പ്രാണൻ പിടയുന്ന വേദനയിൽ 13 വർഷം… ഒടുവിൽ ഹരീഷ് റാണയെന്ന 32 കാരൻ യാത്രയായി!! രാജ്യത്തെ ആദ്യ ‘ദയാമരണം’

ന്യൂഡൽഹി: രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി കിട്ടിയ ഹരീഷ് റാണ എന്ന 32 കാരൻ വിടവാങ്ങി. ഹരീഷ് റാണയുടെ മരണം പിടിഐയാണ് റിപ്പോർട്ട് ചെയ്തത്. ഹരീഷിന്റെ അവസാന നിമിഷങ്ങളിൽ അമ്മയ്ക്ക് മാത്രമായിരുന്നു മകനോടൊപ്പം തുടരാനുള്ള അനുമതി ഉണ്ടായിരുന്നത്.
ഈമാസം 11നാണ് രാജ്യത്ത് ആദ്യമായി ദയാവധത്തിനുള്ള അനുമതി സുപ്രീം കോടതി സുപ്രധാനവിധിയിലൂടെ പുറപ്പെടുവിക്കുന്നത്. 13 വർഷമായി അബോധാവസ്ഥയിൽ കഴിയുന്ന ഹരീഷ് റാണയുടെ ചികിത്സ പിൻവലിക്കാനുള്ള ഉത്തരവായി. ഇതേത്തുടർന്ന് ഹരീഷ് റാണയെ എയിംസിലേക്ക് മാറ്റിയിരുന്നു.
2013 ഓഗസ്റ്റ് 20-നായിരുന്നു ഹരീഷിന് അപകടമുണ്ടായത്. ചണ്ഡീഗഡ് യൂണിവേഴ്‌സിറ്റിയിൽ സിവിൽ എഞ്ചിനീയറിങ് പഠിക്കുകയായിരുന്ന ഹരീഷ്, തന്റെ താമസസ്ഥലത്തിന്റെ നാലാം നിലയിലെ ബാൽക്കണിയിൽനിന്ന് വഴുതി വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേൽക്കുകയും 100% വൈകല്യം സംഭവിക്കുകയും ചെയ്തു.
പിന്നീട് മകന്റെ ദയനീയ അവസ്ഥയിൽ മനംനൊന്ത് കുടുംബം സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ഇന്ത്യയിൽ ആദ്യമായിട്ടാണ് ‘നിഷ്‌ക്രിയ ദയാവധം’ അനുവദിച്ചുകൊണ്ട് സുപ്രീംകോടതിയുടെ ചരിത്രവിധി വരുന്നത്. 13 വർഷമായി അബോധാവസ്ഥയിൽ ചലനമറ്റുകിടക്കുന്ന ഡൽഹിയിലെ ഹരീഷ് റാണയ്ക്ക് (32) വയറ്റിൽ ഘടിപ്പിച്ച ട്യൂബിലൂടെ നൽകുന്ന മരുന്നും ചികിത്സയും നിർത്തിവെക്കാൻ സുപ്രീംകോടതി അനുവദിച്ചു. ഹരീഷിന്റെ ജീവൻരക്ഷാ സംവിധാനങ്ങൾ നിർത്താമെന്ന് ഗാസിയാബാദ് ജില്ലാ ആശുപത്രിയിലെ പ്രാഥമിക മെഡിക്കൽ ബോർഡും എയിംസിലെ രണ്ടാം മെഡിക്കൽ ബോർഡും നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരുടെ നടപടി ഉണ്ടായത്.
ഇതോടെ വീട്ടിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഹരീഷിനെ അവിടെനിന്ന് എയിംസിന്റെ പാലിയേറ്റീവ് കെയർ വകുപ്പിലേക്ക് മാറ്റിയശേഷം അവിടെവെച്ച് സിഎഎൻഎച്ച് (ക്ലിനിക്കലി അസിസ്റ്റഡ് ന്യുട്രീഷ്യൻ ആൻഡ് ഹൈഡ്രേഷൻ-കുഴൽവഴിയോ ഡ്രിപ്പായോ പോഷകവും ജലാംശവും നൽകൽ) ഉൾപ്പെടെയുള്ള ജീവൻരക്ഷാ സംവിധാനങ്ങൾ പിൻവലിക്കുകയായിരുന്നു.
ഹരീഷിന്റെ മാതാപിതാക്കളെ കോടതിയിലേക്ക് വിളിപ്പിച്ച് ജഡ്ജിമാർ ചേംബറിൽവെച്ച് വിശദമായി സംസാരിച്ചിരുന്നു. അവരുടെ അഭിഭാഷക രശ്മി നന്ദകുമാറിനെയും കേന്ദ്ര സർക്കാരിന്റെ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യാ ഭാട്ടിയെയും ഹരീഷിന്റെ വീട്ടിലയച്ച് അവിടുത്തെ സാഹചര്യങ്ങളും വിലയിരുത്തിയശേഷം അതിയായ കരുതലോടെയാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. അഡ്വ. രശ്മി നന്ദകുമാറിന്റെ അഭ്യർഥനപ്രകാരം ‘നിഷ്‌ക്രിയ ദയാവധം’ എന്നതിനുപകരം ‘ചികിത്സ പിൻവലിക്കൽ’ എന്നാണ് വിധിയിൽ പറയുന്നത്.





