Breaking NewsLead NewsSports

ആർച്ചറേ അടിച്ചൊതുക്കി ചേട്ടൻ!! വാങ്കഡെയിൽ സഞ്ജു (89) ഷോ… ആർച്ചർ എറിഞ്ഞ നാലോവറിൽ ഇന്ത്യ അടിച്ചുകൂട്ടിയത് 61 റൺസ്… ഇം​ഗ്ലണ്ടിന് 254ന്റെ പടുകൂറ്റൻ വിജയലക്ഷ്യം, രണ്ടു വിക്കറ്റ് നഷ്ടം

മുംബൈ: 15 റൺസെത്തി നിൽക്കെ ഇം​ഗ്ലണ്ട് കൈവിട്ട ആ പന്ത് പിന്നീട് ഇം​ഗ്ലണ്ടിലെത്തുന്നത് 14-ാം ഓവറിൽ. അപ്പോഴേക്കും മലയാളി താരം സഞ്ജു അടിച്ചുകൂട്ടിയത് 89 റൺസ്… ഒരിക്കൽ കൂടി സഞ്ജു സാംസൺ ഇന്ത്യൻ ഇന്നിങ്‌സിന്റെ നെടുംതൂണായപ്പോൾ ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് പടുകൂറ്റൻ സ്‌കോർ. 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 253 റൺസെടുത്തു. സഞ്ജു സാംസൺ, ശിവം ദുബെ, ഇഷാൻ കിഷൻ, തിലക്, പാണ്ഡ്യ എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇന്ത്യയെ കൂറ്റൻ സ്‌കോറിലെത്തിച്ചത്.

തുടർച്ചയായ രണ്ടാം മത്സരത്തിലും അർധ സെഞ്ചുറി പിന്നിട്ട സഞ്ജുവിന്റെ തകർപ്പൻ പ്രകടനമായിരുന്നു പുറത്തെടുത്തത്. 42 പന്തുകൾ നേരിട്ട സഞ്ജു ഏഴ് സിക്‌സും എട്ട് ഫോറുമടക്കം 89 റൺസെടുത്താണ് മടങ്ങിയത്. സഞ്ജു പുറത്താകുമ്പോഴേക്കും ഇന്ത്യൻ സ്‌കോർ 160-ൽ എത്തിയിരുന്നു.

Signature-ad

പിന്നീട് തകർത്തടിച്ച ശിവം ദുബെ, 25 പന്തിൽ നിന്ന് നാല് സിക്‌സും ഒരു ഫോറുമടക്കം 43 റൺസെടുത്ത് ശേഷം റണ്ണൗട്ടാകുകയായിരുന്നു. ആദ്യ ഓവറിൽ തന്നെ ജോഫ്ര ആർച്ചറെ ഫോറും സിക്‌സുമടിച്ചാണ് സഞ്ജു വരവേറ്റത്ത്. എന്നാൽ രണ്ടാം ഓവറിൽ അഭിഷേക് ശർമയുടെ (9) വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. ഇതിനിടെ സഞ്ജുവിന്റെ സ്കോർ 15 നിൽകവെ ക്യാച്ച് ഇം​ഗ്ലണ്ട് ക്യാപ്റ്റൻ ബ്രൂക്ക് കളഞ്ഞുകുളിച്ചതോടെ സഞ്ജു കൂടുതൽ അപകടകാരിയായി. പലപ്പോഴും സഞ്ജുവിനെ വീഴ്ത്തിയ ആർച്ചറെ തുടരെത്തുടരെ അതിർത്തികടത്തിയതോടെ ആർച്ചറെ ഇം​ഗ്ലണ്ട് ക്യാപ്റ്റൻ തിരികെ വിളിക്കുകയായിരുന്നു. പിന്നീട് 19-ാം ഓവറിലാണ് ആർച്ചർ പന്ത് കയ്യിലെടുത്തത്. ഇം​ഗ്ലണ്ട് നിരയിൽ ടീം ഇന്ത്യയിൽ നിന്ന് ഏറ്റവും അടി ഏറ്റുവാങ്ങിയതും ആർച്ചർ തന്നെയാണ്. ആർച്ചറിന്റെ ഓവറുകളിൽ 61 റൺസാണ് ഇന്ത്യ അ‌ടിച്ചുകൂട്ടിയത്. ഇതിനിടെ ഒരു വിക്കറ്റും സ്വന്തമാക്കി. തൊട്ടുപിന്നിലുള്ളത് സാം കരണാണ്. 53 മൂന്ന് റൺസാണ് സാം വിട്ടു നൽകിയത്.

ടോസ് നേടിയ ഇം​ഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 9 റൺസെടുത്ത് അഭിഷേക് പുറത്തായതോടെ രണ്ടാം വിക്കറ്റിൽ സഞ്ജുവും ഇഷാൻ കിഷനും ചേർന്നു ബൗണ്ടറികളുടെ പൂരപ്പറമ്പ് തീർത്തു. പവർപ്ലേയിൽ ഇന്ത്യ 67 റൺസുമടിച്ചു. തുടർന്നു ഇരുവരും 45 പന്തിൽ നിന്ന് 97 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് പിരിഞ്ഞത്. 18 പന്തിൽ നിന്ന് രണ്ട് സിക്‌സും നാല് ഫോറുമടക്കം 39 റൺസെടുത്ത ഇഷാനെ പുറത്താക്കി ആദിൽ റഷീദാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

എന്നാൽ പിന്നീടെത്തിയ ശിവം ദുബെയെ കൂട്ടുപിടിച്ച് സഞ്ജു അടി തുടർന്നു. സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന സഞ്ജുവിനെ 14-ാം ഓവറിൽ വിൽ ജാക്ക്‌സ് വീഴ്ത്തി. ഒരു സിക്‌സറിനുള്ള ശ്രമം ഫിൽ സാൾട്ടിന്റെ കൈകളിൽ അവസാനിക്കുകയായിരുന്നു. ഇരുവരും ചേർന്ന് 22 പന്തിൽ നിന്ന് 43 റൺസ് സ്‌കോർ ബോർഡിൽ ചേർത്തു. പിന്നീടെത്തിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് 11 റൺസെടുക്കാനേ സാധിച്ചുള്ളൂ.

പിന്നീട് ഹർദിക്കും ദുബെയും ചേർന്ന് ഇന്ത്യൻ സ്കോർ മുന്നോട്ട് നീക്കിയെങ്കിലും 18-ാം ഓവറിൽ ഹാർദിക് പാണ്ഡ്യയുമായുള്ള ധാരണപ്പിശകിൽ ദുബെ റണ്ണൗട്ടാകുകയും ചെയ്തു. പിന്നാലെ ഏഴു പന്തിൽ 21 റൺസടിച്ച തിലക് വർമയും 12 പന്തിൽ 27 റൺസെടുത്ത ഹാർദിക് പാണ്ഡ്യയും ചേർന്ന് സ്‌കോർ 250 കടത്തി.

ഇന്ത്യ പ്ലേയിങ് ഇലവൻ– അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര.

ഇംഗ്ലണ്ട് പ്ലേയിങ് ഇലവൻ– ഫിൽ സോൾട്ട്, ജോസ് ബട്‍ലർ (വിക്കറ്റ് കീപ്പർ), ഹാരി ബ്രൂക്ക് (ക്യാപ്റ്റൻ), ജേക്കബ് ബെതൽ, ടോം ബാന്റൻ,സാം കറൻ, വിൽ ജാക്സ്, റെഹാൻ അഹമ്മദ്, ലിയാം ഡോസൻ, ജോഫ്ര ആർച്ചർ, ആദിൽ റാഷിദ്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: