Breaking NewsKeralaLead NewsNEWSSocial Media

“ബഹു. കേരള മുഖ്യമന്ത്രിയോടും CPI യുടെ സിവിൽ സപ്ലൈസ് വകുപ്പിനോടും കേരളത്തിൽ റേഷൻ കിട്ടാത്ത ഒരേയൊരു ജനപ്രതിനിധിയായി എന്നെ പ്രഖ്യാപിക്കണം എന്ന് അപേക്ഷ”…. (ഒപ്പ്)- ശ്രീനാദേവി കുഞ്ഞമ്മ

പത്തനംതിട്ട: ബഹു. കേരള മുഖ്യമന്ത്രിയോടും CPI യുടെ സിവിൽ സപ്ലൈസ് വകുപ്പിനോടും കേരളത്തിൽ റേഷൻ കിട്ടാത്ത ഒരേയൊരു ജനപ്രതിനിധിയായി എന്നെ പ്രഖ്യാപിക്കണം എന്ന് അപേക്ഷ…. (ഒപ്പ്)… ഫേസ്ബുക്ക് പോസ്റ്റുമായി ശ്രീനാദേവി കുഞ്ഞമ്മ. കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗമായ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് ഉൾപ്പെട്ട റേഷൻ കാർഡ് റദ്ദാക്കിയ ഉത്തരവ് റദ്ദാക്കിയ പിന്നാലെയായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ പോസ്റ്റ്.

കാർഡിൽ പേരുചേർത്തത് തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തിയാണെന്ന കാർഡുടമയുടെ മക്കളുടെയും ഭർത്താവിന്റെയും പരാതിയിലായിരുന്നു ശ്രീനാദേവിക്കെതിരെ നടപടിയുണ്ടായത്. കാർഡുടമയുടെ ഭർതൃസഹോദരിയുടെ മകൾ എന്ന നിലയിലാണ് ശ്രീനാദേവിയുടെ പേരു ചേർത്തതെന്നും, എന്നാൽ കാർഡുടമയ്ക്ക് ഭർതൃസഹോദരിയോ മകളോ ഇല്ലെന്നും പരാതിയിൽ പറയുന്നു. ഇതോടെയാണ് അടൂർ താലൂക്ക് സപ്ലൈ ഓഫിസറാണ് കാർഡ് റദ്ദാക്കിയത്.

Signature-ad

അതേസമയം 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർഥിയായാണ് ശ്രീനാദേവി പള്ളിക്കൽ ഡിവിഷനിൽനിന്ന് മത്സരിച്ച് വിജയിച്ചത്. ഏറത്തു പഞ്ചായത്തിലെ യശോദയുടെ വീടിന്റെ പേരിലാണ് ആ സമയം റേഷൻ കാർഡ് എടുത്തത്. അതിനെതിരെ അന്ന് കോൺഗ്രസ് പരാതി നൽകിയെങ്കിലും തള്ളിപോയി. സിപിഐയുമായി ഇടഞ്ഞ ശ്രീനാദേവി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി പള്ളിക്കൽ ഡിവിഷനിൽനിന്ന് വിജയിച്ചു. തുടർന്ന്, സിപിഐ നേതാക്കൾ റേഷൻ കാർഡിനെതിരെ അന്നു കോൺ​ഗ്രസ് നൽകിയ സമാന പരാതിയുമായി രം​ഗത്തെത്തുകയായിരുന്നു. എന്നാൽ കലക്ടർ അന്വേഷിച്ചു പരാതി തള്ളി.

ഇതോടെ പ്രാദേശിക സിപിഐ നേതൃത്വം വീണ്ടും ഇടപെട്ടാണ് പുതിയ പരാതി നൽകിയതെന്നാണ് സൂചന. 2024ൽ യശോദ മരിച്ചു. യശോദയുടെ ഭർത്താവും മക്കളുമാണ് പരാതി നൽകിയത്. എസ്ഐആർ വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് ശ്രീനാദേവിയുടെ പേര് റേഷൻ കാർഡിലുള്ളതായി അറിയാൻ കഴിഞ്ഞതെന്നും അവർ ബന്ധുവല്ലെന്നും താലൂക്ക് സപ്ലൈ ഓഫിസർക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. വീട്ടിൽ ആരും താമസിക്കുന്നില്ലെന്ന് ഹിയറിങ് നടത്തിയപ്പോൾ മനസ്സിലായതോടെ കാർഡ് റദ്ദാക്കുകയായിരുന്നു. ആർഡിഒയുടെ റിപ്പോർട്ട് അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് കലക്ടർ മാധ്യമങ്ങളോട് പറഞ്ഞു. ബന്ധുക്കൾ തമ്മിൽ പ്രശ്നമുണ്ടെന്നും അതിന്റെ ഭാഗമായാണ് പരാതിയെന്നുമാണ് സൂചന.

അതേസമയം ശ്രീനാദേവി മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെ: ‘‘ കഴിഞ്ഞ തവണ സിപിഐക്കായി മത്സരിച്ചപ്പോൾ ഉള്ള മേൽവിലാസമാണ് ഇപ്പോഴുമുള്ളത്. റേഷൻ കാർഡും വോട്ടർ ഐഡിയും എല്ലാം ഇതേ വിലാസത്തിലായിരുന്നു. സിപിഐയിൽ ആയിരുന്നപ്പോൾ അവർക്ക് പ്രശ്നമുണ്ടായിരുന്നില്ല. 20 വർഷമായി സിപിഐ മത്സരിച്ചിരുന്ന സീറ്റ് പിടിച്ചെടുത്തപ്പോഴാണ് അവർക്ക് പ്രശ്നമുണ്ടായത്. സിപിഐയുടെ മുഖം വലിച്ചു കീറപ്പെട്ടു. ആട്ടിൻതോലിട്ട ചെന്നായയാണ് സിപിഐ.

പരാതിക്കാർ അടുത്ത ബന്ധുക്കളാണ്. ബന്ധമില്ലെന്ന് പറയുന്നത് കേസിനുവേണ്ടിയാണ്. എന്റെ പേര് ഒഴിവാക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫിസർക്ക് സർക്കാർ നിർദേശം നൽകിയിരുന്നു. അതിനാലാണ് കാർഡ് മൊത്തത്തിൽ റദ്ദാക്കിയത്. ഇതിനു പിന്നിൽ രാഷ്ട്രീയമുണ്ട്. പരാതി വ്യാജമാണ്. ഞാനും ആ വീടിന്റെ ഉടമസ്ഥയാണ്’’.

അതേസമയം ശ്രീനാദേവിയെ അനുകൂലിച്ചും എതിർത്തും നിരവധി കമെന്റുകളാണ് പോസ്റ്റിനു താഴെ എത്തുന്നത്. നിലവിൽ ഇവർ കോൺഗ്രസുകാരി ആണെങ്കിലും ആരോപണം വ്യക്തിപരം ആണെങ്കിലും മറുപടി പറയേണ്ടത് ഇടതുപക്ഷമാണ്..കാരണം കഴിഞ്ഞ പ്രാവശ്യം ഇടതുപക്ഷത്തിനു വേണ്ടി മത്സരിച്ചപ്പോഴും ഇതേ രേഖകൾ തന്നെയായിരുന്നു… അതുകൊണ്ടുതന്നെ ” ഞങ്ങൾ ഇടുമ്പോൾ ട്രൗസർ നിങ്ങൾ ഇടുമ്പോൾ വള്ളിക്കളസം” നിലപാട് ആണോ എന്ന് പറയേണ്ടത് ldf ആണ്… എന്നാണ് ചിലർ പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: