനും വാട്‌സ് ആപ്പിനും നിയന്ത്രണം; ഉക്രൈന്‍ ഡ്രോണുകള്‍ നാവിഗേഷന് ഉപയോഗിക്കുന്നെന്ന് ഭയം; മോജ്തബയെ ട്രാക്ക് ചെയ്യതിരിക്കാനെന്നും സൂചന
റഷ്യ 400-ലധികം വിപിഎന്‍-കള്‍ തടഞ്ഞു കഴിഞ്ഞു. പ്രാദേശിക നിയമങ്ങള്‍ പാലിക്കാത്തതിനാല്‍ ടെലിഗ്രാമിന്റെ വേഗത കുറയ്ക്കുകയും വാട്ട്സ്ആപ്പ് പൂര്‍ണ്ണമായും നിരോധിക്കുകയും ചെയ്തു. ടെലിഗ്രാമില്‍ ഉക്രേനിയന്‍, നാറ്റോ ഇന്റലിജന്‍സ് ഏജന്‍സികള്‍ നുഴഞ്ഞുകയറിയതായി റഷ്യന്‍ ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും കമ്പനി ഇത് നിഷേധിക്കുന്നു.

മോസ്‌കോ: ഇറാന്റെ പരമോന്നത നേതാവ് അയൊത്തൊള്ള ഖമേനിയെ വധിക്കാന്‍ സിസിടിവി ക്യാമറകള്‍ ഇസ്രയേല്‍ ഹാക്ക് ചെയ്‌തെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ ഡിജിറ്റല്‍ നിരീക്ഷണ സംവിധാനങ്ങള്‍ ഭരണകൂടത്തിനെതിരെ ഉപയോഗിക്കപ്പെടുമെന്ന ഭീതി റഷ്യയില്‍ വര്‍ധിച്ചെന്നും പുടിന്‍ ഇന്റര്‍നെറ്റിനുമേല്‍ പിടിമുറുക്കിയെന്നും റിപ്പോര്‍ട്ട്. ചില ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസപ്പെടുത്തിയെന്നും റിപ്പോര്‍ട്ട്.
മോസ്‌കോയിലും മറ്റ് പ്രധാന നഗരങ്ങളിലുമാണ് ഇന്റര്‍നെറ്റ് മുടക്കിയത്. ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ കണക്ഷന്‍ ലഭിക്കാതെ ബുദ്ധിമുട്ടുന്നു. കൗമാരക്കാര്‍ നിരന്തരം വിപിഎന്‍ (VPN) മാറാന്‍ നിര്‍ബന്ധിതരാകുന്നു, ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ഓണ്‍ലൈന്‍ മാപ്പുകള്‍ ഇല്ലാതെ വഴി കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയാണെന്നും ഡയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ഒരാഴ്ചയായി സെന്‍ട്രല്‍ മോസ്‌കോയുടെ ഭാഗങ്ങളിലും സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലും അതിനപ്പുറവും എല്ലാ ദിവസവും മൊബൈല്‍ ഇന്റര്‍നെറ്റ് പൂര്‍ണ്ണമായും നിലച്ചു. ‘പല വിദേശ കമ്പനികളും റഷ്യന്‍ നിയമങ്ങള്‍ പാലിക്കാന്‍ വിസമ്മതിക്കുന്നു എന്നതും, ഉക്രേനിയന്‍ ഡ്രോണുകളുടെ ഭീഷണിയില്‍ നിന്നുള്ള സുരക്ഷാ നടപടികളുടെ ഭാഗവുമായാണ് ഇത് ചെയ്യുന്നതെ’ന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. ആക്രമണ ഡ്രോണുകള്‍ക്ക് നാവിഗേഷനായി സെല്ലുലാര്‍ നെറ്റ്വര്‍ക്കുകള്‍ ഉപയോഗിക്കാന്‍ കഴിയുമെന്നും, ടെലിഗ്രാം, വാട്ട്സ്ആപ്പ് തുടങ്ങിയ സേവനങ്ങളുടെ നിയന്ത്രണം ദേശീയ സുരക്ഷയ്ക്ക് അത്യാവശ്യമാണെന്നും റഷ്യന്‍ അധികൃതര്‍ പറയുന്നു.
ഇറാന്‍ പരമോന്നത നേതാവ് അലി ഖമേനിയുടെ വധത്തെത്തുടര്‍ന്നുണ്ടായ സുരക്ഷാ ആശങ്കകള്‍ക്കിടയിലാണ് ഈ മാറ്റം. ടെഹ്റാനിലെ സിസിടിവി സംവിധാനങ്ങള്‍ ഇസ്രായേല്‍ ഇന്റലിജന്‍സ് ഹാക്ക് ചെയ്തതായും ഇത് ഇറാന്‍ നേതൃത്വത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ സഹായിച്ചെന്നുമാണ് റിപ്പോര്‍ട്ട്. അതേസമയം, റഷ്യയില്‍ ചികിത്സയിലുണ്ടെന്നു കരുതുന്ന മോജ്തബ ഖമേനിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കാനാണോ നീക്കമെന്നും സംശയിക്കുന്നു. അപകടത്തില്‍ പരിക്കേറ്റ മോജ്തബയെ റഷ്യന്‍ സൈനിക വിമാനത്തില്‍ അതീവ രഹസ്യമായി മോസ്‌കോയിലെത്തിച്ചെന്ന് ഖത്തര്‍ ആസ്ഥാനമാക്കിയ അറബിക് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഭരണകൂട വിരുദ്ധരെയും സ്വന്തം ജനതയെയും ചാരവൃത്തി നടത്താന്‍ ഇറാന്‍ വ്യാപകമായി ഉപയോഗിക്കുന്ന നഗരത്തിലെ മിക്കവാറും എല്ലാ ക്യാമറകളിലും ഇസ്രായേല്‍ നുഴഞ്ഞുകയറ്റം ഉണ്ടായെന്നും പ്രധാന ബോഡിഗാര്‍ഡുകളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഈ ദൃശ്യങ്ങള്‍ ടെല്‍ അവീവിലേക്കും തെക്കന്‍ ഇസ്രായേലിലേക്കും അയച്ചുകൊടുത്തതിലൂടെ, ഗാര്‍ഡുകളുടെ വിലാസങ്ങള്‍, ജോലി സമയം, അവര്‍ ആര്‍ക്കൊക്കെയാണ് സംരക്ഷണം നല്‍കുന്നത് തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കാന്‍ മൊസാദിന് കഴിഞ്ഞു.
റഷ്യയില്‍ പോലീസ് നിരീക്ഷണങ്ങള്‍ ഇതിലും വിപുലമാണ്. അതും ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടാകാമെന്ന് ആശങ്കയുണ്ട്. ‘ശത്രുക്കളെ ആശയക്കുഴപ്പത്തിലാക്കാന്‍’ ക്രെംലിനിലെ പുടിന്റെ പൊതു പരിപാടികള്‍ നിര്‍ത്തിവെക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഉക്രെയ്ന്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ആഭ്യന്തര നിയന്ത്രണം ശക്തമാക്കുക എന്ന വലിയ ലക്ഷ്യമാണ് ഈ നിയന്ത്രണങ്ങള്‍ക്ക് പിന്നിലെന്ന് നയതന്ത്രജ്ഞരും വിശകലന വിദഗ്ധരും പറയുന്നു.
ഉപയോക്താക്കളെ എപ്പോള്‍ വേണമെങ്കിലും വിച്ഛേദിക്കാനും തടങ്കലില്‍ വെക്കാനുമുള്ള അധികാരം നല്‍കുന്ന പുതിയ നിയമങ്ങള്‍ ഇപ്പോള്‍ നിലവിലുണ്ട്. യുദ്ധം തീവ്രമാവുകയോ അല്ലെങ്കില്‍ അവസാനിച്ചതിന് ശേഷം കലാപം ഉണ്ടാവുകയോ ചെയ്താല്‍, ഓണ്‍ലൈനില്‍ വന്‍ ‘അടിച്ചമര്‍ത്ത’ലിനു സഹായിക്കുന്ന ഉപകരണങ്ങള്‍ മോസ്‌കോ സജ്ജമാക്കി്യെന്നും നയതന്ത്രജ്ഞര്‍ പറയുന്നു.
റഷ്യ 400-ലധികം വിപിഎന്‍-കള്‍ തടഞ്ഞു കഴിഞ്ഞു. പ്രാദേശിക നിയമങ്ങള്‍ പാലിക്കാത്തതിനാല്‍ ടെലിഗ്രാമിന്റെ വേഗത കുറയ്ക്കുകയും വാട്ട്സ്ആപ്പ് പൂര്‍ണ്ണമായും നിരോധിക്കുകയും ചെയ്തു. ടെലിഗ്രാമില്‍ ഉക്രേനിയന്‍, നാറ്റോ ഇന്റലിജന്‍സ് ഏജന്‍സികള്‍ നുഴഞ്ഞുകയറിയതായി റഷ്യന്‍ ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും കമ്പനി ഇത് നിഷേധിക്കുന്നു.
‘സ്വകാര്യതയ്ക്കും അഭിപ്രായസ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന അധികാരികള്‍, ടെലിഗ്രാം ഉപയോഗിക്കുന്നത് നിയന്ത്രിക്കാന്‍ ഓരോ ദിവസവും പുതിയ കാരണങ്ങള്‍ കണ്ടെത്തുകയാണ്’ ടെലിഗ്രാം സ്ഥാപകന്‍ പവല്‍ ദുറോവ് പറഞ്ഞു. ‘സ്വന്തം ജനതയെ ഭയപ്പെടുന്ന ഒരു രാജ്യത്തിന്റെ ദയനീയ കാഴ്ചയാണിതെ’ന്നും അദ്ദേഹം പറഞ്ഞു.
മൊബൈല്‍, ഫിക്‌സഡ് ഇന്റര്‍നെറ്റ് സേവനങ്ങളുടെ വലിയൊരു ഭാഗം അടച്ചുപൂട്ടുന്നതിനും വിനിമയ സംവിധാനങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും ചൈനയിലെയും ഇറാനിലെയും മാതൃകകള്‍ റഷ്യ പഠിച്ചിട്ടുണ്ടെന്ന് രണ്ട് സ്രോതസ്സുകള്‍ പറഞ്ഞു.
ഈ നീക്കങ്ങള്‍ക്ക് പിന്നിലെ പ്രേരണ നിലവിലെ യുദ്ധം മാത്രമല്ല, ക്രെംലിന്റെ പഴയകാല അനുഭവങ്ങള്‍ കൂടിയാണെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. 1989-ല്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സോവിയറ്റ് പിന്മാറ്റം രാജ്യത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായ വലിയ സാമൂഹിക പ്രക്ഷോഭങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ‘അഫ്ഗാനിസ്ഥാനിലെ വലിയ യുദ്ധം മോസ്‌കോ നിര്‍ത്തിയപ്പോള്‍ റഷ്യയ്ക്കും അവര്‍ക്കും എന്ത് സംഭവിച്ചു എന്നത് അവര്‍ക്കറിയാം: രാജ്യം തകര്‍ന്നു, സുരക്ഷാ ഏജന്‍സികള്‍ ഭിന്നിച്ചു. അത് വലിയൊരു ദുരന്തമായിരുന്നു’ -സുരക്ഷാ വിദഗ്ധനായ ആന്‍ഡ്രി സോള്‍ഡാറ്റോവ് പറഞ്ഞു.
തങ്ങളുടെ എല്ലാ നടപടികളും നിയമപരമാണെന്നും സ്ഥിരത ഉറപ്പാക്കാന്‍ ആവശ്യമാണെന്നും ക്രെംലിന്‍ തറപ്പിച്ചു പറയുന്നു. ഈ നടപടികള്‍ അടിച്ചമര്‍ത്തലല്ലെന്നും പാശ്ചാത്യ രാജ്യങ്ങളുടെ ഇടപെടലുകള്‍ക്കെതിരെ ഐക്യം നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമാണെന്നും പുടിനോട് അടുത്ത ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നു. എന്നാല്‍, യുവതലമുറയിലെ റഷ്യക്കാര്‍ ഈ നിയന്ത്രണങ്ങളെ മറികടക്കാന്‍ വിപിഎന്‍-കള്‍ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. രാഷ്ട്രീയ കാരണങ്ങളാലല്ല, മറിച്ച് ഇന്‍സ്റ്റാഗ്രാം, സ്‌നാപ്ചാറ്റ് തുടങ്ങിയവ ഉപയോഗിക്കാനാണ് അവര്‍ ഇത് ചെയ്യുന്നത്.
‘ഈ പ്രായമായ രാഷ്ട്രീയക്കാര്‍ക്ക് എല്ലാം തടയണമെന്നുണ്ടെങ്കില്‍, എന്തുകൊണ്ടാണ് അവര്‍ താല്‍പ്പര്യമുണര്‍ത്തുന്ന റഷ്യന്‍ ആപ്പുകള്‍ നിര്‍മ്മിക്കാത്തത്?’ എന്ന് തന്റെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ആന്‍ഡ്രി എന്ന യുവാവ് ചോദിക്കുന്നു. അതേസമയം, സ്‌കൂളുകളിലും സര്‍വ്വകലാശാലകളിലും മാതാപിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ചാറ്റ് ഗ്രൂപ്പുകള്‍ക്കായി സര്‍ക്കാര്‍ പിന്തുണയുള്ള മെസഞ്ചര്‍ ആപ്പായ ‘MAX’ ഉപയോഗിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കുന്നുണ്ട്.
ഖമേനിയുടെ വധത്തിലേക്ക് നയിച്ച വര്‍ഷങ്ങള്‍ നീണ്ട ഇന്റലിജന്‍സ് പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു ഇസ്രായേലിന്റെ ഇറാനിലെ ഹാക്കിംഗ്. ഫെബ്രുവരി 28-ന് ഖമേനിയുടെ സ്ഥാനം കണ്ടെത്തിയപ്പോള്‍, പാസ്ചര്‍ സ്ട്രീറ്റിന് അടുത്തുള്ള ഒരു ഡസനോളം മൊബൈല്‍ ഫോണ്‍ ടവറുകള്‍ ഇസ്രായേല്‍ പ്രവര്‍ത്തനരഹിതമാക്കി. ഇതിലൂടെ ഫോണ്‍ വിളിച്ചാല്‍ ബിസി (busy) എന്ന് കാണിക്കുകയും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുകള്‍ ലഭിക്കുന്നത് തടയുകയും ചെയ്തു.
‘ഞങ്ങള്‍ക്ക് ജറുസലേമിനെ അറിയുന്നതുപോലെ തന്നെ ടെഹ്റാനെയും അറിയാമായിരുന്നു’- ഖമേനിയുടെ വധത്തിന് പിന്നാലെ ഒരു ഇസ്രായേലി ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ ഫിനാന്‍ഷ്യല്‍ ടൈംസിനോട് പറഞ്ഞു. ‘നിങ്ങള്‍ വളര്‍ന്നുവന്ന തെരുവ് പോലെ ഒരിടത്തെക്കുറിച്ച് നിങ്ങള്‍ക്ക് കൃത്യമായ അറിവുണ്ടെങ്കില്‍, അവിടെ എന്തെങ്കിലും ചെറിയ മാറ്റം വന്നാല്‍ പോലും നിങ്ങള്‍ക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയു’മെന്നും അദ്ദേഹം പറഞ്ഞു.
സിഐഎയ്ക്ക് (CIA) ഇതുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ നല്‍കിയ ഒരു ഹ്യൂമന്‍ സോഴ്സ് (ചാരന്‍) ഉണ്ടായിരുന്നുവെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്‍ നേതൃത്വത്തിന്റെ നീക്കങ്ങളെക്കുറിച്ചുള്ള ഭീമമായ വിവരങ്ങള്‍ പരിശോധിച്ച ഇസ്രായേലിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ടൂളുകളും അല്‍ഗോരിതങ്ങളും ഈ വിവരങ്ങളുമായി കൂടിച്ചേത്താണ് ഖമേനിയെ കൃത്യമായി പിന്തുടര്‍ന്നത്.
#Russia, #Putin, #Israel, #Iran, #AliKhamenei, #CyberAttack, #Intelligence, #Mossad, #RussiaInternetShutdown, #KhameneiAssassination, #Geopolitics, #WorldNews, #CyberWarfare, #Kremlin, #VPN, #Telegram, #WhatsApp, #RussiaUkraineWar, #SecurityAlert, #TechNews #റഷ്യ, #പുടിൻ, #ഇസ്രായേൽ, #ഇറാൻ, #അലിഖമേനി, #സൈബർആക്രമണം, #ഇന്റർനെറ്റ്, #ലോകവാർത്തകൾ, #മലയാളംവാർത്ത Russia internet restrictions 2026, Israel hack Iran CCTV, Ali Khamenei assassination details, Putin digital crackdown, Mojtaba Khamenei Moscow, Mossad intelligence operations, Telegram ban Russia, Daily Mail report Russia internet.





