‘നെതന്യാഹു എവിടെയുണ്ടെങ്കിലും അവനെ പിൻതുടർന്ന് വേട്ടയാടി കൊല്ലും’!! ഭീഷണി പ്രസ്താവനയുമായി ഐആർജിസി… നെതന്യാഹുവിന് പിന്നാലെ മകനും സമൂഹമാധ്യമങ്ങളിൽ നിന്ന് അപ്രത്യക്ഷം, സോഷ്യൽമീഡിയയിൽ സജീവമായിരുന്ന യായർ നെതന്യാഹു അവസാനം പോസ്റ്റിട്ടത് മാർച്ച് 9 ന്

ടെഹ്റാൻ: മധ്യപൂർവേഷ്യയിൽ യുദ്ധം പതിനാറാം ദിവസത്തിലേക്ക് കടന്നപ്പോൾ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുനെ വേട്ടയാടി കൊന്നുതീർക്കുമെന്ന് ഇറാൻ്റെ വിപ്ലവ ഗാർഡ്സ് മുന്നറിയിപ്പ് നൽകി. IRGC പുറത്തിറക്കിയ പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകിയതായി AFP റിപ്പോർട്ട് ചെയ്യുന്നു. നെതന്യാഹു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൊതുവേദികളിൽ പ്രത്യക്ഷപ്പെടാത്തതിനെ തുടർന്ന് അദ്ദേഹത്തിൻ്റെ സുരക്ഷയും നിലയും സംബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായ ചർച്ചകൾ നടക്കുന്നതിനിടെയാണ് ഇറാന്റെ ഭീഷണി.
“കുട്ടികളെ കൊല്ലുന്ന ഈ കുറ്റവാളി ജീവനോടെ ഉണ്ടെങ്കിൽ, അവനെ പൂർണ ശക്തിയോടെ പിന്തുടർന്ന് കൊന്നുതീർക്കും”- എന്ന് ഇറാൻ്റെ റെവല്യൂഷണറി ഗാർഡ്സ് പ്രസ്താവനയിൽ പറഞ്ഞു. ഇതിനിടെ നെതന്യാഹുവിൻ്റെ മാർച്ച് 12-ന് പുറത്തുവന്ന ഒരു വീഡിയോയും വിവാദമായി. ആ വീഡിയോയിൽ അദ്ദേഹത്തിൻ്റെ കൈയിൽ ആറു വിരലുകൾ ഉള്ളതുപോലെ തോന്നുന്നതായി ചിലർ ചൂണ്ടിക്കാട്ടി. ഇതോടെ വീഡിയോ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് തിരുത്തിയതാണോ എന്ന സംശയവും ഉയർന്നിരുന്നു. എന്നാൽ നെതന്യാഹു സുരക്ഷിതമാണെന്ന് ഇസ്രയേൽ സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തി.
അമേരിക്കയും ഇസ്രയേലും ഇറാനെതിരെ ആരംഭിച്ച വ്യോമാക്രമണങ്ങൾക്ക് പിന്നാലെ നടത്തിയ ആദ്യ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നതിനിടയിലാണ് നെതന്യാഹുവിന് ആറ് കൈവിരലുകൾ കാണപ്പെട്ടത്. വീഡിയോയിൽ ഇറാനിലെ ഭരണകൂടത്തെ അകത്തുനിന്ന് തകർക്കാൻ അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ഇറാൻ്റെ പുതിയ സുപ്രീം ലീഡറായി കരുതപ്പെടുന്ന മൊജ്തബ ഖമനേനിക്കെതിരെ പരോക്ഷ ഭീഷണിയും ഉയർത്തി.
“നാം ചെയ്യുന്ന നടപടികളെ വിശദമായി പറയില്ല. ഭരണകൂടത്തെ താഴെയിറക്കാൻ അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുകയാണ്. എന്നാൽ ഇറാൻ ജനങ്ങൾ തന്നെ ഭരണകൂടത്തെ പുറത്താക്കുമെന്ന് ഉറപ്പായി പറയാൻ കഴിയില്ല. ഭരണകൂടങ്ങൾ അകത്തുനിന്നാണ് വീഴുന്നത്,” എന്നാണ് നെതന്യാഹു ഹെബ്രു ഭാഷയിൽ പറഞ്ഞത്.
ഇതിനിടയിൽ അമേരിക്കൻ രാഷ്ട്രീയ കമൻ്റേറ്റർ കാൻഡേസ് ഓവൻസ് ചിലർ എവിടെ ബിബി? എന്ന ചോദ്യവുമായി സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവച്ചു. നെതന്യാഹുവിനെ പൊതുവേ വിളിക്കുന്ന പേര് “ബിബി”. വൈറ്റ് ഹൗസിൽ ആശങ്കയുണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ഇതോടെ പ്രചരിച്ചു.
എന്നാൽ നെതന്യാഹു കൊല്ലപ്പെട്ടുവെന്ന വാർത്തകൾ അദ്ദേഹത്തിൻ്റെ ഓഫീസ് നിഷേധിച്ചു. “ഇത് വ്യാജവാർത്തയാണ്, പ്രധാനമന്ത്രി സുഖമായിരിക്കുന്നു,” എന്ന് അദ്ദേഹത്തിൻ്റെ ഓഫീസ് വ്യക്തമാക്കി. എന്നാൽ ഇതുവരെ അദ്ദേഹം നേരിട്ട് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. അതേസമയം നെതന്യാഹുവിൻ്റെ മകൻ യായർ നെതന്യാഹുവും സോഷ്യൽ മീഡിയയിൽ നിന്ന് അപ്രത്യക്ഷമായതും ചർച്ചയാകുന്നു. എക്സിൽ വളരെ സജീവമായിരുന്ന അദ്ദേഹം മാർച്ച് 9-നുശേഷം പുതിയ പോസ്റ്റുകൾ ഒന്നും പങ്കുവച്ചിട്ടില്ല.






