ബിജെപി വോട്ടുകള്‍ ലഭിക്കുമെന്ന് ജി. സുധാകരന്‍; അമ്പലപ്പുഴയില്‍ വീണ്ടും ഡീല്‍ വിവാദം; കോണ്‍ഗ്രസ് മറുപടി പറയണമെന്ന് സിപിഎം

ബി.ജെ.പി വോട്ടുകൾ തനിക്ക് ലഭിക്കുമെന്ന ജി.സുധാകരന്റെ പ്രസ്താവനയിൽ വിവാദം. അമ്പലപ്പുഴയിൽ ജി.സുധാകരനും ബി.ജെ.പിയും തമ്മിലുള്ള ഡീൽ തെളിഞ്ഞെന്ന് ഇടത് സ്ഥാനാര്‍ഥി എച്ച്.സലാം ആരോപിച്ചു. സുധാകരന്റെ പ്രസ്താവനയെ യു.ഡി.എഫ്, കോൺഗ്രസ് നേതൃത്വം അംഗീകരിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു.
യുഡിഎഫിന്റെ അമ്പലപ്പുഴ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിലായിരുന്നു സുധാകരന്റെ വാക്കുകൾ. ഭൂരിപക്ഷത്തിന്റെയും വോട്ടിന്റെയും കണക്കുകൾ പറഞ്ഞപ്പോഴാണ് 5000 ബിജെപി വോട്ടുകൾ തനിക്ക് കിട്ടുമെന്നും അവരെല്ലാവരും ആർഎസ്എസുകാർ അല്ലെന്നും സുധാകരൻ വ്യക്തമാക്കിയത്.
ജി .സുധാകരനെതിരെ എൽഡിഎഫ് സ്ഥാനാർഥി എച്ച്. സലാം രംഗത്ത് വന്നു. യുഡിഎഫും ബിജെപിയും തമ്മിൽ ധാരണ ഉണ്ട് എന്നതിന്റെ തെളിവാണ് സുധാകരന്റെ വാക്കുകൾ എന്ന് സലാം ആരോപിച്ചു. സുധാകരന്റെ രക്ഷകർത്ത്യത്വം കെസി വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കുമാണെന്നും
ബിജെപി വോട്ട് വാങ്ങുന്നതിൽ അവർ പ്രതികരിക്കണമെന്നും സലാം ആവശ്യപ്പെട്ടു. 2016 ൽ സുധാകരനെ ജയിപ്പിക്കാൻ മണ്ഡലത്തിൽ കമ്മിറ്റി പോലുമില്ലാത്ത എൽജെഡി ക്കാണ് യുഡിഎഫ്സീറ്റ് നൽകിയതെന്നും സലാം ആരോപിച്ചു.
സുധാകരനെതിരെ ബിജെപിയും രംഗത്ത് വന്നു. ബിജെപി വോട്ടല്ല, കോൺഗ്രസ് വോട്ട് പോലും സുധാകരന് കിട്ടില്ലെന്ന് BJP സ്ഥാനാർത്ഥി അരുൺ അനിരുദ്ധൻ പറഞ്ഞു. ബിജെപി വോട്ടുകൾ ലഭിക്കുമെന്ന് സുധാകരന്റെ വാക്കുകൾ അമ്പലപ്പുഴയിൽ രാഷ്ട്രീയ ആയുധമാക്കുകയാണ് എൽഡിഎഫും ബിജെപിയും.





