Breaking NewsIndiaLead NewsNEWSNewsthen SpecialPravasiTRENDINGWorld

‘തുടങ്ങാന്‍ പറഞ്ഞിട്ടില്ല, നിര്‍ത്തിയാല്‍ അതിലേറെ അപകടം’; ഇറാന്റെ ഭീഷണി പൂര്‍ണമായും അവസാനിപ്പിക്കാതെ പിന്‍മാറരുതെന്ന് അമേരിക്കയോട് ഗള്‍ഫ് രാജ്യങ്ങള്‍; ഇറാന്‍ ഇപ്പോള്‍ ശത്രുരാജ്യമെന്നും ജിസിസി; യുദ്ധത്തില്‍ പങ്കാളിയാകണോ എന്നതും ആലോചിക്കും

ദുബായ്: ഇറാനുമായുള്ള യുദ്ധത്തെ എതിര്‍ത്തെങ്കിലും ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ഭീഷണി പൂര്‍ണമായും അവസാനിപ്പിക്കാടെ പിന്‍മാറരുതെന്ന് അമേരിക്കയോട് അഭ്യര്‍ഥിച്ച് ഗള്‍ഫ് രാജ്യങ്ങള്‍. ഗള്‍ഫിന്റെ എണ്ണ വിതരണ ശൃംഖലയെയും അതിനെ ആശ്രയിച്ചു കഴിയുന്ന സമ്പദ്വ്യവസ്ഥയെയും ഇറാന്‍ ഇനിയും ഭീഷണിപ്പെടുത്താന്‍ ഇടവരരുത് എന്നാണ് അവരുടെ നിലപാടെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

യുഎസ്-ഇസ്രായേല്‍ യുദ്ധത്തില്‍ ചേരാന്‍ വാഷിംഗ്ടണ്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നെന്നും അഞ്ച് പാശ്ചാത്യ-അറബ് നയതന്ത്രജ്ഞര്‍ പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. സൈനിക നീക്കത്തിന് പ്രാദേശിക പിന്തുണയുണ്ടെന്ന് കാണിക്കുന്നതിലൂടെഅന്താരാഷ്ട്ര തലത്തിലും സ്വന്തം രാജ്യത്തും കൂടുതല്‍ അംഗീകാരം നേടാനാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഗ്രഹിക്കുന്നത്.

Signature-ad

‘ഇറാന്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളുടെയും ലക്ഷ്മണരേഖ ലംഘിച്ചുവെന്ന വികാരം ഗള്‍ഫിലുടനീളം വ്യാപകമാണ്’- സൗദി ആസ്ഥാനമായുള്ള ഗള്‍ഫ് റിസര്‍ച്ച് സെന്റര്‍ ചെയര്‍മാന്‍ അബ്ദുല്‍ അസീസ് സാഗര്‍ പറഞ്ഞു. ‘ആദ്യം ഞങ്ങള്‍ അവരെ പ്രതിരോധിക്കുകയും യുദ്ധത്തെ എതിര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവര്‍ ഞങ്ങള്‍ക്ക് നേരെ നേരിട്ട് ആക്രമണം തുടങ്ങിയതോടെ അവര്‍ ശത്രുവായി മാറി. അവരെ മറ്റൊരു രീതിയില്‍ തരംതിരിക്കാന്‍ കഴിയില്ല’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആറ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയും ഇറാന്‍ ആക്രമണം

മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആറ് ഗള്‍ഫ് രാജ്യങ്ങളിലെയും വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, എണ്ണ കേന്ദ്രങ്ങള്‍, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവ ആക്രമിച്ച് ടെഹ്റാന്‍ കരുത്ത് തെളിയിച്ചിട്ടുണ്ട്. കൂടാതെ, ആഗോള എണ്ണയുടെ അഞ്ചിലൊന്ന് കടന്നുപോകുന്നതും ഗള്‍ഫ് സമ്പദ്വ്യവസ്ഥയുടെ ജീവനാഡിയുമായ ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതവും അവര്‍ തടസപ്പെടുത്തി.

ഇറാന്റെ പക്കല്‍ ആക്രമണോത്സുകമായ ആയുധശേഖരമോ ആയുധ നിര്‍മ്മാണ ശേഷിയോ അവശേഷിപ്പിക്കുന്നത്, മേഖലയില്‍ പിരിമുറുക്കം ഉണ്ടാകുമ്പോഴെല്ലാം ഊര്‍ജ വിതരണ ശൃംഖലയെ സ്തംഭിപ്പിക്കാന്‍ അവരെ പ്രേരിപ്പിക്കുമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ ഭയപ്പെടുന്നു. യുഎസിന്റെയും ഇസ്രായേലിന്റെയും വ്യോമാക്രമണം ശക്തമാകുകയും, ഇറാന്‍ യുഎസ് താവളങ്ങള്‍ക്കും ഗള്‍ഫിലെ സിവിലിയന്‍ ലക്ഷ്യങ്ങള്‍ക്കും നേരെ വെടിയുതിര്‍ക്കുകയും ചെയ്തതോടെ യുദ്ധം മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഇറാന്റെ സൈനിക ശേഷി ട്രംപ് പൂര്‍ണമായും തകര്‍ക്കണമെന്നാണ് ഗള്‍ഫ് നേതാക്കളുടെ ഇപ്പോഴത്തെ മനോഭാവമെന്നും അല്ലാത്തപക്ഷം നിരന്തരമായ ഭീഷണിക്ക് കീഴില്‍ ജീവിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ സൈനിക താവളങ്ങളുള്ള, യുഎസിന്റെ അടുത്ത സഖ്യകക്ഷികളായ സുന്നി അറബ് ഗള്‍ഫ് അയല്‍ക്കാരെ ഷിയാ ഭൂരിപക്ഷമുള്ള ഇറാന്‍ എപ്പോഴും സംശയത്തോടെയാണ് കണ്ടിട്ടുള്ളത്. ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ വലിയ കുഴപ്പങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കിലും മറ്റ് രാജ്യങ്ങളുമായി ഇറാന്‍ അത്ര നല്ല ബന്ധത്തിലല്ല. 2019-ല്‍ സൗദി അറേബ്യയിലെ അബ്‌ഖൈഖ്, ഖുറൈസ് എണ്ണ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് ആരോപിക്കപ്പെട്ടിരുന്നു. ഇത് സൗദിയുടെ ഉല്‍പ്പാദനം പകുതിയായി കുറയ്ക്കുകയും എണ്ണ വിപണിയെ ഉലയ്ക്കുകയും ചെയ്തിരുന്നു.

ഗള്‍ഫ് നേതാക്കളെ സംബന്ധിച്ചിടത്തോളം, ഇപ്പോള്‍ നടപടിയെടുക്കാതിരിക്കുന്നതാണ് ഏറ്റവും വലിയ അപകടം. ഈ മാസം ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ ഭൗതികമായ നാശനഷ്ടങ്ങള്‍ക്കും എണ്ണ വിതരണ തടസത്തിനും അപ്പുറം, ഗള്‍ഫ് രാജ്യങ്ങള്‍ കഠിനാധ്വാനം ചെയ്ത് കെട്ടിപ്പടുത്ത സുരക്ഷാ പ്രതിച്ഛായയെയും ബാധിച്ചിട്ടുണ്ട്. വ്യാപാരവും ടൂറിസവും വിപുലീകരിക്കാനും ഫോസില്‍ ഇന്ധന കയറ്റുമതിയിലുള്ള ആശ്രിതത്വം കുറയ്ക്കാനുമുള്ള ശ്രമങ്ങളെ ഇത് പ്രതികൂലമായി ബാധിക്കും. ‘ദൗത്യം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് അമേരിക്ക പിന്മാറിയാല്‍, ഇറാന്റെ ഭീഷണിയെ നേരിടാന്‍ ഞങ്ങള്‍ ഒറ്റപ്പെട്ടുപോകു’മെന്നും സാഗര്‍ പറഞ്ഞു.

വലിയൊരു യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ഭീതി

ഈ ആശങ്കകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്, ഇറാന്റെ ആയുധങ്ങള്‍ പ്രയോഗിക്കാനോ കൂടുതല്‍ നിര്‍മ്മിക്കാനോ ഉള്ള ശേഷി തകര്‍ക്കുകയാണെന്നും ട്രംപ് മിഡില്‍ ഈസ്റ്റിലെ പങ്കാളികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) മാത്രമാണ് ഇതിനോട് പ്രതികരിച്ചത്. ‘തങ്ങള്‍ സംഘര്‍ഷങ്ങളിലേക്കോ യുദ്ധത്തിലേക്കോ വലിച്ചിഴയ്ക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ല’ എന്നും എന്നാല്‍ തങ്ങളുടെ പരമാധികാരവും സുരക്ഷയും ഉറപ്പാക്കാന്‍ ‘ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍’ അവകാശമുണ്ടെന്നും യുഎഇ വ്യക്തമാക്കി.

വ്യക്തിഗതമായ സൈനിക നടപടികള്‍ ഏതെങ്കിലും ഗള്‍ഫ് രാജ്യം സ്വീകരിക്കാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാരണം അത് ആ രാജ്യത്തിന് മാത്രമായി ഇറാന്റെ തിരിച്ചടി നേരിടേണ്ടി വരുമെന്ന സാഹചര്യം ഉണ്ടാക്കും. കൂടാതെ, ബഹ്റൈന്‍, കുവൈറ്റ്, ഖത്തര്‍, സൗദി അറേബ്യ, ഒമാന്‍, യുഎഇ എന്നീ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) അംഗങ്ങള്‍ക്കിടയില്‍ ഏകോപിതമായ നടപടികളെക്കുറിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. നിയന്ത്രണാതീതമായ ഒരു വലിയ യുദ്ധം പൊട്ടിപ്പുറപ്പെടുമോ എന്ന് ഗള്‍ഫ് നേതാക്കള്‍ ഭയപ്പെടുന്നു.

ഗള്‍ഫ് പങ്കാളികള്‍ കൂടുതല്‍ സഹകരിക്കുന്നുണ്ടെന്നും ആക്രമണത്തിന് തയ്യാറാണെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ഐലന്‍ഡ് ആക്രമിക്കാന്‍ യുഎസ് സൈന്യം യുഎഇ ഉപയോഗിച്ചുവെന്ന് ഇറാന്‍ ആരോപിച്ചതിന് പിന്നാലെ, തങ്ങളുടെ രാജ്യം സംയമനം പാലിക്കുകയാണെന്ന് മുതിര്‍ന്ന യുഎഇ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍, സൗദി അറേബ്യയുടെ എണ്ണ കേന്ദ്രങ്ങള്‍ക്കോ ജലശുദ്ധീകരണ ശാലകള്‍ക്കോ നേരെ ആക്രമണം ഉണ്ടായാല്‍ സൗദിക്ക് തിരിച്ചടിക്കേണ്ടി വരുമെന്ന് സാഗര്‍ ചൂണ്ടിക്കാട്ടി.

തന്ത്രപരമായ പ്രതിസന്ധി

ഗള്‍ഫ് രാജ്യങ്ങള്‍ ഇപ്പോള്‍ ഒരു തന്ത്രപരമായ പ്രതിസന്ധി നേരിടുകയാണെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ ഫവാസ് ഗെര്‍ഗെസ് പറഞ്ഞു. ഇറാന്റെ ആക്രമണ ഭീഷണിയെ നേരിടുന്നതിനോടൊപ്പം തന്നെ യുഎസ്-ഇസ്രായേല്‍ യുദ്ധത്തിന്റെ ഭാഗമാകുന്നതിലെ വലിയ അപകടസാധ്യതയും അവര്‍ക്ക് പരിഗണിക്കേണ്ടതുണ്ട്. ഇപ്പോള്‍ ഇറാന്‍ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം നിയന്ത്രിക്കുകയാണ്, ഇത് ഒരു രാജ്യത്തിനും അംഗീകരിക്കാനാവില്ല.

‘ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് ഇറാന്‍ തെളിയിച്ചതോടെ ഗള്‍ഫ് വലിയൊരു ഭീഷണി നേരിടുകയാണ്. ഇത് പരിഹരിച്ചില്ലെങ്കില്‍ ഭീഷണി ദീര്‍ഘകാലം നിലനില്‍ക്കും’- പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ ബെര്‍ണാഡ് ഹെയ്ക്കല്‍ പറഞ്ഞു. ആഗോള സമ്പദ്വ്യവസ്ഥ ഗള്‍ഫ് എണ്ണയെയും വാതകത്തെയും ആശ്രയിക്കുന്നുണ്ടെങ്കിലും, അതിന്റെ ഭൂരിഭാഗവും ചൈന, ജപ്പാന്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലേക്കാണ് പോകുന്നത്. അതിനാല്‍ ഈ പാതയുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ അവരും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ഹെയ്ക്കല്‍ വാദിച്ചു. സോമാലിയന്‍ തീരത്തെ സമുദ്ര പാതകള്‍ സംരക്ഷിക്കാന്‍ ചൈന സഹായിച്ചിട്ടുണ്ടെന്നും ഇവിടെയും അവര്‍ ഇടപെട്ടേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

#BreakingNews, #MiddleEastCrisis, #IndiaIranNews, #GulfWar, #OilSecurity, #HormuzStrait, #DonaldTrump, #SaudiArabia, #UAE, #IranConflict, #GlobalEconomy, #MaritimeSecurity, #MalayalamNews, #InternationalRelations, #EnergyCrisis, #USIsraelWar, #LatestUpdates, #WorldPolitics, #DailyhuntMalayalam, #ShippingNews

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: