Breaking NewsLead NewsNEWSWorld

ചർച്ച നടക്കുന്നതായി ട്രംപ്, ഇസ്രയേലിനു നേർക്ക് തുടരെത്തുടരെ മിസൈൽ പായിച്ച് ഇറാൻ, തൊടുത്തുവിട്ട മിസൈലുകളിൽ ഒന്ന് പതിച്ചത് വടക്കൻ ഇസ്രയേലിലെ വീടുകൾക്ക് മുകളിൽ!! വിപണികൾ വീണ്ടും അനിശ്ചിതത്വത്തിൽ

വാഷിംഗ്ടൺ/ജെറുസലേം/ടെൽ അവീവ്: അമേരിക്ക ഇറാനുമായി യുദ്ധം അവസാനിപ്പിക്കാൻ സന്ധി സംഭാഷണം നടത്താൻ നീക്കം നടത്തുന്നതിനിടെ ഇസ്രയേലിലേക്ക് ഇറാൻ തുടരെത്തുടരെ മിസൈൽ ആക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം. ട്രംപ് ഇറാന്റെ വൈദ്യുതി ഗ്രിഡിനെ ലക്ഷ്യമിട്ട് നടത്താനിരുന്ന ആക്രമണം ഫലപ്രദമായ ചർച്ചകൾ നടക്കുന്നതിനാൽ അഞ്ച് ദിവസത്തേക്ക് മാറ്റിവെച്ചുവെന്ന് ട്രൂത്ത് സോഷ്യലിലൂടെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പുതിയ സംഘർഷം രൂക്ഷമായത്.

മിസൈൽ ആക്രമണത്തെ തുടർന്ന് ടെൽ അവീവ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ എയർ റെയ്ഡ് സൈറൺ മുഴങ്ങി. ഇറാന്റെ ആക്രമത്തെ ഇസ്രലേലിന്റെ പ്രതിരോധ സംവിധാനങ്ങൾ തകർത്തെങ്കിലും വടക്കൻ ഇസ്രയേലിൽ വീണ അവശിഷ്ടങ്ങൾ വീടുകൾക്ക് നാശനഷ്ടമുണ്ടാക്കി. എന്നാൽ ഇവിടെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

Signature-ad

അതേസമയം കഴിഞ്ഞദിവസം ട്രംപ് ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിൽ ഇറാനുമായുള്ള ചർച്ചകൾ “വളരെ നല്ലതും ഫലപ്രദവുമായിരുന്നു” എന്ന് വ്യക്തമാക്കിയിരുന്നു. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്ക് “പൂർണ്ണപരിഹാരം” ലക്ഷ്യമിട്ടുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നു അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇറാന്റെ ഊർജ്ജ അടിസ്ഥാനസൗകര്യങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണം താൽക്കാലികമായി നിർത്തിവെച്ചതായും അറിയിച്ചു.

എന്നാൽ ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാക്കർ ഖലീബാഫ് ഈ അവകാശവാദം തള്ളിക്കളഞ്ഞിരുന്നു. യുഎസുമായി യാതൊരു ചർച്ചകളും നടന്നിട്ടില്ലെന്നും വിപണികളെ സ്വാധീനിക്കാൻ ഫേക്ക് ന്യൂസ് പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇതിനിടെ ഇറാന്റെ റവല്യൂഷണറി ഗാർഡ്സ് (IRGC) യുഎസ് ലക്ഷ്യങ്ങളെതിരെ പുതിയ ആക്രമണങ്ങൾ ആരംഭിച്ചതായി അറിയിച്ചു. ട്രംപിന്റെ പ്രസ്താവനകൾ മാനസിക യുദ്ധതന്ത്രം മാത്രമാണെന്നും അവയ്ക്ക് യാതൊരു സ്വാധീനവും ഇല്ലെന്നും അവർ പ്രതികരിച്ചു.

അതേസമയം ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കാൻ ട്രംപ് നൽകിയിരുന്ന സമയപരിധി നീട്ടിയതോടെ ആഗോള വിപണികൾ താൽക്കാലികമായി ഉയർന്നെങ്കിലും, വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള വിരുദ്ധ സന്ദേശങ്ങൾ വീണ്ടും ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. ലോകത്തിലെ എണ്ണ-വാതക ഗതാഗതത്തിന്റെ ഏകദേശം 20% കടന്നുപോകുന്ന ഈ കടലിടുക്ക് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതോടെ ആഗോള സാമ്പത്തിക രംഗം സമ്മർദ്ദത്തിലാണെന്ന് വിലയിരുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: