Breaking NewsBusinessIndiaLead NewsNEWSpoliticsPravasiWorld

ഇന്ത്യയ്ക്ക് എണ്ണ നല്കാമെന്ന് ഇറാൻ; നിരവധി നിബന്ധനകളും വച്ചിട്ടുണ്ട്; തീരുമാനത്തിലെത്താനാവാതെ കമ്പനികൾ

ടെഹ്റാൻ: യുഎസ്- ഇസ്രയേല്‍ യുദ്ധത്തെത്തുടര്‍ന്നുണ്ടായ ആഗോള ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാന്‍ ഇറാനു മേലുള്ള ഉപരോധത്തില്‍ അമേരിക്ക താല്‍ക്കാലിക ഇളവ് പ്രഖ്യാപിച്ചതോടെ, ഇന്ത്യയ്ക്ക് എണ്ണ വാഗ്ദാനം ചെയ്ത് ഇറാന്‍. എന്നാല്‍ വിപണിയിലെ അടിസ്ഥാന വിലയേക്കാള്‍ വലിയൊരു തുക അധികമായി (പ്രീമിയം) നല്‍കിയാല്‍ മാത്രമേ എണ്ണ നല്‍കൂ എന്നാണ് ഇറാന്റെ നിലപാട്. നാല് ആഴ്ച പിന്നിട്ട ഇറാന്‍- ഇസ്രയേല്‍ യുദ്ധം മൂലം ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം തടസപ്പെട്ടത് ഇന്ത്യയെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അയല്‍രാജ്യം കൂടിയായ ഇറാനില്‍ നിന്ന് എണ്ണയും പാചകവാതകവും വേഗത്തില്‍ എത്തിക്കാന്‍ നീക്കം നടക്കുന്നത്.

രാജ്യാന്തര വിപണിയിലെ ബ്രെന്റ് ക്രൂഡ് വിലയേക്കാള്‍ ബാരലിന് 6 മുതല്‍ 8 ഡോളര്‍ വരെ അധികം നല്‍കണമെന്നാണ് ഇറാന്റെ ആവശ്യം. പണം നല്‍കാന്‍ ഡോളറിന് പുറമെ ഇന്ത്യന്‍ രൂപയും സ്വീകരിക്കാന്‍ തയ്യാറാണെന്ന് ഇറാന്‍ അറിയിച്ചിട്ടുണ്ട്. ട്രംപ് ഭരണകൂടം നല്‍കിയ 30 ദിവസത്തെ ഇളവ് പ്രകാരം മാര്‍ച്ച് 20-നോ അതിനുമുമ്പോ കപ്പലുകളില്‍ കയറ്റിയ എണ്ണ ഏപ്രില്‍ 19-നകം ഇറക്കുമതി ചെയ്യണം. ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ പരമാവധി എണ്ണയും എല്‍പിജിയും ശേഖരിക്കാനാണ് ഇന്ത്യന്‍ എണ്ണക്കമ്പനികളുടെ ശ്രമം. നേരത്തെ, ഉപരോധം നീക്കിയതിനെത്തുടര്‍ന്ന് റഷ്യയില്‍ നിന്ന് ഇന്ത്യ വന്‍തോതില്‍ കുറഞ്ഞ നിരക്കില്‍ എണ്ണ വാങ്ങിയിരുന്നു.

Signature-ad

ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്ന കാര്യത്തില്‍ പണം എങ്ങനെ കൈമാറുമെന്നതാണ് ഇന്ത്യന്‍ കമ്പനികളെ കുഴയ്ക്കുന്നത്. ഇറാനിയൻ വ്യാപാരികളും സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികളും എണ്ണയ്ക്ക് ഡോളറിൽ പണം നൽകാൻ ആഗ്രഹിക്കുന്നു, എന്നിരുന്നാലും, ചില കമ്പനികൾ ഇന്ത്യൻ രൂപയിലും പണം സ്വീകരിക്കാൻ തയ്യാറാണെന്ന് വ്യവസായ വൃത്തങ്ങൾ വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

രാജ്യാന്തര പണമിടപാട് സംവിധാനമായ ‘സ്വിഫ്റ്റില്‍’ നിന്ന് ഇറാനെ പുറത്താക്കിയതിനാല്‍ ബാങ്ക് വഴിയുള്ള ഇടപാടുകള്‍ പ്രയാസകരമാണ്. കപ്പല്‍ എത്തി ഏഴ് ദിവസത്തിനകം പണം നല്‍കണമെന്നാണ് ഇറാന്റെ നിബന്ധന. ഇറാനില്‍ നിന്ന് ഇന്ധനം വാങ്ങുന്നത് സംബന്ധിച്ച തീരുമാനം എണ്ണക്കമ്പനികളുടെ ലാഭനഷ്ടങ്ങള്‍ കണക്കിലെടുത്തുള്ള ‘സാങ്കേതികവും വാണിജ്യപരവുമായ’ തീരുമാനമായിരിക്കുമെന്ന് പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ വ്യക്തമാക്കി. 2019 മേയിലാണ് ഇന്ത്യ അവസാനമായി ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്തത്.

എണ്ണ ലഭ്യതയ്‌ക്കൊപ്പം ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി പാചകവാതകത്തിന്റെ കടുത്ത ക്ഷാമമാണ്. യുദ്ധം കാരണം ഇറക്കുമതി നിലച്ചതാണ് ഇതിന് കാരണം. നിലവിലെ ഊര്‍ജ്ജ പ്രതിസന്ധി 1970-കളിലെ എണ്ണ പ്രതിസന്ധിയേക്കാള്‍ ഭീകരമാണെന്ന് രാജ്യാന്തര ഊര്‍ജ്ജ ഏജന്‍സി മേധാവി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: