Breaking NewsLead NewsNEWSpoliticsWorld

‘ട്രംപും കുഷ്നറോ ഒന്നും വേണ്ട; ജെ. സി വാൻസുമായി ചർച്ച നടത്താനാണെങ്കിൽ റെ‍ഡി; യുദ്ധം അവസാനിക്കണമെന്ന് ശരിക്കും താല്പ്പര്യപ്പെടുന്നത് അദ്ദേഹം മാത്രമാണ്, മറ്റുള്ളവരെ ഞങ്ങൾക്ക് വിശ്വാസമില്ല‘- യുഎസിനോട് ഇറാൻ

ടെഹ്റാൻ: യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്രപരമായ നീക്കങ്ങൾ നടക്കുന്നതിനിടെ ഡൊണാൾഡ് ട്രംപിനെയോ ഭരണകൂടത്തിലെ മറ്റ് അംഗങ്ങളെയേക്കാൾതങ്ങൾക്ക് വിശ്വാസം യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെയാണെന്നും അദ്ദേഹവുമായി ചർച്ചകൾ നടത്താനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ഇറാൻ യുഎസിനെ അറിയിച്ചതായി റിപ്പോർട്ട്.

തികച്ചും അനൗദ്യോഗികമായാണ് ഈ സന്ദേശം എത്തിയതെന്നും യുഎസ് സ്പെഷ്യൽ എൻവോയ് സ്റ്റീവ് വിറ്റ്കോഫോ ജാരെഡ് കുഷ്നറോ നയിക്കുന്ന ചർച്ചകൾ വിജയിക്കാൻ സാധ്യതയില്ലെന്ന് ഇറാനിയൻ പ്രതിനിധികൾ സൂചിപ്പിച്ചതായും സിഎൻഎൻ റിപ്പോർട്ട് ചെയ്തു. മുൻപ് നടന്ന ചർച്ചകൾ പരാജയപ്പെട്ടതും ശത്രുത ആരംഭിച്ചതും വിശ്വാസക്കുറവുണ്ടായതുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നതെന്നാണ് റിപ്പോർട്ട് പറയുന്നത്. വാൻസ് യുദ്ധം അവസാനിപ്പിക്കാൻ കൂടുതൽ താൽപര്യപ്പെടുന്നതും ഭരണകൂടത്തിലെ മറ്റ് ചിലരെ അപേക്ഷിച്ച് സംഘർഷം നയതന്ത്രപരമായി അവസാനിപ്പിക്കുന്നതിന് വാൻസ് കൂടുതൽ അനുകൂലനിലപാട് കാണിക്കുന്നതും ഇറാനെ വാൻസിൽ വിശ്വാസമർപ്പിക്കുന്നതിന് പ്രേരകമാകുന്നു.

Signature-ad

അതേസമയം നേരിട്ടുള്ള ചർച്ചകൾ വാൻസിനെ സംബന്ധിച്ച് വെല്ലുവിളിനിറഞ്ഞതാകും എന്നാണ് വിലയിരുത്തൽ, കാരണം യുദ്ധം അവസാനിപ്പിക്കാനുള്ള ഒരു ഉടമ്പടിയിലെത്തുന്നത് സങ്കീർണ്ണവും രാഷ്ട്രീയപരമായി സംവേദനക്ഷമതയുള്ളതുമായ കാര്യമാണ്.

ചർച്ചകളിൽ യുഎസിനെ പ്രതിനിധീകരിക്കുന്നത് ആരായിരിക്കുമെന്ന അന്തിമതീരുമാനം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റേതാണ്. വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി കരോലിൻ ലെവിറ്റ് പറഞ്ഞത്, യുഎസ് ചർച്ചാ ടീമിനെ ട്രംപ് മാത്രമാണ് തീരുമാനിക്കുക എന്നാണ്. വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, വിറ്റ്കോഫ്, കുഷ്നർ എന്നിവരുൾപ്പെടെ നിരവധി മുതിർന്ന ഉദ്യോഗസ്ഥർ വിശാലമായ നയതന്ത്ര ശ്രമങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ലെവിറ്റ് പറയുന്നു.

വെടിനിർത്തലിനെ ചുറ്റിപ്പറ്റിയുള്ള നയതന്ത്രപരമായ പ്രവർത്തനങ്ങൾ സമീപദിവസങ്ങളിൽ വർദ്ധിച്ചിട്ടുണ്ട്. ഈ ആഴ്ച അവസാനം പാകിസ്താന്റെ തലസ്ഥാനമായ ഇസ്ലാമാബാദിൽ യുഎസ്, ഇറാനിയൻ പ്രതിനിധികൾ തമ്മിൽ കൂടിക്കാഴ്ച നടത്തി ചർച്ചകൾ നടക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. പാകിസ്താൻ ഈ ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നിരുന്നാലും, തുടർച്ചയായുള്ള ശത്രുതയും ഇരുപക്ഷവും തമ്മിലുള്ള ആഴത്തിലുള്ള അവിശ്വാസവും കണക്കിലെടുക്കുമ്പോൾ, അത്തരം ഒരു കൂടിക്കാഴ്ച നടക്കുമോ എന്ന കാര്യത്തിൽ സംശയവും നിലനിൽക്കുന്നുണ്ട്.

യുദ്ധം തുടരുന്നതിനിടയിലും കൂടുതൽ സൈന്യത്തെ യുഎസ് പശ്ചിമേഷ്യയിലേക്ക് അയച്ചുകൊണ്ടിരിക്കെയാണ് ഈ നയതന്ത്ര നീക്കങ്ങൾ നടക്കുന്നത്. ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് ഉറപ്പുനൽകണമെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്. അതേസമയം, യുഎസുമായി നേരിട്ടുള്ള ചർച്ചകൾ നടക്കുന്നില്ലെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: