ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ ഇന്ധന ലഭ്യത സംബന്ധിച്ച് യാതൊരു വിധ ആശങ്കയും ഉദിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ. രാജ്യത്ത് ഊർജ്ജസുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ട്. നിലവിൽ ഇന്ത്യ ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധി നേരിടുന്നില്ലെന്നും കൂടുതൽ ഇന്ധനകപ്പലുകൾ ഇന്ത്യയിലേക്ക് വരുന്നുണ്ടെന്നും കേന്ദ്രസർക്കാർ ബുധനാഴ്ച അറിയിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷി യോഗത്തിൽ രാഷ്ട്രീയപാർട്ടികൾക്ക് കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച ഉറപ്പും നൽകി.
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഉണ്ടാകാനിടയുള്ള നയതന്ത്രവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് രാഷ്ട്രീയ പാർട്ടി നേതാക്കൾക്ക് കേന്ദ്ര സർക്കാർ വിശദീകരണം നൽകി. ഇന്ധന ലഭ്യതയുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മേഖലകളിൽ അസ്ഥിരതകളുണ്ടെങ്കിലും പെട്രോളിയം ഉത്പന്നങ്ങളുടെയും എൽപിജിയുടെയും ആവശ്യാനുസരണമുള്ള വിതരണം തുടരുന്നതായും സർക്കാർ അറിയിച്ചു. മാത്രമല്ല, ഇന്ധനം വഹിച്ചുകൊണ്ട് കൂടുതൽ കപ്പലുകൾ ഇന്ത്യയിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം സംബന്ധിച്ച് ആശങ്കകൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ആവശ്യമായ നടപടികൾ പുരോഗമിക്കുന്നതായി സർക്കാർ അറിയിച്ചത്.
അതേസമയം, ഈ വിഷയത്തെക്കുറിച്ച് വിശദീകരണം നൽകുന്നതിന് പകരം ലോക്സഭയിലും രാജ്യസഭയിലും ഔദ്യോഗികമായി ചർച്ച നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സംഘർഷം കൂടുതൽ വഷളാവുകയാണെങ്കിൽ, എണ്ണ ശേഖരം, എൽപിജി ലഭ്യത, ഗാർഹിക ഊർജ്ജ വിതരണം എന്നിവയുമായി ബന്ധപ്പെട്ട് ഇന്ത്യ എന്തൊക്കെ സജ്ജീകരണങ്ങൾ നടത്തി എന്നതിനെക്കുറിച്ച് കൂടുതൽ വ്യക്തത നൽകണമെന്ന് നിരവധി പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ യോഗത്തിന്റെ രീതിയെ ചോദ്യം ചെയ്തുകൊണ്ട് രംഗത്തെത്തി. വിഷയത്തിൽ പാർലമെന്ററി തലത്തിലുള്ള ചർച്ച നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അതേസമയം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി യോഗത്തിൽ പങ്കെടുത്തില്ല. കേരളത്തിൽ പരിപാടികൾ ഉള്ളതുകൊണ്ടാണ് പങ്കെടുക്കാത്തതെന്ന് അദ്ദേഹം അറിയിച്ചു. തൃണമൂൽ കോൺഗ്രസും യോഗത്തിൽ പങ്കെടുത്തില്ല.
ഇന്ത്യയുടെ എൽപിജി ആവശ്യകതയുടെ ഏകദേശം 60 ശതമാനവും ആഭ്യന്തര ഉത്പാദനത്തിലൂടെയാണ് നിറവേറ്റുന്നതെന്നും ബാക്കിയുള്ളവ ഇറക്കുമതിയിലൂടെയും വിതരണ പദ്ധതികളിലൂടെയും കൈകാര്യം ചെയ്യുന്നുവെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങൾ, ഇന്ധനം, വളങ്ങൾ, വിതരണ ശൃംഖലകൾ, ലൊജിസ്റ്റിക്സ്, വ്യാപാരം എന്നിവ നിരീക്ഷിക്കാൻ സർക്കാർ ഏഴ് സമിതികളെ രൂപീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. നേരത്തേ പ്രധാനമന്ത്രി പാർലമെന്റിലെ ഇരുസഭകളെയും അഭിസംബോധന ചെയ്യുകയും പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ ദീർഘകാലം നീണ്ടുനിൽക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് സർവകക്ഷി യോഗം ചേർന്നത്.


