ഇടതു സ്ഥാനാര്‍ഥിക്കായി തെരച്ചില്‍ തുടരുന്നു; രണ്ടിടത്ത് പ്രതിസന്ധി; ഇന്ന് പ്രഖ്യാപിച്ചില്ലെങ്കില്‍ പ്രതിസന്ധി കടുക്കും

തിരുവനന്തപുരവും കാസര്‍കോടും ഉൾപ്പെടെ ഇടതുമുന്നണിയുടെ നാലു സീറ്റുകളിലെ സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടാവും. ചലച്ചിത്രതാരം സുധീര്‍ കരമനയെ തലസ്ഥാനത്ത് ഇടത് സ്വതന്ത്രനായി ഇറക്കും. ഷാനവാസ് പാദൂര്‍ കാസര്‍കോട് സ്വതന്ത്ര സ്ഥാനാര്‍ഥിയാകും. ശേഷിക്കുന്ന രണ്ട് സീറ്റുകളിലാണ് ഇനി സ്ഥാനാര്‍ഥികളെ കിട്ടാനുള്ളത്. താനൂര്‍, വള്ളിക്കുന്ന് സീറ്റുകളിൽ കൂടി സ്ഥാനാർഥികളായാൽ പ്രഖ്യാപനം നടത്തും.
വി.അബ്ദുറഹിമാന് സ്വയം താനൂരില്‍ നിന്ന് തിരൂരിലേക്ക് മാറിയതോടെയാണ് താനൂരില്‍ പ്രതിസന്ധിയായത്. താനൂരിൽ ഉചിതമായ സ്ഥാനാർഥിക്കായി തിരച്ചില്‍ തുടരുകയാണ്. അബ്ദുറഹിമാന് രണ്ടത്താണി വരുമെന്ന പ്രതീക്ഷയില്‍ നീക്കുപോക്കിനായി ഒഴിച്ചിട്ട മണ്ഡലമായിരുന്നു വള്ളിക്കുന്ന്. മങ്കടയില്‍ എം.പി.അലവിയാണ് സ്ഥാനാര്‍ഥി. പകരം മുസ്ലിം ലീഗുകാരനായ കുന്നത്ത് മുഹമ്മദിനെ കൊണ്ടുവരാന്‍ നീക്കമുണ്ട്. ഇന്നെങ്കിലും സ്ഥാനാർഥി പ്രഖ്യാപനം വന്നില്ലെങ്കിൽ വലിയ പ്രതിസന്ധിയിലേക്കാകും ഇടതുമുന്നണിക്ക് പോകേണ്ടിവരുക.
തിങ്കളാഴ്ചയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിനുള്ള അവസാന തീയതി. ഇന്നും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനായില്ലെങ്കില്‍ ഇത് പ്രതിസന്ധിയുണ്ടാക്കും. ഇന്ന് സംസ്ഥാനത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിരക്കാണ്. മൂന്ന് മുന്നണികളുടെയും പ്രമുഖര്‍ ഇന്ന് പത്രിക നല്‍കും. തിരുവനന്തപുരത്ത് വി.ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്, കെ.മുരളീധരന്, വി.കെ. പ്രശാന്ത്, രാജീവ് ചന്ദ്രശേഖര്‍, വി.മുരളീധരന്, പി.കെ.കൃഷ്ണദാസ്, ആര്.ശ്രീലേഖ, രമ്യ ഹരിദാസ് തുടങ്ങിയവര്‍ ഇന്ന് പത്രിക നല്‍കും. റോഡ് ഷോയും വാദ്യമേളങ്ങളുമായി ശക്തിപ്രകടനം നടത്തിയാണ് പലരും നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് ഒരുങ്ങുന്നത്. ഇന്ന് കഴിഞ്ഞാല്‍ തിങ്കളാഴ്ച മാത്രമാണ് പത്രിക സമര്‍പ്പണത്തിന് അവസരമുള്ളത്.






