ആലുവ : പ്രമുഖ വ്യാവസായ-ലോജിസ്റ്റിക്സ് സേവന ദാതാക്കളായ എൻ.ഡി.ആർ. വെയർഹൗസിംഗിന്റെ പുതിയ വെയർഹൗസിംഗ് ആൻഡ് ഇൻഡസ്ട്രിയൽ പാർക്ക് ആലുവ ചുണ്ണങ്ങംവേലിയിൽ പ്രവർത്തനമാരംഭിച്ചു. എൻ.ഡി.ആർ. ഗ്രൂപ്പിന് കീഴിലുള്ള എൻ.ഡി.ആർ. സ്‌പേസ് പ്രൈവറ്റ് ലിമിറ്റഡ് നടപ്പിലാക്കിയ പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിച്ചു.
ഏകദേശം 250 കോടി രൂപ നിക്ഷേപത്തിലാണ് ആധുനിക സൗകര്യങ്ങളോടു കൂടിയ ഈ ഇൻഡസ്ട്രിയൽ പാർക്ക് സജ്ജമാക്കിയിരിക്കുന്നത്. പദ്ധതി പൂർണ്ണതോതിൽ സജ്ജമാകുന്നതോടെ പ്രദേശത്തെ മുന്നൂറോളം പേർക്ക് നേരിട്ടും അല്ലാതെയും തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിന്റെ വ്യവസായ മേഖലയ്ക്കും പ്രാദേശിക സാമ്പത്തിക വളർച്ചയ്ക്കും ഈ സംരംഭം കരുത്തേകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.
ദക്ഷിണേന്ത്യയിലെ പ്രധാന ലോജിസ്റ്റിക്സ് ഹബ്ബുകളിൽ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് എൻ.ഡി.ആർ. ആലുവയിൽ പ്രവർത്തനം വിപുലീകരിച്ചത്. എഫ്.എം.സി.ജി. (FMCG), ഇ-കൊമേഴ്സ്, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ മേഖലകളിലെ കമ്പനികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള സംഭരണ-വിതരണ സൗകര്യങ്ങൾ ഇവിടെ ലഭ്യമാകും.
“കേരളത്തിലെ ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യ വികസനത്തിൽ ഈ പ്ലാന്റ് ഒരു സുപ്രധാന നാഴികക്കല്ലാണ്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സപ്ലൈ ചെയിൻ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാൻ ആലുവയിലെ ഈ സൗകര്യം സഹായിക്കും,” എന്ന് എൻ.ഡി.ആർ. വെയർഹൗസിംഗ് സി.ഇ.ഒ. രാജ് ശ്രീനിവാസൻ പറഞ്ഞു.
ചടങ്ങിൽ അൻവർ സാദത്ത് എം.എൽ.എ. മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് സാജു മത്തായി, 13-ാം വാർഡ് കൗൺസിലർ എൽസി ജോസഫ് എന്നിവർ ആശംസകൾ നേർന്നു. എൻ അമൃതേഷ് റെഡ്ഢി , മാനേജിങ് ഡയറക്ടർ , എൻ ഡിആർ സ്പേസ് നന്ദി പ്രകാശിപ്പിച്ചു . കെ.എസ്.ഐ.ഡി.സി. (KSIDC) പ്രതിനിധികൾ, ജില്ലാ ഭരണകൂട ഉദ്യോഗസ്ഥർ, പ്രാദേശിക ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.






